19 മത്സരാർത്ഥികൾ, 20 വ്യക്തികൾ, 100 ദിവസങ്ങൾ. കൗണ്ട്ഡൌൺ വീണ്ടും തുടങ്ങിയിരിക്കുകയാണ്.
ബിഗ് ബോസ് മലയാളം സീസൺ 7 ന് തിരശീലയുയരുമ്പോൾ വീട്ടിലെത്തിയ 19 മത്സരാർത്ഥികളെയും കുറിച്ച് എന്താണ് പറയാനാവുക? എന്താണ് ഇവരെല്ലാം നൽകിയ ഫസ്റ്റ് ഇംപ്രഷൻ? വീട്ടിലേക്ക് കയറിയ ക്രമത്തിൽത്തന്നെ നോക്കാം. ആദ്യമായി വീട്ടിലേക്കെത്തിയത് കോമണർ മത്സരാർത്ഥിയായി തെരഞ്ഞെടുക്കപ്പെട്ട
അനീഷ് ആണ്. സ്ത്രീവിരുദ്ധൻ എന്ന ലേബലിൽ ആദ്യമാണ് ഒരാൾ ആദ്യ ദിവസംതന്നെ വീട്ടിലേക്ക് കയറുന്നത്.
അഞ്ചാം സീസൺ മുതലാണ് കോമണർ എന്ന കൺസപ്റ്റ് മലയാളം ബിഗ് ബോസിൽ കൊണ്ടുവരുന്നത്. ഗോപിക ഗോപു ആയിരുന്നു ആ സീസണിലെ കോമണർ.
ആറാം സീസണിൽ റെസ്മിൻ, നിഷാന എന്നിവർ കോമണർമാരായി എത്തിയെങ്കിലും ഇതിൽ നിഷാന ആദ്യ ആഴ്ചകളിൽത്തന്നെ പുറത്താവുകയായിരുന്നു. ഒരുപോലെ അഡ്വാന്റേജും ഡിസ്അഡ്വാന്റേജും ലഭിക്കാനിടയുള്ള എൻട്രി ആണ് കോമണറുടേത്.
ഗോപിക കുറേയൊക്കെ ഈ പൾസ് മനസിലാക്കി ഗെയിം കളിച്ച് തുടങ്ങിയ ആളുമായിരുന്നു. സാധാരണക്കാർക്കിടയിൽ നിന്നൊരാൾ എന്നൊരു പ്രതീതി പ്രേക്ഷകരിൽ സൃഷ്ടിക്കാൻ കഴിയുന്നത് ഗെയിമിലെ മുന്നോട്ടുപോക്കിൽ വളരെയേറെ ഗുണം ചെയ്യും.
ഈ കോമൺ മാൻ ഇമേജ് ഉണ്ടാക്കാനാവുന്നവർ ഷോയിൽ കൂടുതൽ ദിവസങ്ങൾ നിലനിൽക്കുന്നത് പതിവ് കാഴ്ചയാണ്. അതേ സമയം ഒട്ടുംതന്നെ ഫാൻ ഫോളോവിങ് ഇല്ലാതെ ഒന്നിൽനിന്ന് കളിച്ച് തുടങ്ങുകയും പ്രേക്ഷക മനസ്സിൽ സ്ഥാനം പിടിക്കുകയും ചെയ്യേണ്ടിവരും എന്നതാണ് കോമണർ നേരിടുന്ന പ്രധാന വെല്ലുവിളി.
നേരത്തേതന്നെ ഫാൻ ബേസുള്ള ആളുകൾക്കിടയിൽനിന്നുകൊണ്ട് സ്വയം കളം പിടിച്ചാൽ മാത്രമാണ് അതിനുകഴിയുക. അതുകൊണ്ടുതന്നെ ഇവർക്ക് ആദ്യ ദിവസങ്ങളിൽത്തന്നെ ലൗഡ് ആവേണ്ടിവരുകയും ചെയ്യും.
അനീഷിലേക്ക് വന്നാൽ, വീട്ടിലെത്തിയപ്പോൾ മുതൽ ഇതുതന്നെയാണ് അയാൾ പയറ്റുന്ന രീതി എന്ന് കാണാം. വന്നുകയറിയ സെലിബ്രിറ്റികൾക്കിടയിൽ താൻ മുങ്ങിപ്പോകാതിരിക്കാൻ വേണ്ടതെല്ലാം അനീഷ് ചെയ്യാൻ ശ്രമിക്കുന്നുണ്ട്.
വീട്ടിലേക്കെത്തിയ മറ്റുള്ള മത്സരാർത്ഥികളെ അവഗണിക്കുക, അവരെയൊന്നും തനിക്കറിയില്ലെന്ന് തെളിയിക്കാൻ ശ്രമിക്കുക, ഒരു കോമണർ എന്ന നിലയിൽ വീട്ടിലെത്തിയപ്പോൾത്തന്നെ വിജയിച്ചു എന്ന് പ്രഖ്യാപിക്കുക, ഒറ്റപ്പെടൽ സ്ട്രാറ്റജി പയറ്റാൻ ശ്രമിക്കുക.. അങ്ങനെ വേണ്ടതെല്ലാം ആദ്യ ദിനം തന്നെ ചെയ്യുകയാണ് അനീഷ്.
