
കൊച്ചി: കരുവന്നൂര്‍ സഹകരണ ബാങ്കില്‍ നിക്ഷേപകര്‍ക്ക് ഒരു രൂപ പോലും പണം നഷ്ടമാകില്ലെന്ന് സഹകരണ മന്ത്രി വി എൻ വാസവൻ. നിക്ഷേപകര്‍ക്ക് എത്രയും വേഗം പണം തിരികെ ലഭിക്കാനുള്ള നടപടി സ്വീകരിച്ചിട്ടുണ്ട്. അമ്പതിനായിരം വരെയുള്ള നിക്ഷേപം പൂര്‍ണമായും കൊടുക്കും. ഉത്തരവാദികളുടെ കൈയിൽ നിന്ന് പണം തിരിച്ച് പിടിക്കാനുള്ള നടപടിയുമായി മുന്നോട് നീങ്ങുകയാണെന്നും മന്ത്രി അറിയിച്ചു. ഇഡി അന്വേഷണം രാഷ്ട്രീയ പ്രേരിതമാണെന്നും മന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പ്രതികരിച്ചു.
കേരള ബാങ്കിലെ പഴയ നിക്ഷേപമായി കിട്ടാനുള്ള 12 കോടി രൂപ കരുവന്നൂര്‍ ബാങ്കിന് നല്‍കും. 25 ലക്ഷം രൂപ കണ്‍സ്യൂമര്‍ ഫെഡിലെ നിക്ഷേപം തിരികെ കിട്ടും. ഇരിങ്ങാലക്കുട ആശുപത്രിക്ക് കൊടുത്ത 10 ലക്ഷം തിരികെ ലഭിക്കും. സഹകരണ ക്ഷേമനിധി ബോര്‍ഡില്‍ നിന്ന് അഞ്ച് കോടി രൂപ കൂടി കരുവന്നൂര്‍ ബാങ്കിന് കൊടുക്കും. തൃശ്ശൂര്‍ ജില്ലയിലെ സഹകരണ ബാങ്കുകളില്‍ നിന്നായി 15 കോടിയുടെ നിക്ഷേപം കൂടി വാങ്ങി നല്‍കും. ഇതെല്ലാം ചേര്‍ത്ത് 41.75 കോടി രൂപ അടിയന്തരമായി കരുവന്നൂര്‍ ബാങ്കിന് കിട്ടും. ഇതിനൊപ്പം റിക്കവറി നടത്തി കിട്ടുന്ന ഒമ്പത് കോടി രൂപ കൂടി ചേര്‍ത്ത് ആകെ 50 കോടി രൂപ കരുവന്നൂര്‍ ബാങ്കിന് ലഭിക്കുമെന്ന് വി എൻ വാസവൻ പറഞ്ഞു. സഹകരണ മേഖലയിൽ ഏതെങ്കിലും സ്ഥലത്ത് ഒരു പ്രശ്നം ഉണ്ടായാൽ അത് എല്ലായിടത്തും ഉണ്ടെന്ന് തെറ്റിധരിപ്പിക്കരുതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
50,000 ല്‍ താഴെയുള്ള നിക്ഷേപം ഉടന്‍ തിരികെ നല്കാന് കഴിയുമെന്നും മന്ത്രി അറിയിച്ചു. ഒരു ലക്ഷം രൂപയ്ക്ക് മുകളില്‍ നിക്ഷേപമുള്ളവര്‍ക്ക് പകുതി പണം ഇപ്പോൾ കൊടുക്കാൻ സാധിക്കും. 31-9-2023 വരെ മെച്വര്‍ ആകുന്ന നിക്ഷേപങ്ങളില്‍ 50 ശതമാനം പലിശയും നിക്ഷേപത്തിന്റെ 10 ശതമാനം വിഹിതവും നല്‍കും. ഇതിനുപുറമേ ആശുപത്രി, വിവാഹം തുടങ്ങിയ അത്യാവശ്യ കാര്യങ്ങള്‍ക്ക് നിക്ഷേപകരെ സഹായിക്കാന്‍ കോടതി അനുമതിയോടെ പണം നല്കാന് ഇടപെടല്‍ നടത്തുമെന്നും മന്ത്രി അറിയിച്ചു.
:
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]