
കൽപറ്റ: ദുരന്തബാധിത പ്രദേശങ്ങളിൽ നിന്നും കണ്ടെടുക്കുന്ന മൃതദേഹങ്ങൾ വിംസിലും മേപ്പാടി സിഎച്ച്സിയിലും എത്തിക്കാനായി വിശ്രമമില്ലാതെ ഓടുകയാണ് നിരവധി ആംബുലൻസ് ഡ്രൈവർമാർ. കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നാണ് ഇവരൊക്കെ മേപ്പാടിയിലെത്തിയിരിക്കുന്നത്. ഹൃദയം നുറുങ്ങുന്ന വേദനയോടെയാണ് ഓരോ ആംബുലൻസ് ഡ്രൈവർമാരും മൃതദേഹങ്ങൾ ആശുപത്രിയിൽ എത്തിക്കുന്നത്.
ചൂരൽമലയിലും മുണ്ടക്കൈയിലും മണ്ണിൽ പുതഞ്ഞുപോയ ജീവിതങ്ങൾ. തെരച്ചിലിൽ കണ്ടെത്തിയ മൃതദേഹങ്ങൾ മേപ്പാടി സിഎച്ചസിയിലേക്ക് എത്തിക്കാൻ നിരവധി ആംബുലൻസ് ഡ്രൈവർമാരാണ് സജ്ജരായിരിക്കുന്നത്. ”ഉമ്മയും ഉപ്പയും മരിച്ച ഒരു മോനെ രക്ഷപ്പെടുത്തി, രാത്രി ഏഴ് മണിക്ക്. ആദ്യട്രിപ്പ് അതായിരുന്നു. ആ മോനെ വിംസിലെത്തിച്ചു. പിറ്റേന്ന് രാവിലെ ഒരു തലമാത്രം കിട്ടി, ഇപ്പോൾ ഒരു കിഡ്നി മാത്രം ലഭിച്ചിട്ടുണ്ട്. അത് കൊണ്ടുപോകാൻ തയ്യാറാകുകയാണ്.” ദുരന്തഭൂമിയിലെ വാക്കുകൾ വിവരിക്കുമ്പോൾ അദ്ദേഹത്തിന്റെ ശബ്ദം ഇടറുന്നുണ്ട്. ചൊവ്വാഴ്ച മുതൽ ഇവർ ദുരന്തമുഖത്തുണ്ട്. ആരും പറഞ്ഞിട്ട് വന്നവരല്ല ഇവർ. ആരെയും കാത്തുനിൽക്കാൻ നേരവുമില്ല. അവസാനത്തെ മൃതദേഹവും കിട്ടുന്നത് വരെ ഇവിടെ സേവനം ചെയ്യാൻ സന്നദ്ധരാണ് ഇവര്.
ഓരോ ആംബുലൻസിലും ഉറ്റവരുണ്ടെന്ന് കരുതി കാത്തിരിക്കുന്ന നിരവധി മനുഷ്യരുണ്ട്. ”ഓരോ മനുഷ്യനും അവരുടെ ഉറ്റവരുടെ ബോഡിയും പ്രതീക്ഷിച്ചാണ് ഇരിക്കുന്നത്. അവരുടെ ഒടുവിലത്തെ വസ്ത്രവും കയ്യിൽ കരുതിയാണ് അവർ വാതിൽക്കൽ കാത്തുനിൽക്കുന്നത്. എന്റെയാളായിരിക്കും, എന്റെയാളായിരിക്കും എന്ന പ്രതീക്ഷയിലാണ് എല്ലാവരും വന്നുകൊണ്ടിരിക്കുന്നത്. അതൊക്കെ കാണുമ്പോൾ വല്ലാത്ത് വിഷമം വരും.” ചൂരൽമലയിൽ നിന്ന് മേപ്പാടി ഹെൽത്ത് സെന്ററിലേക്ക് 13 കിലോമീറ്ററാണ് ദൂരം. നെഞ്ചുപൊട്ടുന്ന കാഴ്ചകളുമായി ആ ദൂരം താണ്ടിയെത്തുന്നവർക്ക് ഒന്നേ പറയാനുള്ളൂ. ‘പറയാൻ പറ്റാത്തത്രേം മനുഷ്യരായിട്ടുണ്ട് ഇവിടെ നിന്നും’. ഹൃദയം നുറുങ്ങുന്ന ദൗത്യവുമായി അവർ സേവനം തുടരുകയാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]