
തിരുവനന്തപുരം: തലസ്ഥാന ജില്ലയിൽ പെരുമഴയാണെങ്കിൽ തിരുവനന്തപുരം കളക്ടറുടെ പേജിൽ കമന്റ് മഴയായിരുന്നു. കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിക്കണം എന്നതായിരുന്നു കമന്റിടുന്നവരുടെ ആവശ്യം. രക്ഷിതാക്കളും വിദ്യാർഥികളുമാണ് കളക്ടറുടെ പഴയ പോസ്റ്റുകളുടെ അടിയിൽ നാളെ അവധി വേണമെന്ന ആവശ്യം ഉന്നയിച്ചത്. മഴ രാത്രിയും തുടരുന്ന സാഹചര്യത്തിൽ നാളെ തിരുവനന്തപുരം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിക്കണമെന്നതാണ് ഇവർ ചൂണ്ടികാട്ടിയത്. ഇതിനെല്ലാം പിന്നാലെ രാത്രി ഏഴരയോടെ കളക്ടർ തിരുവനന്തപുരം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിക്കുകയും ചെയ്തു. കളക്ടർ അവധി പ്രഖ്യാപിച്ചതോടെ പലരും സന്തോഷം പ്രകടിപ്പിച്ചും കമന്റുകളുമായി നിറയുന്നുണ്ട്. സുവർണ ലിപിയിൽ എഴുതേണ്ട മഹത് വ്യക്തിത്വമാണെന്നാണ് ചിലരുടെ കമന്റ്.
കളക്ടറുടെ അവധി അറിയിപ്പ് ഇപ്രകാരം
തിരുവനന്തപുരം ജില്ലയിൽ പ്രൊഫഷണൽ കോളേജ്, കേന്ദ്രീയ വിദ്യാലയങ്ങൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ (ഒക്ടോബർ നാല് ) ജില്ലാ കളക്ടർ ജെറോമിക് ജോർജ് അവധി പ്രഖ്യാപിച്ചു. ജില്ലയിൽ ശക്തമായ മഴ തുടരുന്ന സാഹചര്യത്തിലും കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രവും കേരള സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയും ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിലുമാണ് അവധി.
അതിനിടെ തിരുവനന്തപുരത്ത് നാളെയും മറ്റന്നാളും നടത്താനിരുന്ന പി എസ് സി പരീക്ഷകളും മാറ്റിയിട്ടുണ്ട്. തിരുവനന്തപുരം ജില്ലയിൽ നാളെയും മറ്റന്നാളും നടക്കേണ്ട ജെയിൽ വകുപ്പ് അസിസ്റ്റന്റ് പ്രിസൻ ഓഫീസർ തസ്തികയിലേക്കുള്ള കായികക്ഷമതാ പരീക്ഷയും മാറ്റിയിട്ടുണ്ട്. പുതുക്കിയ തിയതി പിന്നീട് അറിയിക്കും.
അതേസമയം തിരുവനന്തപുരത്ത് ഇന്നലെ രാത്രി മുതൽ തുടങ്ങിയ കനത്തമഴ പലയിടങ്ങളിലും തുടരുകയാണ്. നഗര മേഖലയിലും മലയോര മേഖലയിലുമടക്കം ഇടവിട്ട് ശക്തമായ മഴ പെയ്യുന്നുണ്ട്. നഗരത്തിലടക്കം പലയിടത്തും വെള്ളംകയറി. നിലവിൽ തിരുവനന്തപുരത്ത് അതിശക്ത മഴ മുന്നറിയിപ്പായ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാൽ നാളെ തിരുവനന്തപുരത്ത് യെല്ലോ അലർട്ടോ ഓറഞ്ച് അലർട്ടോ ഇതുവരെയും കാലാവസ്ഥ വകുപ്പിൽ നിന്നും ഉണ്ടായിട്ടില്ല.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം
Last Updated Oct 3, 2023, 7:48 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]