‘കുറച്ച് ഓവറായാലേ ആളുകൾ ശ്രദ്ധിക്കൂ’ എന്ന് പറയുന്നതിനെ ശരിവച്ചുകൊണ്ട് സോഷ്യൽ മീഡിയ ഏറ്റവും കൂടുതൽ ചർച്ച ചെയ്യുന്നതും ട്രോളുന്നതും എല്ലാം ഈ കോമണറെയാണ്. പക്ഷേ ആദ്യ ദിനം തന്നെ ഉണ്ടാക്കി എടുക്കുന്ന ഈ വെറുപ്പിക്കൽ ഇമേജ് ഗുണത്തേക്കാളേറെ ദോഷമുണ്ടാക്കിയ ചരിത്രമാണ് ബിഗ് ബോസിനുള്ളത്.
ആദ്യ ആഴ്ചയിൽ എവിക്ഷൻ ഉണ്ടായാൽ അത് ഏറ്റവും കൂടുതൽ ബാധിക്കാനിടയുള്ള മത്സരാർത്ഥിയും എവിക്ഷൻ ഉണ്ടായില്ലെങ്കിൽ അതിന്റെ മെച്ചം ഏറ്റവും കൂടുതൽ ലഭിക്കാനിടയുള്ള മത്സരാർത്ഥിയും അനീഷ് തന്നെ. ആദ്യ സീസണിലെ ക്യാപ്റ്റൻ കൂടിയായതോടെ അനീഷിന്റെ യുദ്ധം കമ്പനി കാണാനിരിക്കുന്നതേയുള്ളു എന്നാണ് സോഷ്യൽ മീഡിയ പറയുന്നത്.
ഏതായാലും രജിത് കുമാർ ആവനാണോ അതോ രതീഷ് കുമാർ ആവനാണോ അനീഷിന്റെ വിധിയെന്ന് കണ്ടറിയാം. ബിബി പ്രേക്ഷകർക്ക് ഏറ്റവും കൂടുതൽ പരിചയമുള്ള മുഖം എന്നതാണ് അനുമോൾക്ക് ബിഗ് ബോസിലുള്ള ഏറ്റവും വലിയ അഡ്വാന്റേജ്.
വിവിധ പ്രായത്തിലുള്ളവർ കാണുന്ന ഷോ ആണ് ബിഗ് ബോസ്. വീട്ടമ്മമാർക്ക് സീരിയലുകളിലൂടെയും ചെറുപ്പക്കാർക്കും കുട്ടികൾക്കുമെല്ലാം കോമഡി ഷോകളിലും സോഷ്യൽ മീഡിയയിലൂടെയും എല്ലാം അനുമോളെ പരിചയമുണ്ട്.
ഒട്ടും made-up അല്ലാത്ത അവരുടെ സംസാരരീതിയും ഒരുപക്ഷേ ആളുകൾക്ക് ഇഷ്ടമാവാൻ സാധ്യതയുണ്ട്. എപ്പോഴും വളരെ ഊർജസ്വലതയോടെ ഓടിച്ചാടി നടക്കുന്ന അനുമോൾ വീട്ടിലുള്ളവരുടെ ശത്രുത പിടിച്ചുപറ്റാനുള്ള സാധ്യത താരതമ്യേന കുറവാണെന്ന് തോന്നുന്നു.
പെട്ടന്ന് സങ്കടം വരികയും കരയുകയും ചെയ്യുന്ന ആളാണ് താൻ എന്നാണ് അനു പറഞ്ഞത്. ഇത് ബിഗ് ബോസ് വീട്ടിൽ എങ്ങനെയാവും സ്വീകരിക്കപ്പെടുക എന്നതൊരു ചോദ്യമാണ്.
പൊതുവേ പെട്ടന്ന് കരയുന്ന ആളുകളെ വീടിനകത്തും പുറത്തുമുള്ളവർ വേഗത്തിൽ ജഡ്ജ് ചെയ്യുന്നത് പതിവാണ്. കൂടാതെ വരും ദിവസങ്ങളിൽ വീട്ടിലുണ്ടാകാൻ പോകുന്ന സംഘർഷഭരിതമായ സാഹചര്യങ്ങളെ ഇമോഷണലായ അനുമോൾ എങ്ങനെ നേരിടുമെന്നും അറിയേണ്ടതുണ്ട്.
ഈ സീസണിലെ ‘ചാമിങ് യങ് മാൻ’ ആയാണ് ആര്യൻ കദൂരിയയുടെ വരവ്. ഒറ്റയടിക്ക് കഴിഞ്ഞ സീസണിലെ അർജുൻ ശ്യാം ഗോപനെയാണ് ആര്യൻ ഓർമ്മപ്പിച്ചത്.
