
തിരുവനന്തപുരം: ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ തിരുവനന്തപുരം ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ അടക്കം എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ (2023 ഒക്ടോബർ 4) ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു. അങ്കണവാടികൾ, കേന്ദ്രീയ വിദ്യാലയങ്ങൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമാണ്. ജില്ലയിൽ ശക്തമായ മഴ തുടരുന്ന സാഹചര്യത്തിലും കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രവും കേരള സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയും ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിലുമാണ് അവധി.
പരീക്ഷകള്‍ മാറ്റി
കനത്ത മഴയെ തുടർന്ന് തിരുവനന്തപുരം ജില്ലയിൽ നാളെയും മറ്റന്നാളും നടത്താനിരുന്നു പിഎസ്സി കായിക്ഷമതാ പരീക്ഷ മാറ്റി. ജെയിൽ വകുപ് അസിസ്റ്റന്റ് പ്രിസണ്‍ ഓഫീസർ തസ്തികയിലേക്കുള്ള കായികക്ഷമതാ പരീക്ഷയാണ് മാറ്റിയത്. പേരൂർക്കട എസ്എപി ഗ്രൗണ്ടിലും മാർ ഇവാനിയോസ് കോളേജ് ഗ്രൗണ്ടിലുംം നടത്താനിരുന്ന പരീക്ഷയാണ് മാറ്റിവെച്ചത്. പുതുക്കിയ തിയതി പിന്നീട് അറിയിക്കും. കേരള സർവ്വകലാശാല നാളെ നടത്താനിരുന്ന പരീക്ഷകളും മാറ്റിയിട്ടുണ്ട്. പുതുക്കിയ തിയ്യതി പിന്നീട് അറിയിക്കും.
തിരുവനന്തപുരത്ത് ഓറഞ്ച് അലർട്ട്
തിരുവനന്തപുരം നഗരമേഖലയിലും മലയോര-തീര മേഖലയിലും മഴ ശക്തമാണ്. നെയ്യാറ്റിൻകര, വർക്കല, സിറ്റി എന്നിങ്ങനെ ഒട്ടുമിക്ക എ ഡബ്ല്യു എസ് സ്റ്റേഷനുകളിലും ശക്തമായ മഴ രേഖപ്പെടുത്തി. നഗരത്തിൽ പലയിടത്തും വെള്ളം കയറി. ഡാമുകളുടെ വൃഷ്ടിപ്രദേശങ്ങളിൽ മഴ ശക്തമാണ്. നെയ്യാറിലും കരമനയാറിലും ജലനിരപ്പ് ഉയരുന്നതായി കേന്ദ്രജലകമ്മീഷന്റെ മുന്നറിയിപ്പുണ്ട്. മലയോരമേഖലയായ നന്ദിയോട്ട് കനത്ത മഴയിൽ വീട് പൂര്‍ണ്ണമായും തകര്‍ന്നു. ആലുംകുഴി വാര്‍ഡിൽ വിപിൻ രാജിന്റെ വീടാണ് തകര്‍ന്നത്. വീട്ടിൽ ആരും ഉണ്ടാകാതിരുന്നതിനാൽ വലിയ അപകടമാണ് ഒഴിവായത്. ജഗതിപാലത്തിന് സമീപം കാൽവഴുതി വെള്ളത്തിലേക്ക് വീണ രണ്ട് കുട്ടികളെ രക്ഷപ്പെടുത്തി. നേമത്ത് റെയിൽവേ ട്രാക്കിൽ മണ്ണിടിഞ്ഞു. മണ്ണ് നീക്കാനുള്ള ശ്രമം തുടരുകയാണ്.
തുരയിൽ പൊന്നാംചുണ്ട് പാലത്തിൽ നിന്നും സ്കൂട്ടറിൽ പോകവേ ആറ്റിൽ വീണ കൊപ്പം സ്വദേശി സോമനെ മൂന്നാംദിനവും കണ്ടെത്താനായില്ല. പൊലീസും ഫയര്‍ഫോഴ്സും സ്കൂബാ ഡൈവിംഗ് സംഘവും തിരച്ചിൽ തുടരുന്നുണ്ട്. നദിയിൽ നല്ല അടിയൊഴുക്കുള്ളതിനാൽ തെരച്ചിൽ ദുഷ്കരമാണ്. രാത്രി വൈകിയും ജില്ലയിൽ മഴ തുടർന്നേക്കും. മലയോര, തീരമേഖലകളിൽ അതീവ ജാഗ്രത വേണം.
Last Updated Oct 3, 2023, 8:06 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]