![](https://newskerala.net/wp-content/uploads/2024/10/laddu.1.2931729.jpg)
ന്യൂഡൽഹി: തിരുപ്പതി ലഡു വിവാദത്തിൽ സ്വതന്ത്ര അന്വേഷണ സംഘം രൂപീകരിച്ച് സുപ്രീം കോടതി. സിബിഐയിൽ നിന്ന് ഒരു ഉദ്യോഗസ്ഥർ, ആന്ധ്രാപ്രദേശ് പൊലീസിലെ രണ്ട് ഉദ്യോഗസ്ഥർ ഭക്ഷ്യസുരക്ഷ അതോറിറ്റിയിലെ സീനിയർ ഉദ്യോഗസ്ഥൻ എന്നിവരടങ്ങിയതാണ് സുപ്രീം കോടതി രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘം. സിബിഐ ഡയറക്ടറുടെ മേൽനോട്ടത്തിലായിരിക്കും സംഘത്തിന്റെ പ്രവർത്തനമെന്നും സുപ്രീം കോടതി വ്യക്തമാക്കിയിട്ടുണ്ട്.
തിരുപ്പതി ലഡു നിർമിക്കാൻ മൃഗക്കൊഴുപ്പ് ഉപയോഗിച്ചെന്ന ആരോപണം അന്വേഷിക്കാൻ സംസ്ഥാന സർക്കാർ നേരത്തേ പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) രൂപീകരിച്ചിരുന്നു. എന്നാൽ, വിഷയത്തിൽ സുപ്രീം കോടതി ഇടപെടൽ വന്നതോടെ ഈ അന്വേഷണം നിർത്തിവച്ചിരുന്നു.
ജസ്റ്റിസുമാരായ ബി ആർ ഗവായ്, കെ വി വിശ്വനാഥൻ എന്നിവരുടെ ബെഞ്ചാണ് വിഷയം പരിഗണിച്ചത്. ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ഭക്തരുടെ വിശ്വാസപ്രശ്നമായതിനാൽ ഈ വിഷയത്തിൽ രാഷ്ട്രീയ നാടകം ആവശ്യമില്ലെന്ന് സുപ്രീം കോടതി ബെഞ്ച് പറഞ്ഞു.
ചന്ദ്രബാബു നായിഡുവിന്റെ പരാമർശമായിരുന്നു വലിയ വിവാദങ്ങൾക്ക് തുടക്കം കുറിച്ചത്. ‘ജഗൻ മോഹൻ റെഡ്ഡിയുടെ നേതൃത്വത്തിലെ വൈഎസ്ആർ കോൺഗ്രസിന്റെ ഭരണസമയത്ത് തിരുമല ലഡു പോലും ഗുണനിലവാരമില്ലാത്ത ചേരുവകൾ ഉപയോഗിച്ചാണ് നിർമിച്ചത്. നെയ്യ് ഉപയോഗിക്കുന്നതിന് പകരം അവർ മൃഗക്കൊഴുപ്പാണ് ഉപയോഗിച്ചത്. എന്നാലിപ്പോൾ ശുദ്ധമായ നെയ്യാണ് ഉപയോഗിക്കുന്നത്. ക്ഷേത്രത്തിൽ എല്ലാം അണുവിമുക്തമാക്കിയിട്ടുണ്ട്. ഇത് ലഡുവിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തിയിട്ടുണ്ട്’- എന്നായിരുന്നു ചന്ദ്രബാബു നായിഡുവിന്റെ പരാമർശം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]