ആറാം സീസണിലെ ആദ്യ ടാസ്കിൽ അർജുൻ ഒന്നാമതായതുപോലെ ആര്യനും വീട്ടിലേക്ക് കയറുന്നതിന് മുമ്പുനൽകിയ ടാസ്കിൽത്തന്നെ ഒന്നാമതെത്തി. ഫിസിക്കലി വളരെ ഫിറ്റായ ഒന്നിലേറെ മത്സരാർത്ഥികൾ ഉള്ളൊരു സീസൺ കൂടിയാണ് സീസൺ 7.
ആ കൂട്ടത്തിലും ആര്യൻ മുന്നിൽത്തന്നെയുണ്ടാകാൻ സാധ്യതയുണ്ട്. വളരെ സൗമ്യമായ പെരുമാറ്റവും കൂൾ ആയ ഇടപെടലുകളുമെല്ലാം ആര്യന് യുവാക്കൾക്കിടയിൽ പിന്തുണയുണ്ടാകാൻ സഹായിച്ചേക്കും.
കൂടാതെ കൂട്ടത്തിൽ ഒരു ലവ് ട്രാക്കിന് സാധ്യതയുള്ള മത്സരാർത്ഥി എന്ന് തോന്നിപ്പിക്കുന്ന ആളും ആര്യൻ തന്നെ. Mingle ആവാൻ താല്പര്യമുള്ള ഈ single man ആദ്യ ഇംപ്രഷൻ നൽകുന്നതിൽ ഏറെക്കുറെ വിജയിച്ചെന്നുതന്നെയാണ് കരുതാനാവുക.
വീടിന്റെ മൊത്തത്തിലുള്ള ഉത്തരവാദിത്തം ഏറ്റെടുക്കുന്ന, കൂട്ടത്തിൽ സീനിയറായ ഒരു വനിതാ മത്സരാർത്ഥി എല്ലാ സീസണിലും ഉണ്ടാകാറുണ്ട്. ഭാഗ്യലക്ഷ്മി, ലക്ഷ്മിപ്രിയ, മനീഷ, യമുന റാണി അങ്ങനെ പവർഫുൾ ആയവരും അല്ലാത്തവരുമായി ഒത്തിരിപേർ.
ആ ലിസ്റ്റിൽ പെടുമോ കലാഭവൻ സരിഗ എന്നാണ് പലരുടെയും ചോദ്യം. കൂട്ടത്തിൽ ഏറ്റവും എക്സ്പീരിയൻസ്ഡ് ആയ വനിതാ മത്സരാർത്ഥിയാണ് സരിഗ.
തങ്ങളുടെ സീനിയോരിറ്റി ഗെയിമിൽ പലതരത്തിലും ഉപയോഗിച്ചവരും ഉപയോഗിക്കാൻ ശ്രമിച്ചവരുമാണ് മുകളിൽപ്പറഞ്ഞ എല്ലാ വനിതാ മത്സരാർത്ഥികളും. പക്ഷേ അത്തരത്തിൽ ഒരു പവർ പ്ലേ നടത്താൻ താല്പര്യമുള്ള ആളായി സരിഗയെ ഇതുവരെയും തോന്നിയിട്ടില്ല.
കൂടെയുള്ളവരോട്, പ്രത്യേകിച്ച് വനിതാ മത്സരാർത്ഥികളോട് വളരെ നന്നായും തുല്യതയോടെയും ഇടപെടുന്ന സരിഗയെയാണ് ആദ്യ ദിവസം കണ്ടത്. വീട്ടിൽ ഏറ്റവും കൂടുതൽ പേരെ ഷോയ്ക്കുമുന്നേതന്നെ പരിചയമുള്ള ആളും സരിഗയാണ്.
ഈ പരിചയം ഒരു ഗ്രൂപ്പ് കളിക്ക് വഴിയൊരുക്കുമോ എന്നതും അറിയാനുണ്ട്. വീട്ടിലെ പാട്ടുകാരൻ, പക്ഷേ അത് മാത്രമാവില്ല അക്ബർ ഖാന്റെ ബിഗ് ബോസ് വീട്ടിലെ ഇമേജ് എന്നാണ് ഇതുവരെയുള്ള കാഴ്ചയിൽനിന്ന് ആളുകൾ വിലയിരുത്തുന്നത്.
യാഥാസ്ഥിതികമായ ചിന്തിക്കുകയും സംസാരിക്കുകയും ചെയ്യുന്ന അക്ബർ അറിഞ്ഞോ അറിയാതെയോ വീട്ടിലെ പെൺകുട്ടികളുടെ നോട്ടപ്പുള്ളിയാകുമോ എന്നും കണ്ടറിയണം. സ്ട്രോങ്ങ് ആയി നിലപാടുകൾ പറയുന്ന അക്ബർ അനീഷിനെ ഡീൽ ചെയ്തതെല്ലാം ഇതിനോടകം പ്രേക്ഷകരിൽ ഏറെ സ്വാധീനം ഉണ്ടാക്കിക്കഴിഞ്ഞു.
