കൊല്ലം∙ ഓച്ചിറ വലിയകുളങ്ങരയിൽ
3 മരണം. രണ്ടുപേർക്ക് ഗുരുതര പരുക്ക്.
തേവലക്കര പടിഞ്ഞാറ്റിൻകര പൈപ്പ്മുക്ക് സ്വദേശി പ്രിന്‍സ് തോമസ് (44), മക്കളായ അൽക്ക (5), അതുൽ (14) എന്നിവരാണ് മരിച്ചത്. ഭാര്യ വിന്ദ്യ, മകൾ ഐശ്വര്യ എന്നിവർക്ക് പരുക്കേറ്റു. വിന്ദ്യയുടെ സാഹോദരന്റെ മകനെ യുകെയിലേക്ക് യാത്രയാക്കാനായി നെടുമ്പാശേരി വിമാനത്താവളത്തിൽ പോയി തിരിച്ചുവരുമ്പോഴായിരുന്നു അപകടം.
കെഎസ്ആർടിസി ഫാസ്റ്റ് പാസഞ്ചറും എസ്യുവിയും നേർക്കുനേർ കൂട്ടിയിടിക്കുകയായിരുന്നു.
എസ്യുവിയുടെ മുൻഭാഗം പൂര്‍ണമായി തകർന്നു. ഏറെ പണിപ്പെട്ടാണ് പരുക്കേറ്റവരെ എസ്യുവിയിൽനിന്ന് പുറത്തെടുത്തത്.
ചേർത്തലയിലേക്ക് പോകുകയായിരുന്നു ബസ്. കെഎസ്ആർടിസി ബസിന്റെ മുന്‍ഭാഗവും തകർന്നു.
രാവിലെ 6.30നാണ് അപകടമുണ്ടായത്. വലിയ ശബ്ദം കേട്ട് ഓടിക്കൂടിയ നാട്ടുകാരാണ് ആദ്യം രക്ഷാപ്രവർത്തനം നടത്തിയത്.
എസ്യുവിയിൽ പ്രിൻസും ഭാര്യയും മൂന്നു മക്കളുമാണ് ഉണ്ടായിരുന്നത്.
പ്രിൻസിനോടൊപ്പം മുൻ സീറ്റിലിരുന്ന ഭാര്യ വിന്ദ്യയ്ക്ക് നിസാര പരുക്കെയുള്ളു. പ്രിൻസ് കല്ലേലിഭാഗം കൈരളി ഫൈൻനാൻസ് ഉടമയാണ്.
വിന്ദ്യയുടെ സാഹോദരന്റെ മകനെ യുകെയിലേക്ക് യാത്രയാക്കാൻ പ്രിൻസും കുടുംബവും നെടുമ്പാശേരി വിമാനത്താവളത്തിൽ പോയിട്ട് തേവലക്കരയിലെ വീട്ടിലേക്കു വരികയായിരുന്നു. മരിച്ച അതുൽ ഒൻപതാം ക്ലാസ് വിദ്യാർഥിയും അൽക്ക യുകെജി വിദ്യാർഥിയുമാണ്.
പൊലീസും ആംബുലൻസും വരാൻ കാലതാമസമുണ്ടായതായി നാട്ടുകാർ പറഞ്ഞു.
ബസിലുണ്ടായിരുന്നവരിൽ ചിലർ റോഡിലേക്ക് തെറിച്ചു വീണെന്നും എസ്യുവിയിലെ യാത്രക്കാർ വാഹനത്തിനുള്ളിൽ കുടുങ്ങി കിടക്കുകയായിരുന്നെന്നും നാട്ടുകാർ മാധ്യമങ്ങളോട് പറഞ്ഞു.
അപകടത്തിൽ ബസിലെ 16 പേർക്ക് പരുക്കേറ്റു. 14 പേർ ഓച്ചിറയിലെ സ്വകാര്യ ആശുപത്രിയിലും രണ്ടു പേർ ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിലും ചികിത്സയിലാണ്.
കെഎസ്ആർടിസി ബസിലെ ഡ്രൈവർ എൻ.അനസ്, കണ്ടക്ടർ ചന്ദ്രലേഖ എന്നിവർ ഉൾപ്പെടെയുള്ളവർക്കാണ് പരുക്കേറ്റത്. ബസിൽ ജീവനക്കാർ ഉൾപ്പെടെ 26 പേർ ഉണ്ടായിരുന്നു.
…