
പലതരം കള്ളന്മാരെ നമ്മൾ കണ്ടിട്ടുണ്ടാവും. എന്നാൽ, ഇങ്ങനെ ഒരു കള്ളനോ എന്ന് അന്തംവിട്ടു പോകും. വെയിൽസിലെ മോൺമൗത്ത്ഷെയറിലാണ് ഈ വിചിത്രമായ സംഭവം നടന്നത്. ഡാമിയൻ വോജ്നിലോവിക്സ് എന്ന 36 -കാരൻ മോഷ്ടിക്കാനായി ഒരു സ്ത്രീയുടെ വീട്ടിൽ അതിക്രമിച്ച് കയറി.
വീട്ടിൽ നിന്നും മോഷണം നടത്തിയെങ്കിലും അതിന് മുമ്പായി അവിടം വൃത്തിയാക്കുകയും ഭക്ഷണം പാകം ചെയ്യുകയും അലക്കിവച്ചിരുന്ന തുണികൾ വിരിച്ചിടുകയും ഒക്കെ ചെയ്തുവത്രെ. എന്തായാലും, ജൂലൈ മാസത്തിലാണ് ഈ മോഷണം നടന്നത്. പിന്നീട്, കുറ്റസമ്മതം നടത്തിയതിന് പിന്നാലെ രണ്ട് മോഷണക്കേസുകളിലായി 22 മാസത്തേക്ക് ഇയാളെ തടവിന് ശിക്ഷിച്ചിരിക്കുകയാണ്.
ബിബിസി റിപ്പോർട്ട് അനുസരിച്ച്, വീട്ടുടമയായ സ്ത്രീ മടങ്ങിയെത്തിയപ്പോൾ, വീട്ടിലാകപ്പാടെ ഒരു മാറ്റം കാണുകയായിരുന്നു. സാധനങ്ങൾ പലതും അങ്ങോട്ടും ഇങ്ങോട്ടും മാറ്റിവച്ചിരിക്കുന്നു. കവറിലുണ്ടായിരുന്ന സാധനങ്ങളെല്ലാം മാറ്റി ഫ്രിഡ്ജിൽ വച്ചിരിക്കുന്നു, തറയും തുടച്ചിരുന്നു, എന്തിന് പക്ഷികൾക്കുള്ള തീറ്റ നിറയ്ക്കുക വരെ ചെയ്തിരുന്നു.
‘ഒന്നുകൊണ്ടും ആകുലപ്പെടേണ്ട, സന്തോഷമായിരിക്കൂ’ എന്നൊരു നോട്ടും ഈ കള്ളൻ എഴുതിവച്ചിരുന്നുവത്രെ.
എന്തായാലും, ഇതെല്ലാം കണ്ടതോടെ യുവതി ഭയപ്പെട്ടു. തന്റെ സ്വന്തം വീട്ടിൽ കഴിയാൻ പിന്നീട് തനിക്ക് ഭയം തോന്നിയെന്നും ഒരാഴ്ചക്കാലം സുഹൃത്തുക്കളുടെ കൂടെയാണ് താമസിച്ചത് എന്നും യുവതി കോടതിയിൽ പറഞ്ഞു.
രണ്ടാമത്തെ മോഷണക്കേസിൽ ഡാമിയൻ വോജ്നിലോവിക്സ് ഒരാളുടെ വീട്ടിൽ കയറുകയും ഭക്ഷണവും മദ്യവും കഴിക്കുകയും ബാത്ത് ടബ്ബ് ഉപയോഗിച്ച് വൃത്തികേടാക്കിയിടുകയും ചെയ്തു എന്നാണ് പരാതി. വീട്ടുടമയുടെ മരുമകൻ ഇയാളെ കാണുകയും ഇറങ്ങിപ്പോവാൻ ആവശ്യപ്പെടുകയും ചെയ്തെങ്കിലും ഇയാൾ അതിന് തയ്യാറായില്ലത്രെ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]