നല്ല ഹ്യൂമർ സെൻസുള്ള മത്സരാർത്ഥികൾ ഈ സീസണിൽ ഒന്നിലേറെയുണ്ട്. അക്ബർ ഖാനും അത്തരത്തിൽ ഒരാളാണെന്നാണ് തോന്നുന്നത്.
എവിടെയൊക്കെയോ ഒരു അഖിൽ മാരാർ വൈബ് തരുന്ന അക്ബർ അഖിലിനോളം പവർ ഫുൾ ആകുമോ എന്ന് ഇപ്പോൾ പറയാനാവില്ല. എങ്കിലും മ്യൂസിക് റിയാലിറ്റി ഷോകളിലൂടെ നേടിയ ഒരു ഫാൻ ബേസ് ആദ്യ ആഴ്ചകളിലെങ്കിലും അക്ബറിനെ തുണയ്ക്കാനാണ് സാധ്യത.
അപ്പനോട് വളരെ ക്ലോസ് ആയ, എനർജെറ്റിക് ആയ പെൺകുട്ടി. ആർജെ ബിൻസിയുടെ ഇൻട്രോയും സംസാരവുമെല്ലാം തന്നത് അങ്ങനെയൊരു വൈബാണ്.
ഈ എനർജി തന്നെയാകും ബിൻസിയുടെ പോസിറ്റീവും. പെട്ടന്ന് സൗഹൃദങ്ങൾ ഉണ്ടാക്കാനും ആളുകളുമായി അടുപ്പം സ്ഥാപിക്കാനും ബിൻസിക്ക് കഴിയുമെന്നാണ് ഇതുവരെയുള്ള പെരുമാറ്റത്തിലൂടെ മനസിലാകുന്നത് എങ്കിലും സംസാരത്തിൽ മുഴച്ചുനിൽക്കുന്ന കൃത്രിമത്വം ഒരൽപം annoying ആണ്.
റേഡിയോയിൽ ശ്രോതാക്കളോട് സംസാരിക്കുന്ന അതേ മോഡുലേഷനിലാണ് ബിൻസി വീട്ടിനകത്തുള്ളവരോടും സംസാരിക്കുന്നത്. ‘ഞാൻ ആർജെ ബിൻസി ‘എന്ന പരിചയപ്പെടുത്തലും എടുത്തുതന്നെ പറയണം.
പോകെപ്പോകെ കൂടുതൽ നാച്വറലായ ബിൻസിയെ കാണാനായാൽ ബിഗ് ബോസ് വീട്ടിലെ നല്ല മത്സരാർത്ഥികളിൽ ഒരാളായി അവർ മാറുമെന്നുതന്നെയാണ് കരുതാനാവുക. കൃത്യമായ പോയിന്റുകൾ സംസാരിക്കാനുള്ള കഴിവും വിശാലമായ കാഴ്ചപ്പാടും കുറേയൊക്കെ എല്ലാവരെയും കേൾക്കാനുള്ള മനസും.
ഇത്രയുമാണ് ഒനീൽ സാബു ഒന്നാം ദിവസം തന്നെക്കുറിച്ച് പ്രേക്ഷകരിൽ ഉണ്ടാക്കിയ ഇമേജ്. പുരോഗമനപരമായി സംസാരിക്കുന്ന ഒരുപാടുപേർ ഈ സീസണിലുണ്ട്.
വീട്ടിൽ ഉണ്ടാകാൻ സാധ്യതയുള്ള സദാചാര തർക്കങ്ങളിലും മറ്റും മോഡറേറ്ററാവാൻ സാധ്യതയുണ്ട് സാബു. ബിഗ് ബോസ് പോലെ ലിമിറ്റഡ് റേഷനുള്ള ഒരു സ്ഥലത്ത് തന്റെ കുക്കിങ് സ്കിൽ ഒക്കെ എത്രത്തോളം പുറത്തെടുക്കാനാവുമെന്ന് പറയാനാവില്ല.
എങ്കിലും ആളുകളിൽ ഒരിഷ്ടമൊക്കെ ഉണ്ടാക്കാൻ ഒനീൽ സാബുവിനും കഴിഞ്ഞെന്നുവേണം പറയാൻ. മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ടവരിൽ ഒരാളായാണ് ബിന്നി സെബാസ്റ്റ്യൻ എത്തുന്നത്.
എല്ലാ സീസണിലും ഉണ്ടാകാറുണ്ട് അത്തരത്തിൽ പോപ്പുലറായ ഒരു സീരിയലിലെ പോപ്പുലറായ ഒരു കണ്ടസ്റ്റന്റ്. ആര്യ, വീണ, മഞ്ജു പത്രോസ്, ധന്യ മേരി വർഗീസ്, റെനീഷ, ശരണ്യ, അപ്സര… അങ്ങനെ പലരും.
