

കോട്ടയം കാരാപ്പുഴ മാളികപീടിക ചെറുകരകാവ് ശിവ ക്ഷേത്രത്തിൽ മോഷണം: കാണിക്കവഞ്ചി കുത്തി പൊളിച്ച് പണം മോഷ്ടിച്ചു; കുപ്രസിദ്ധ മോഷ്ടാവിനെ കോട്ടയം വെസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തു
സ്വന്തം ലേഖകൻ
കോട്ടയം കാരാപ്പുഴ മാളികപീടിക ചെറുകരകാവ് ശിവ ക്ഷേത്രത്തിൽ നിന്നും കാണിക്കവഞ്ചി കുത്തി പൊളിച്ച് പണം മോഷ്ടിച്ച കേസിൽ കുപ്രസിദ്ധ മോഷ്ടാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ആർപ്പൂക്കര കുന്നുതൃക്ക ഭാഗത്ത് കൈലാസഭവൻ വീട്ടിൽ നിന്നും, കോട്ടയം ടൗൺ ഭാഗത്തെ കടത്തിണ്ണകളിലും, ചിങ്ങവനം റെയിൽവേ പ്ലാറ്റ്ഫോമുകളിലും മറ്റും താമസിച്ചുവരുന്ന ബാലൻ എന്നു വിളിക്കുന്ന പളനിസ്വാമി (58) എന്നയാളെയാണ് കോട്ടയം വെസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തത്.
ഇയാൾ കഴിഞ്ഞ ദിവസം പുലർച്ചെയോടു കൂടി ചെറുകര കാവ് ശിവക്ഷേത്രത്തിലെ ഓഫീസ് റൂമിന്റെ താഴ് തകർത്ത് അകത്തുകയറി ഓഫീസ് മുറിക്കുള്ളിൽ വച്ചിരുന്ന കാണിക്കവഞ്ചികൾ മോഷ്ടിക്കുകയും തുടർന്ന് അവ കുത്തി തുറന്ന് അതിൽ ഉണ്ടായിരുന്ന പണം മോഷ്ടിച്ച് കാണിക്ക വഞ്ചികൾ സമീപത്തെ പറമ്പിൽ ഉപേക്ഷിച്ച് കടന്നുകളയുകയായിരുന്നു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
| |
പരാതിയെ തുടർന്ന് കോട്ടയം വെസ്റ്റ് പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ജില്ലാ പോലീസ് മേധാവി കെ.കാർത്തിക്കിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം ശാസ്ത്രീയമായ പരിശോധനയിലൂടെ മോഷ്ടാവിനെ കണ്ടെത്തി ഇയാളെ പിടികൂടുകയുമായിരുന്നു. വിശദമായ ചോദ്യം ചെയ്യലിൽ തിരുനക്കര ഭാഗത്തുള്ള ചെറുവള്ളിക്കാവ് ഭഗവതി ക്ഷേത്രത്തിലെ കാണിക്ക വഞ്ചി കുത്തി തുറന്ന് അതിലെ പണവും, സമീപത്ത് പൂജാ സാധനങ്ങൾ വിൽക്കുന്ന കടയുടെ താഴും കുത്തിത്തുറന്ന് കടയിൽ കയറി അവിടെ സൂക്ഷിച്ചിരുന്ന പണവും ഇയാളാണ് മോഷ്ടിച്ചതെന്നും, നട്ടാശ്ശേരി ഇടത്തിൽ ഭഗവതി ക്ഷേത്രത്തിലെ കാണിക്ക വഞ്ചി കുത്തി പൊളിച്ച് പൈസ കവർന്നതും താന് തന്നെയാണെന്നും പളനിസ്വാമി പോലീസിനോട് പറഞ്ഞു.
ഇയാൾ വിവിധ സ്റ്റേഷനുകളിലായി ഒമ്പതോളം മോഷണ കേസുകളിലെ പ്രതിയാണ്. കോട്ടയം വെസ്റ്റ് സ്റ്റേഷൻ എസ്.എച്ച്. ഓ പ്രശാന്ത്കുമാർ കെ. ആർ, എസ്. ഐ മാരായ അജ്മൽ ഹുസൈൻ, ജയകുമാർ, സി.പി.ഓ മാരായ ഗോപകുമാർ, ദിലീപ് വർമ്മ, രാജീവ് കുമാർ, രാജേഷ് കെ.എം, സലമോൻ എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]