
ആ ബി2 ബോംബർ വിമാനം ഇറങ്ങത് ഹവായിയിൽ; അടിയന്തര സാഹചര്യം എന്തെന്നതിൽ ദുരൂഹത
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ന്യൂഡൽഹി∙ ആണവകേന്ദ്രങ്ങൾ ലക്ഷ്യമിട്ട് യുഎസ് നടത്തിയ ആക്രമണത്തിന്റെ ശ്രദ്ധ തിരിക്കാനായി പറന്ന ബി2 ബോംബർ വിമാനങ്ങളിലൊന്ന് തന്നെ ഹവായി സംസ്ഥാനത്ത് ഇറങ്ങിയതായി വിവരം. ഇറാന്റെ ഫൊർദോ, നതാൻസ്, ഇസ്ഫഹാൻ ആണവ കേന്ദ്രങ്ങൾ തകർക്കാനുള്ള ബങ്കർ ബസ്റ്റർ ബോംബുകളുമായി മിസൗറിയിലെ വൈറ്റ്മാൻ വ്യോമ താവളത്തിൽനിന്ന് ജൂൺ 21ന് പറന്നുയർന്ന വിമാനങ്ങളിലൊരു സംഘം റഡാറുകളുടെ ശ്രദ്ധ വെട്ടിക്കാനായി പസിഫിക് മഹാസമുദ്രത്തിനു പടിഞ്ഞാറോട്ടു നീങ്ങിയിരുന്നു. ഏഴു ബി-2 വിമാനങ്ങൾ അടങ്ങിയ സംഘമാണ് ഇറാന്റെ ആണവകേന്ദ്രങ്ങൾ ലക്ഷ്യമിട്ടു നീങ്ങിയത്.
37 മണിക്കൂർ നീണ്ട ദൗത്യത്തിനുശേഷം ആക്രമണത്തിനുപോയ ബി2 ബോംബർ വിമാനങ്ങളുടെ സംഘം തിരിച്ച് വൈറ്റ്മാൻ വ്യോമതാവളത്തിൽ തിരിച്ചിറങ്ങിയിരുന്നു. എന്നാൽ പസിഫിക്കിന്റെ മുകളിലൂടെ പറന്ന വിമാനങ്ങളുടെ സംഘത്തെക്കുറിച്ച് അധികം വിവരങ്ങൾ പുറത്തുവന്നിരുന്നില്ല. ഇതിൽനിന്നുള്ള ഒരു വിമാനത്തിന്റെ കാര്യം മാത്രം സംശയത്തിലായിരുന്നു. ഹവായിയിലെ ഹോണോലുലുവിലുള്ള ഡാനിയേൽ കെ. ഇനൗയി രാജ്യാന്തര വിമാനത്താവളത്തിലാണ് ഈ വിമാനം ഇറങ്ങിയതെന്നു പുറത്തുവരുന്ന റിപ്പോർട്ടുകളിൽ പറയുന്നു. ഇതിനു സമീപമാണ് ഹിക്കാം വ്യോമതാവളം. വിമാനം ഇവിടെയുള്ളതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
അതേസമയം, വിമാനം എന്തെങ്കിലും പ്രശ്നങ്ങൾ ഉള്ളതുകൊണ്ടാണോ ഇവിടെ ഇറങ്ങിയതെന്നും മറ്റുമുള്ള കാര്യങ്ങളിൽ ഇതുവരെ വിശദീകരണം വരാത്തത് ദുരൂഹതയുണ്ടാക്കുന്നുണ്ട്. ഇവിടെയിറങ്ങാൻ എന്താണ് അടിയന്തര സാഹചര്യമുണ്ടായെന്നതിന്റെ വിവരങ്ങളും പുറത്തുവന്നിട്ടില്ല. മാത്രമല്ല, വിമാനം എത്രനാൾ ഡാനിയേൽ കെ. ഇനൗയി വിമാനത്താവളത്തിൽ കിടക്കുമെന്ന കാര്യത്തിലും വ്യക്തതയില്ല. നേരത്തേയും ഹവായിയിൽ ബി2 ബോംബർ വിമാനങ്ങൾ ഇറങ്ങിയിട്ടുണ്ട്. ഒരു അടിയന്തര സാഹചര്യം ഉണ്ടായപ്പോൾ 2023 ഏപ്രിലിൽ ബി2 വിമാനങ്ങളുടെ മുഴുവൻ ഫ്ലീറ്റും ഹിക്കാം വ്യോമതാവളത്തിൽ ഇറങ്ങിയിരുന്നു.