ഇവരെല്ലാം ബിഗ് ബോസ് വീട്ടിൽ ഒരു പരിധിയിലേറെ പിടിച്ചുനിന്നവരുമാണ്. സീരിയൽ ബാക്ക്ഗ്രൗണ്ടും ഒരു പരിധിവരെ അതിന് ഇവരെ സഹായിച്ചിട്ടുണ്ട്.
ബിന്നിയും ഈ കൂട്ടത്തിൽ ഉൾപ്പെടുന്ന ആളാവാനാണ് സാധ്യത. വീട്ടിൽ കയറും മുമ്പുള്ള ആദ്യ ടാസ്ക്കിൽ മുന്നിലെത്താനായത് ബിന്നിയെ സഹമത്സരാർത്ഥികളിൽ പലരും ഒരു എതിരാളിയായി കാണാൻ വഴി വച്ചേക്കും.
സ്മാർട്ടായി ഗെയിം കളിക്കുമോ അതോ കാര്യങ്ങളിൽ ഇടപെടാതെ പിന്നോട്ടുവലിയുമോ ബിന്നി സെബാസ്റ്റ്യൻ എന്ന് വരും ദിവസങ്ങളിൽ അറിയാം. ‘അടിപൊളിയാണല്ലോ’ എന്ന് ഇൻട്രോയിൽ തന്നെ തോന്നിപ്പിച്ച ആളാണ് അഭിലാഷ്.
പരിമിതികളെ കൂസാത്ത അഭിയുടെ പ്രകടനവും സ്മാർട്നെസും എല്ലാം ആരെയും ഇമ്പ്രെസ് ചെയ്യും. ബിഗ് ബോസ് വീട്ടിലേക്ക് താനെത്തിയത് ‘ഡിഫറന്റ്ലി ഏബിൾഡ്’ ആയ മനുഷ്യർക്കുള്ള പ്രചോദനമായാണ് എന്ന വാക്കുകളും അഭിലാഷിനോട് പ്രേക്ഷകർക്കൊരു കണക്ഷൻ ഉണ്ടാക്കിയിട്ടുണ്ട്.
സിമ്പതി നേടാൻ ഒട്ടും ശ്രമിക്കുന്നില്ല എന്നതാണ് അഭിലാഷിന്റെ പ്ലസ് പോയിന്റ്. എന്ന് മാത്രമല്ല, ഒപ്പമുള്ളവരേക്കാൾ ആക്റ്റീവ് ആണ് താനെന്നും അഭി വീടിനകത്തും പുറത്തുമുള്ളവർക്ക് വ്യക്തമാക്കി കൊടുത്തിട്ടുണ്ട്.
അഭിയെ എതിരാളിയാക്കുന്നത് അത്ര നന്നാവില്ലെന്ന് ആദ്യ ഘട്ടങ്ങളിലെങ്കിലും സഹമത്സരാർത്ഥികൾക്ക് തോന്നാൻ ഇടയുണ്ട്. ഇത് അഭിക്ക് ഗുണകരമായി ഭവിക്കാനും സാധ്യതയുണ്ട്.
ഏതായാലും ഈ സീസണിലെ സ്ട്രോങ്ങ് മത്സരാർഥികളിൽ ഒരാളായിരിക്കും അഭിലാഷ് എന്നാണ് ഒറ്റ ദിവസത്തെ ഒറ്റനോട്ടത്തിൽ മനസിലാകുന്നത്. ബിഗ് ബോസ് വീട്ടിലെ ഏറ്റവും പ്രായം കുറഞ്ഞ മത്സരാർത്ഥി.
പക്ഷേ ആ പ്രായക്കുറവ് തന്റെ ഗെയ്മിനെ ബാധിക്കില്ലെന്നാണ് റെന്ന ഫാത്തിമ തെളിയിക്കുന്നത്. ഗെയ്മിനെ ഏറെക്കുറെ നന്നായി മനസിലാക്കിയ റെന്ന വീട്ടിലെ മറ്റുള്ളവരുടെ ഗെയിമുകളും സ്ട്രാറ്റജികളും മനസിലാക്കി അതിനനുസരിച്ച് പെരുമാറുന്ന ഒരാൾ കൂടിയാണെന്ന് തോന്നുന്നു.
അനീഷും റെന്നയും തമ്മിലെ സംഭാഷണങ്ങളെല്ലാം ബിഗ് ബോസ് ഗ്രൂപ്പുകളിലും ചർച്ചയായിട്ടുണ്ട്. പ്രായത്തിൽ ചെറുതാണ് എന്നതുകൊണ്ട് വീട്ടിലുള്ളവരുടെ ഉപദേശങ്ങൾ കേൾക്കാൻ ഒരുപക്ഷേ ഏറ്റവും കൂടുതൽ സാധ്യതയുള്ള ആളാണ് റെന്ന.
ഇതിനെയെല്ലാം എങ്ങനെയാകും റെന്ന ഡീൽ ചെയ്യുക എന്നത് കൗതുകകരമാണ്. നല്ല ഹ്യൂമർ സെൻസുള്ള, അത്രതന്നെ പരിചയസമ്പത്തുള്ള വീട്ടിലെ സീനിയർ.
