
കേസിന്റെ ഗതി മാറ്റിയത് ഏയ്ഞ്ചലിന്റെ ‘കഴുത്തിലെ പാട്’; മകളുടെ കൊല ആത്മഹത്യയാക്കാൻ ആറര മണിക്കൂർ കാത്തിരിപ്പ്
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ആലപ്പുഴ ∙ അമ്മയുടെ സഹായത്തോടെ പിതാവ് മകളെ കൊലപ്പെടുത്തിയ കേസിൽ മൂന്നു പേരുടെ അറസ്റ്റിലേക്ക് നയിച്ചത് പൊലീസിന്റെ പഴുതടച്ച അന്വേഷണം. എയ്ഞ്ചലിന്റേത് ആത്മഹത്യയാകും എന്നായിരുന്നു പൊലീസിന്റെ പ്രാഥമിക നിഗമനം. നാണക്കേട് ഭയന്നു കുടുംബം ഇതു മറച്ചു വയ്ക്കുന്നതാകാമെന്നാണ് പൊലീസ് ആദ്യം കരുതിയത്.
ചെട്ടികാട് ആശുപത്രിയിലെ ഡോക്ടറുടെ സംശയമാണ് കേസിന്റെ ഗതി മാറ്റിയത്. കഴുത്തിൽ കണ്ടെത്തിയ പാടാണ് നിർണായകമായത്. ഉടൻ വിവരം പൊലീസിൽ അറിയിച്ചു. തുടർന്നു പൊലീസ് നടത്തിയ വിശദമായ പരിശോധനയിലാണ് ആത്മഹത്യയല്ല, കൊലപാതമാണെന്ന് ഉറപ്പിച്ചത്. തുടർന്നാണ് ഫ്രാൻസിസിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തത്. ചോദ്യം ചെയ്യലിൽ മകളെ കഴുത്തു ഞെരിച്ചു കൊലപ്പെടുത്തിയതാണെന്നു ഇയാൾ സമ്മതിച്ചു.
എന്നാൽ ഫ്രാൻസിസിന്റെ ദേഹത്ത് പിടിവലി നടന്നതിന്റെ ഒരു ലക്ഷണവുമില്ലായിരുന്നു. ഇതോടെയാണ് മറ്റാരുടെയോ സഹായം ഫ്രാൻസിസിനു ലഭിച്ചിട്ടുണ്ടെന്നു പൊലീസിന് വ്യക്തമായത്. ഇങ്ങനെയാണ് അന്വേഷണം അമ്മ ജെസിയിലേക്കും സാധാരണ മരണമാണെന്നു മൊഴി നൽകിയ അമ്മാവൻ അലോഷ്യസിലേക്കും എത്തിയത്. ആദ്യ ചോദ്യം ചെയ്യലിൽ നിഷേധിച്ചെങ്കിലും പിന്നീട് ജെസി കുറ്റം സമ്മതിച്ചു.
ബുധനാഴ്ച ഫ്രാൻസിസ് കുറ്റസമ്മതം നടത്തിയതിനു പിന്നാലെ രാത്രിയോടെ മണ്ണഞ്ചേരി പൊലീസിലെത്തി വീട് പൂട്ടിയിരുന്നു. ഇന്നലെ രാവിലെയാണ് അമ്മ ജെസിയെയും, അമ്മാവൻ അലോഷ്യസിനെയും പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി ചോദ്യം ചെയ്ത ശേഷം അറസ്റ്റ് ചെയ്തത്.
എയ്ഞ്ചൽ ജാസ്മിന്റെ കൊലപാതകം മറച്ചുവയ്ക്കാനുള്ള ആസൂത്രണം നടത്തിയത് മാതൃസഹോദരൻ അലോഷ്യസാണ്. രാത്രി 11 മണിയോടെ എയ്ഞ്ചൽ കൊല്ലപ്പെട്ടെന്നു മനസിലാക്കിയ മാതാപിതാക്കൾ അലോഷ്യസിനെ വിളിച്ചുവരുത്തുകയായിരുന്നു. മരിച്ചനിലയിൽ കാണുകായിരുന്നുവെന്നു പറയാൻ മൂവരും കൂടി തീരുമാനിക്കുകയായിരുന്നു. 12 മണിയോടെ അലോഷ്യസ് മടങ്ങിപ്പോയി.
പിറ്റേന്നു രാവിലെ ആറരയോടെ മകൾ മരിച്ചെന്നു പറഞ്ഞു കുടുംബാംഗങ്ങൾ അലമുറയിട്ടു കരഞ്ഞു. ഇതുകേട്ടെത്തിയ അയൽക്കാർക്ക് സംശയം തോന്നിയില്ല. മരണവിവരം പൊലീസിൽ അറിയിക്കേണ്ടെന്നു വീട്ടിലെത്തിയ വാർഡ് അംഗത്തോട് അമ്മാവൻ അലോഷ്യസ് പറഞ്ഞതു സംശയത്തിനിടയാക്കി. എയ്ഞ്ചൽ ഹൃദയാഘാതത്തെത്തുടർന്നു മരിച്ചതാണെന്നാണ് ഇയാൾ എല്ലാവരെയും അറിയിച്ചത്. അസ്വാഭാവിക മരണത്തിനാണു പൊലീസ് ആദ്യം കേസ് എടുത്തത്. എന്നാൽ പോസ്റ്റ്മോർട്ടത്തിലെ സൂചനകളെത്തുടർന്നുള്ള വിശദമായ ചോദ്യം ചെയ്യലിൽ ഫ്രാൻസിസ് കുറ്റം സമ്മതിച്ചു.