
ദില്ലി : ന്യൂസ് ക്ലിക്കിനെതിരെ നടക്കുന്ന അന്വേഷണത്തിൻറെ പരിധിയിൽ സിപിഎം മുൻ ജനറൽ സെക്രട്ടറി പ്രകാശ് കാരാട്ടിനെ കൊണ്ടുവരാനും നീക്കം. ന്യൂസ് ക്ലിക്കിന് ഫണ്ട് നല്കിയെന്ന ആരോപണം നേരിടുന്ന വിദേശ വ്യവസായി നെവിൽ റോയി സിംഘത്തിനും കാരാട്ടിനും ഇടയിലെ ഇമെയിൽ സന്ദേശങ്ങൾ നേരത്തെ ചർച്ചയായിരുന്നു. വ്യക്തിപരമായ പരിചയത്തിൻറെ പേരിലുള്ള സന്ദേശങ്ങൾ മാത്രമെന്നാണ് കാരാട്ട് പാർട്ടിക്ക് നല്കിയ വിശദീകരണം. എന്നാലിത് അന്വേഷണ പരിധിയിലേക്ക് കൊണ്ടുവരാനാണ് ഇഡി നീക്കം.
ന്യൂസ് ക്ലിക്ക് പ്രതിനിധി താമസിച്ചു, സീതാറാം യെച്ചൂരിയുടെ സർക്കാർ വസതിയില് ദില്ലി പൊലീസ് റെയ്ഡ്
ചൈനീസ് അജണ്ട നടപ്പാക്കാൻ ന്യൂസ് ക്ലിക്കിന് പണം നല്കിയെന്ന ആരോപണം നേരിടുന്ന വ്യവസായി നെവിൽ റോയി സിംഘത്തിന് പ്രകാശ് കാരാട്ടുമായി ബന്ധമുണ്ടെന്ന് ബിജെപി എംപി നിഷികാന്ത് ദുബെ ആരോപിച്ചിരുന്നു. കേരളത്തിലെ സർക്കാരിനെ കുറിച്ചുൾപ്പടെ ഇമെയിലുകളിൽ പരാമർശിക്കുന്നുവെന്നായിരുന്നു ബിജെപി എംപിയുടെ ആരോപണം. ചൈനീസ് അജണ്ട നടപ്പാക്കാനുള്ള സഹായം സിംഘം കാരാട്ടിനോട് തേടിയെന്നും റിപ്പോർട്ടുകൾ വന്നു. സിപിഎം പോളിറ്റ് ബ്യൂറോ ഈ വിഷയം ചർച്ച ചെയ്തിരുന്നു. ചൈനീസ് അജണ്ട നടപ്പാക്കുന്നതിനെക്കുറിച്ചോ സാമ്പത്തിക ഇടപാടുകളെ കുറിച്ചോ സിംഘത്തോട് സംസാരിച്ചിട്ടില്ലെന്നാണ് കാരാട്ട് വിശദീകരിച്ചത്. പരിചയമുള്ള വ്യക്തി എന്ന നിലയിൽ പൊതു ആശയവിനിമയം മാത്രമെന്നും കാരാട്ട് പാർട്ടി നേതാക്കളോട് പറഞ്ഞുവെന്നാണ് സൂചന. ഇപ്പോഴത്തെ അന്വേഷണം കാരാട്ടിലേക്കും വ്യാപിപ്പിക്കാൻ നീക്കം നടന്നേക്കുമെന്ന സംശയം പാർട്ടിക്കുണ്ട്.
ഈ വിഷയത്തിൽ കാരാട്ടിനെതിരെ അന്വേഷണം തുടങ്ങിയതായി അറിവില്ലെന്ന് ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി എഷ്യാനെറ്റ് ന്യൂസിനോടു പറഞ്ഞു. കാരാട്ടിനെതിരെ കള്ളപ്രചാരണം എന്നാണ് പാർട്ടി നേതാക്കളുടെ വിശദീകരണം. പ്രകാശ് കാരാട്ടിൽ നിന്ന് അന്വേഷണ ഏജൻസികൾ ഇക്കാര്യത്തിൽ വിശദീകരണം തേടിയേക്കും. നിലവിൽ പ്രകാശ് കാരാട്ട് വിദേശത്താണ്. അന്വേഷണ ഏജൻസികളുടെ നീക്കം എന്തെന്ന് നിരീക്ഷിച്ച ശേഷം അടുത്ത നടപടി തീരുമാനിക്കുമെന്ന് സിപിഎം നേതൃത്വം വ്യക്തമാക്കി.
Last Updated Oct 3, 2023, 3:14 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]