എന്നിട്ടും മുൻഷി രഞ്ജിത്ത് ഇതുവരെ ആ അധികാരം ആർക്കുമേലും എടുക്കുന്നത് ശ്രദ്ധയിൽ പെട്ടില്ല. അതുതന്നെയാണ് പുള്ളിയുടെ പ്രധാന പോസിറ്റീവും.
സാധാരണ ബിഗ് ബോസ് വീട്ടിലെ സീനിയർ മത്സരാർത്ഥികളുടെ പതിവാണ് സീനിയേഴ്സിനെ കൂട്ടി ഗ്രൂപ്പ് ഉണ്ടാക്കലും അതുവഴിയുള്ള അധികാരപ്രയോഗങ്ങളും. രഞ്ജിത്തിനെ അങ്ങനെ ഒരാളായി തോന്നിയില്ല.
അനാവശ്യ പ്രശ്നങ്ങൾ ഉണ്ടാക്കുന്നതും കണ്ടില്ല. ആവശ്യത്തിനുള്ള വിഷയങ്ങളിൽ ഇടപെടുമോ എന്നുള്ളതാണ് ഇപ്പോഴുള്ള ചോദ്യം.
ഫിസിക്കൽ ടാസ്ക്കുകളിൽ കാര്യക്ഷമമായി ഇടപെടാൻ കഴിയുമോ എന്നതും കണ്ടറിയാം. വലിയ നെഗറ്റീവ് ഇമേജുമായാണ് ശാരികയുടെ ബിഗ് ബോസിലേക്കുള്ള വരവ്.
പക്ഷേ അത്രയും നെഗറ്റിവിറ്റിയുള്ള ഒരാളായി ഏതായാലും ആദ്യ ദിവസം തോന്നുന്നില്ല എന്നതാണ് വാസ്തവം. ‘അടുത്തറിഞ്ഞാൽ എല്ലാവരും പാവങ്ങളാണ്’ എന്നുള്ള ജിസ് ജോയ് തിയറി പ്രകാരം നോക്കിയാൽ ഹേറ്റേഴ്സിനെ കുറയ്ക്കാനും ഇഷ്ടപ്പെടുന്നവരെ ഉണ്ടാക്കാനും ശാരികയ്ക്ക് കഴിഞ്ഞേക്കും.
ഒന്നാം ദിവസം പിന്നിടുമ്പോൾ ‘ആൾ കൊള്ളാമല്ലോ, വിചാരിച്ചതുപോലെയല്ലല്ലോ’ എന്നാണ് ശാരികയെക്കുറിച്ചുള്ള പൊതു അഭിപ്രായവും. സ്ട്രോങ്ങ് ആയി അഭിപ്രായം പറയാനുള്ള കഴിവും പറയുന്ന കാര്യങ്ങളിലെ ക്ലാരിറ്റിയും ശരികയുടെ പ്ലസ് പോയിന്റുകളാണ്.
ഷോയിലെ കരുത്തരായ ഫീമെയിൽ കണ്ടസ്റ്റന്റ്സിൽ ഒരാളായി ശാരിക മാറുമെന്നാണ് ആദ്യ ദിവസത്തിൽ പറയാനാവുക. വർഷങ്ങൾക്കുമുമ്പ് അവസാനിച്ച സീരിയലിലെ നായക കഥാപാത്രത്തിന്റെ പേരിൽ ഇപ്പോഴും അറിയപ്പെടുന്നത് ഒരു ചെറിയ കാര്യമല്ല.
ഷാനവാസിന്റെ പ്രധാന മുതൽക്കൂട്ടും ഈ രുദ്രൻ ഇമേജ് തന്നെ. ആദ്യ ദിവസത്തെ സോഷ്യൽ മീഡിയ പിന്തുണയിൽ മുന്നിട്ടുനിൽക്കുന്നവരിൽ ഒരാളും ഷാനവാസാണ്.
തന്റെ പിന്നാലെ കൂടി സ്റ്റാർ ബാഡ്ജ് പിടിച്ചെടുക്കാൻ ശ്രമിക്കുന്ന അനീഷിനെ നിഷ്പ്രഭനാക്കിക്കൊണ്ട് ഒനീലിന് ഷാനവാസ് ബാഡ്ജ് നൽകിയത് നല്ലൊരു മൂവ് ആയിരുന്നു. ഒന്നും മിണ്ടാതെ വാഴയായി നിൽക്കാനല്ല വന്നതെന്ന തന്റെ വാക്കുകൾ ഷാനവാസ് പ്രവർത്തികമാക്കിയാൽ ഏറെദൂരം മുന്നോട്ടുപോകാൻ സാധ്യതയുള്ള മത്സരാർത്ഥി കൂടിയാകും അദ്ദേഹം.
