
കളഞ്ഞുകിട്ടിയ സ്വർണം പൊലീസ് സ്റ്റേഷനിൽ ഏൽപിച്ചു, ഉടമയ്ക്കു കൈമാറി; മാതൃകയായി യുവാക്കൾ
ബാലുശ്ശേരി∙ സ്വർണത്തിന്റെ വില റോക്കറ്റുപോലെ കുതിച്ചുയരുന്ന കാലത്തും റോഡിൽനിന്ന് ലഭിച്ച സ്വർണാഭരണങ്ങൾ ഷുഹൈബിന്റെയും അസ്ബാന്റെയും കണ്ണു മഞ്ഞളിപ്പിച്ചില്ല. വീണുകിട്ടിയ സ്വർണം പൊലീസ് സ്റ്റേഷനിൽ ഏൽപിച്ച് ഉടമകൾക്ക് തിരിച്ചേൽപിച്ചു ഈ യുവാക്കൾ.
എകരൂൽ വള്ളിയോത്ത് തോരക്കാട്ടിൽ ഷുഹൈബിനും വള്ളിയോത്ത് കണ്ണോറക്കണ്ടി അസ്ബാനുമാണ് വഴിയിൽനിന്ന് നാലേമുക്കാൽ പവന്റെ സ്വർണാഭരണങ്ങൾ കളഞ്ഞുകിട്ടിയത്. ജൂൺ 30നാണ് സംഭവം.
പനായി – നന്മണ്ട
റോഡിലൂടെ കാർ ടെസ്റ്റ് ഡ്രൈവ് ചെയ്ത് വാഹനം പരിശോധിക്കാനായി പുറത്തിറങ്ങിയപ്പോഴാണ് ഇരുവർക്കും സ്വർണാഭരണങ്ങൾ ലഭിച്ചത്. കാറിന്റെ ഡോർ തുറന്ന് ഇറങ്ങുന്ന ഭാഗത്തായിരുന്നു സോക്സും ആഭരണങ്ങളും കണ്ടത്.
ഉടൻ തന്നെ ഷുഹൈബും അസ്ബാനും ആഭരണങ്ങൾ സ്റ്റേഷനിൽ ഏൽപിച്ചു. തുടർന്ന് പൊലീസ് മാധ്യമങ്ങളിലും സമൂഹമാധ്യമങ്ങളിലും അറിയിപ്പ് നൽകി.
അറിയിപ്പു കണ്ട കുടുംബം തെളിവുകൾ സഹിതം പൊലീസ് സ്റ്റേഷനിൽ ബന്ധപ്പെടുകയായിരുന്നു.
കണ്ണൂർ വിമാനത്താവളത്തിൽ നിന്നു കാറിൽ നാട്ടിലേക്കു പോകുകയായിരുന്ന കുടുംബത്തിലെ യുവതിയുടെ പാദസരങ്ങളാണ് നഷ്ടപ്പെട്ടത്. വീട്ടിലെത്തിയപ്പോഴാണ് ആഭരണങ്ങൾ നഷ്ടമായ വിവരം കുടുംബം അറിയുന്നത്.
വിമാനത്താവളത്തിൽ നഷ്ടപ്പെട്ടുപോയെന്നു കരുതി വിഷമിച്ചിരിക്കുമ്പോഴാണ് ബാലുശ്ശേരി പൊലീസിന്റെ അറിയിപ്പ് കണ്ടത്. തുടർന്ന് ഇവർ സ്റ്റേഷനിൽ എത്തി.
ഷുഹൈബിനെയും അസ്ബാനെയും പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി ഇൻസ്പെക്ടർ ടി.പി.ദിനേശിന്റെ സാന്നിധ്യത്തിൽ ഇരുവരും ആഭരണം യുവതിക്ക് കൈമാറി. തിരിച്ചുകിട്ടാത്തവിധം നഷ്ടമായെന്നു കരുതിയ സ്വർണാഭരണം തിരികെ ലഭിച്ചതിന്റെ സന്തോഷവും നന്ദിയും യുവാക്കളെയും പൊലീസിനെയും അറിയിച്ചാണ് യുവതിയും കുടുംബവും മടങ്ങിയത്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]