
മണ്ണാർക്കാട്: രണ്ട് പതിറ്റാണ്ടുപിന്നിട്ട കാത്തിരിപ്പിനുശേഷം മണ്ണാർക്കാട് നഗരസഭയിൽ അജൈവമാലിന്യ സംസ്കരണകേന്ദ്രം പദ്ധതി നടപ്പാക്കാൻ ഒരുക്കം. സ്ഥലം ലഭ്യമാകാത്തതായിരുന്നു ഇതുവരെയുള്ള പ്രശ്നം. എന്നാൽ കഴിഞ്ഞ ദിവസം നടന്ന കൗൺസിൽ യോഗത്തിൽ സ്ഥലം വാങ്ങാൻ തീരുമാനമായി.നഗരസഭയിലെ 18-ാം വാർഡിൽ മുക്കണ്ണത്തുള്ള പാതായ്ക്കരമലയിൽ ഇതിനായി സ്ഥലം കണ്ടെത്തി. നാലരയേക്കറാണ് നഗരസഭ വാങ്ങുന്നത്. ഇതിൽ അജൈവമാലിന്യ സംസ്കരണകേന്ദ്രത്തിനുപുറമേ പാർപ്പിടസമുച്ചയം, എ.ബി.സി. പദ്ധതി എന്നിവകൂടി ലക്ഷ്യമിടുന്നു.നഗരസഭയുടെ എല്ലാ വാർഷികപദ്ധതികളിലും മാലിന്യസംസ്കരണകേന്ദ്രത്തിനായി ഫണ്ട് നീക്കിവെക്കുക പതിവാണ്. എന്നാൽ അനുയോജ്യമായ സ്ഥലം ലഭ്യമാകാത്തതിനാൽ നടപ്പാകാറില്ല. ഹരിതകർമസേനയുടെ നേതൃത്വത്തിൽ വീടുകളിൽനിന്ന് മാലിന്യശേഖരണവും ശുചിത്വനഗരം സുന്ദരനഗരം പദ്ധതിയുടെ ഭാഗമായി നഗരവീഥികളിലെ മാലിന്യം നീക്കലും നടക്കുന്നുണ്ട്. പാതയോരങ്ങൾ പൂച്ചെട്ടികൾവെച്ച് സുന്ദരമാക്കിയിട്ടുമുണ്ട്. അജൈവ മാലിന്യസംസ്കരണ കേന്ദ്രത്തിന് സ്ഥലം വാങ്ങുന്നതുമായി ബന്ധപ്പെട്ട് വിവിധ കൗൺസിൽ യോഗങ്ങളിൽ ചർച്ചകൾ നടന്നിരുന്നു. അനുകൂലിച്ചും പ്രതികൂലിച്ചും പലരും രംഗത്തെത്തി. പരസ്യം നൽകിയതുപ്രകാരം രണ്ടുപേർ സ്ഥലം നൽകാൻ സന്നദ്ധത അറിയിക്കുകയായിരുന്നു.ഇതിൽ നഗരസഭയ്ക്ക് വാങ്ങാൻ കഴിയുന്ന വിലയിലാണ് പാതയ്ക്കരമലയിലെ സ്ഥലം കണ്ടെത്തിയത്. ചെയർമാനും കൗൺസിൽ അംഗങ്ങളുമെല്ലാം സ്ഥലം സന്ദർശിച്ചിരുന്നു. കേരള സോളിഡ് വേസ്റ്റ് മാനേജ്മെന്റ് അധികൃതരും സ്ഥലം സന്ദർശിച്ച് സാങ്കേതികാനുമതി നൽകി.
അജൈവമാലിന്യ സംസ്കരണത്തിന് മണ്ണാർക്കാട്ട് സ്ഥലം തിരയാൻ തുടങ്ങിയിട്ട് 25 വർഷമായി. ഭാവിതലമുറയ്ക്കും ഇനിവരുന്ന ഭരണസമിതിക്കും സ്ഥലം മുതൽക്കൂട്ടാകുമെന്ന ദീർഘവീക്ഷണത്തോടെയാണ് തീരുമാനം നടപ്പാക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]