തന്റെ യുണീക് ആയ വസ്ത്രധാരണവും പെരുമാറ്റവും സംസാര ശൈലിയുമെല്ലാംകൊണ്ട് ആദ്യദിനംതന്നെ ശ്രദ്ധിക്കപ്പെടാനായ മത്സരാർത്ഥിയാണ് നെവിന് കാപ്രേഷ്യസ്. രസമുള്ള കൗണ്ടറുകളും ആവശ്യത്തിനുള്ള പോയിന്റുകളും എല്ലാംകൊണ്ട് കളം പിടിക്കാനുള്ള ശ്രമങ്ങൾ നെവിനും തുടങ്ങിയിട്ടുണ്ട്.
ഓർത്തോഡോക്സ് ആയ അഭിപ്രായങ്ങൾ ആര് പറഞ്ഞാലും അപ്പോൾത്തന്നെ അതിനെ കൗണ്ടർ ചെയ്യുന്ന നെവിനെ പ്രേക്ഷകർ എങ്ങനെയാകും സ്വീകരിക്കുക എന്ന് ഇപ്പോൾ പറയാനാവില്ല. സ്വതസിദ്ധമായ ശൈലികൊണ്ട് ഹേറ്റേഴ്സിനെപോലും ഫാൻസാക്കി മാറ്റിയ റിയാസിനെ ഓർമ്മിപ്പിക്കുന്നുണ്ട് ചിലപ്പോഴൊക്കെ നെവിൻ.
അതേ പാത തന്നെയാകുമോ നെവിനും പിന്തുടരുക… അറിയില്ല ആദില-നൂറ, ഈ സീസണിലെ കോംബോ കണ്ടസ്റ്റന്റ്സ്. വീട്ടിലുള്ളവർ ഒറ്റപ്പെടുത്തിയാൽപ്പോലും പരസ്പരം താങ്ങും തണലുമാകാൻ കഴിയും എന്നതാണ് ഇവരുടെ പ്രധാന അഡ്വാന്റേജ്.
പക്ഷേ ഇരുവരും വീട്ടിനുള്ളിൽ ഉള്ളവരുമായി നല്ലൊരു ബോണ്ട് സൃഷ്ടിക്കാൻ ശ്രമിക്കുന്നതായാണ് തോന്നിയത്. വ്യക്തിപരമായി ഒരൽപം അമ്പരപ്പിച്ച കാര്യം, സോഷ്യൽ മീഡിയയിലെ ഇടപെടലുകളിലൂടെ ആദിലയായിരിക്കും ഇവർക്കിടയിലെ സ്ട്രോങ്ങ് ആയ, ആക്റ്റീവ് ആയ വ്യക്തി എന്ന ധാരണയെ അട്ടിമറിച്ച് കൂട്ടത്തിൽ കൂടുതൽ സ്മാർട്ടായി നൂറ പെരുമാറുന്നു എന്നതാണ്.
നൂറയാണ് ആദില-നൂറ കോംബോയിൽ നിലവിൽ ഡോമിനന്റ് ആണെന്ന് തോന്നിപ്പിക്കുന്ന ആൾ. മുന്നോട്ടുപോകുമ്പോൾ അതെങ്ങനെയാകും എന്ന് ഇപ്പോഴെന്തായാലും പറയാനാവില്ല.
മലയാളികളുടെ സ്വീകരണ മുറിയിലേക്കെത്തുന്ന ലെസ്ബിയൻ കപ്പിൾ എന്ന നിലയിൽ എത്രത്തോളം സ്വീകാര്യത ഇരുവരും നേടുമെന്നതും പ്രവചനാതീതമാണ്. ഹിന്ദി ബിഗ് ബോസിൽനിന്നും നേടിയ എക്സ്പീരിയൻസുമായാണ് ഗിസേൽ തക്രാൾ മലയാളം ബിഗ് ബോസിലേക്കെത്തുന്നത്.
മലയാള ഭാഷയിലെ പരിമിതിയും മറ്റുള്ളവരിൽനിന്നും ഒരൽപം വ്യത്യസ്തമായ ജീവിതരീതിയും ഗിസേലിന് വെല്ലുവിളിയാകാൻ ഇടയുണ്ടെങ്കിലും ഈ മുൻ എക്സ്പീരിയൻസ് അവരെ പലയിടത്തും തുണച്ചേക്കാം. ടാസ്ക്കുകളിലേക്ക് എത്തുമ്പോൾ കൈമെയ് മറന്നുതന്നെയാണ് ഗിസേൽ പങ്കെടുക്കുന്നത്.
അപ്പോഴും പ്രേക്ഷകർ ഗിസേലിനെ എത്രത്തോളം ഏറ്റെടുക്കുമെന്നറിയേണ്ടതുണ്ട്. അഡ്വക്കേറ്റ് എന്ന ലേബലോടെയാണ് ശൈത്യ സന്തോഷ് ബിബി വീട്ടിലേക്ക് വന്നത്.
