
കുറിച്ചി: അധ്യാപികയുടെ ജന്മദിനം ആഘോഷമാക്കുന്ന വിദ്യാര്‍ത്ഥികളുടെ വീഡിയോ പങ്കുവെച്ച് മന്ത്രി വി ശിവൻകുട്ടി. കുറിച്ചി അദ്വൈത വിദ്യാശ്രമം ഹയർ സെക്കൻഡറി സ്കൂളിലെ സ്മിത ടീച്ചറുടെ ജന്മദിനം കുട്ടികൾ കേക്ക് മുറിച്ച് ആഘോഷിച്ചതിന്റെ വീഡിയോ ആണ് സാമൂഹ്യ മാധ്യമങ്ങളില്‍ വൈറല്‍ ആയിട്ടുള്ളത്. ഓരോ ക്ലാസും ഓരോ കുടുംബമാണെന്നും ഇവിടെ എല്ലാവരും ഒറ്റക്കെട്ടാണെന്നും മന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു. കുട്ടികളുടെ മനസില്‍ അധ്യാപകര്‍ക്കുള്ള സ്ഥാനം വളരെ വലുതാണ്.
അക്ഷര വെളിച്ചം പകര്‍ന്നു നല്‍കിയും സ്നേഹിച്ചും നേര്‍വഴി നടത്തുന്ന അധ്യാപകര്‍ക്ക് കുട്ടികളുടെ മനസില്‍ എന്നും ഇടമുണ്ട്. കഴിഞ്ഞ ദിവസവും സ്നേഹത്തിന്റെ മനസ് നിറയ്ക്കുന്ന ദൃശ്യം വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി പങ്കുവെച്ചിരുന്നു. മലപ്പുറത്ത് പെരിന്തല്‍മണ്ണയിലെ താഴേക്കോട് ജി എം എൽ പി എസിൽ നിന്നുള്ള കാഴ്ചയാണ് മന്ത്രി ഫേസ് ബുക്കില്‍ പങ്കുവെച്ചത്- “കുട്ടികൾ എത്ര നിഷ്കളങ്കമായാണ് സ്നേഹിക്കുന്നത്.
സ്ഥലംമാറിപ്പോയ ടീച്ചർ സ്കൂളിൽ വീണ്ടുമെത്തിയപ്പോൾ അവരവരുടെ ക്ലാസുകളിലേയ്ക്ക് ടീച്ചറെ കൊണ്ടുപോകാൻ നിർബന്ധിക്കുന്ന കുട്ടികൾ” എന്ന കുറിപ്പോടെയാണ് മന്ത്രി ദൃശ്യം പങ്കുവെച്ചത്. എന്‍ പി നിസ എന്ന അധ്യാപികയെയാണ് കുട്ടികള്‍ സ്നേഹം കൊണ്ട് വീര്‍പ്പുമുട്ടിച്ചത്.
സംഭവത്തെ കുറിച്ച് നിസ ടീച്ചര്‍ പറഞ്ഞതിങ്ങനെ- “കുട്ടികളെ പോലെ നിഷ്കളങ്കരും സ്നേഹമുള്ളവരും വേറെ ആരുണ്ട്! കഴിഞ്ഞാഴ്ച ട്രാന്‍സ്ഫര്‍ ആയിപ്പോന്ന പഴേ സ്കൂളിലേക്ക് ഇന്ന് ലാസ്റ്റ് പേ സര്‍ട്ടിഫിക്കറ്റ് വാങ്ങാൻ പോയി. കുട്ടികൾ കരുതി ഞാൻ തിരിച്ചു വന്നു എന്ന്. കഴിഞ്ഞ വർഷത്തെ കുട്ടികൾ അവരുടെ ക്ലാസിലേക്കും ഈ വർഷത്തെ കുട്ടികൾ അവരുടെ ക്ലാസിലേക്കും വരാൻ പറഞ്ഞു പിടിവലിയായി. തോൽപ്പിച്ചു കളയുന്ന ചില സ്നേഹങ്ങൾ”. ഈ രണ്ട് വീഡിയോകളും സോഷ്യല്‍ മീഡിയ ഏറ്റെടുത്ത് കഴിഞ്ഞു.
Last Updated Oct 4, 2023, 4:05 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]