
അമേഠി: സ്കൂൾ അധ്യാപകനും ഭാര്യയും രണ്ട് കുട്ടികളും ഉൾപ്പെടെ ഒരു കുടുംബത്തിലെ നാല് പേരെ അജ്ഞാതർ വെടിവെച്ച് കൊന്നു. ആയുധധാരികളായ അക്രമികൾ അധ്യാപകന്റെ വീട്ടിലേക്ക് അതിക്രമിച്ചു കയറി നാല് പേർക്കുമെതിരെ വെടിയുതിർക്കുകയായിരുന്നു. സംഭവത്തിന് പിന്നാലെ അക്രമികൾ സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെട്ടു. ഉത്തർപ്രദേശിലെ അമേഠിയിൽ വ്യാഴാഴ്ച വൈകുന്നേരത്തോടെയാണ് സംഭവം.
പ്രൈമറി സ്കൂളിലെ അധ്യാപകനായ സുനിൽ കുമാർ (35), ഭാര്യ പൂനം (33), ആറും ഒന്നും വയസ്സുള്ള രണ്ട് പെൺമക്കൾ എന്നിവരാണ് അതിദാരുണമായി കൊല്ലപ്പെട്ടത്. കവർച്ച നടത്തിയതിൻ്റെ സൂചനകളൊന്നും ലഭിച്ചിട്ടില്ലെന്നും കുറ്റകൃത്യത്തിന് പിന്നിലെ കാരണം വ്യക്തമല്ലെന്നും പോലീസ് അറിയിച്ചു. സുനിൽ കുമാർ ഉൾപ്പെട്ട നിയമ തർക്കം ഉൾപ്പെടെ എല്ലാ കോണുകളിലും അന്വേഷണം നടക്കുന്നുണ്ടെന്ന് പൊലീസ് സൂപ്രണ്ട് അനൂപ് കുമാർ സിംഗ് വ്യക്തമാക്കി.
ദമ്പതികളുടെ മൃതദേഹങ്ങൾ വീടിനകത്തെ ടാപ്പിന് സമീപമാണ് കണ്ടെത്തിയത്. രണ്ട് കുട്ടികളുടെയും മൃതദേഹം മറ്റൊരു മുറിക്കുള്ളിൽ നിന്നും കണ്ടെത്തി. സിംഗ്പൂർ ബ്ലോക്കിലെ പൻഹോണ കോമ്പോസിറ്റ് സ്കൂളിൽ ജോലി ചെയ്തിരുന്ന സുനിൽ കുമാർ സർക്കാർ സ്കൂൾ അധ്യാപകനായിരുന്നു. 2020ൽ അധ്യാപകനാകുന്നതിന് മുമ്പ് ഉത്തർപ്രദേശ് പൊലീസിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്. കുറ്റവാളികളെ ഒരു കാരണവശാലും വെറുതെ വിടില്ലെന്നും കർശന നടപടിയെടുക്കുമെന്നും മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]