സ്ട്രോങ്ങ് ആയ പെൺകുട്ടി എന്ന് നേരത്തെ തന്നെ തെളിയിച്ച ശൈത്യ ബിബി വീട്ടിലും അതേ കരുത്ത് കാണിക്കുമോ എന്നാണ് ആരാധകർ ഉറ്റുനോക്കുന്നത്. ഇതുവരെ കാര്യമായ പങ്കാളിത്തം ശൈത്യയിൽനിന്നുണ്ടായില്ലെങ്കിൽപ്പോലും ചുവടുറപ്പിച്ചാൽ ശൈത്യ തീയാകുമോ എന്ന് നോക്കാം.
ഏറ്റവും കൂടുതൽ ഹേറ്റേഴ്സുമായി ബിഗ് ബോസ് വീട്ടിലെത്തിയ ആൾ, പ്രെഡിക്ഷന് ലിസ്റ്റിലെ ഒന്നാം നമ്പർ പേരുകാരി. സോഷ്യൽ മീഡിയയിൽ കത്തിനിന്ന അതേ സമയത്താണ് രേണു സുധിയുടെ ബിഗ് ബോസ് പ്രവേശനവും.
ഫാൻസിനേക്കാൾ കൂടുതൽ വിരോധികളാണ് രേണുവിനുള്ളത്. ബിഗ് ബോസ് ഷോയിൽ പക്ഷേ അതുമൊരു അഡ്വാന്റേജ് ആണ്.
എങ്കിലും കയറുന്നതിന് മുമ്പുണ്ടാക്കിയ ഓളം കയറിയശേഷം രേണുവിന് ഉണ്ടാക്കാനാകുന്നുണ്ടോ എന്നത് ഒരു ചോദ്യമാണ്. പ്രത്യേകിച്ച് ഭൂരിഭാഗം മത്സരാർത്ഥികളും വളരെ മികച്ചതെന്ന് തോന്നിപ്പിക്കുന്ന ഈ സീസണിൽ എത്രയും വേഗം ട്രാക്ക് പിടിക്കേണ്ടത് രേണുവിന്റെ ആവശ്യവുമാണ്.
വീടിനുള്ളിൽ ഉള്ളവർ ഏറ്റവും കൂടുതൽ ടാർഗെറ്റ് ചെയ്യാൻ സാധ്യതയുള്ള മത്സരാർത്ഥിയും രേണു ആണ്. അങ്ങനെയൊരു ഗ്രൂപ്പ് അറ്റാക്ക് ഉണ്ടായാൽ പിന്നീടെന്താവും രേണുവിന്റെ ബിഗ് ബോസിലെ ഭാവി എന്നത് പ്രവചനാതീതവും.
സ്റ്റൈലും മാസും കൊണ്ട് ഇൻട്രോയിൽത്തന്നെ ഒരോളമൊക്കെ ഉണ്ടാക്കാനായ മത്സരാർത്ഥിയാണ് അപ്പാനി ശരത്. വളരെ സ്ട്രൈറ്റ് ഫോർവേഡ് എന്ന് തോന്നിപ്പിക്കുന്ന ശരത് കാര്യങ്ങൾ വെട്ടിത്തുറന്ന് പറയുന്ന പ്രകൃതക്കാരനുമാണ്.
ഫിസിക്കൽ ടാസ്കുകളിലും നല്ല പ്രകടനം കാഴ്ച വയ്ക്കാൻ കഴിയുന്ന മത്സരാർത്ഥിയാണ് ഇയാൾ. ആദ്യ ദിനം ഇഷ്ടമായ മത്സരാർത്ഥികളുടെ പട്ടികയിൽ നിരവധി പ്രേക്ഷകർ പറയുന്ന പേരുകളിലും ശരത് ഉണ്ട്.
ഏതായാലും മത്സരാർത്ഥികളിൽ ഭൂരിഭാഗവും ക്വാളിറ്റിയുണ്ടെന്ന് തോന്നിപ്പിക്കുന്ന, പ്രോമിസിംഗ് ആയ ആളുകളാണ് എന്നും നേരത്തെയുണ്ടായിരുന്ന പല സീസണുകളെക്കാളും മികച്ച സീസണായി സീസൺ 7 മാറാനിടയുണ്ടെന്നുമാണ് പൊതുജനാഭിപ്രായം. ആദ്യ ദിവസത്തെ പ്രകടനങ്ങളും ഇടപെടലുകളുംകൊണ്ട് ഒന്നിലേറെ പേര് പ്രേക്ഷകരുടെ പ്രിയപ്പെട്ടവരാകാം ഇടയുണ്ടെന്ന സൂചനകളും തന്നുകഴിഞ്ഞു.
ഫസ്റ്റ് ഇംപ്രഷൻ ഈസ് ദി ബെസ്റ്റ് ഇംപ്രഷൻ എന്നാണെങ്കിലും, ഇത് ഷോ ബിഗ് ബോസ് ആണ്. ഇവിടെ എല്ലാവരും, എല്ലാ കാര്യങ്ങളും പ്രവചനാതീതവുമാണ്… അതുകൊണ്ട് നമുക്ക് കുറച്ചൂടൊന്നു വെയ്റ്റ് ചെയ്യാം..
അതല്ലേ അതിന്റെ ശരി …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]