
22-ാം നിലയിലെ നീന്തൽക്കുളത്തിൽ വീണു; ഡെലിവറി ജീവനക്കാരന് ദാരുണാന്ത്യം
മുംബൈ∙ നഗരത്തിലെ ഹൗസിങ് സൊസൈറ്റിയിൽ ഭക്ഷണ ഡെലിവറിക്ക് എത്തിയ ഡെലിവറി ജീവനക്കാരൻ 22-ാം നിലയിലെ നീന്തൽക്കുളത്തിൽ മുങ്ങിമരിച്ചു. ഇമ്രാൻ അക്ബറാണ് (44) ഗ്രാന്റ് റോഡിലെ ദർശൻ വൊളാൻസോ ഹൗസിങ് സൊസൈറ്റിയിലെ നീന്തൽക്കുളത്തിൽ കാൽവഴുതി വീണ് മരിച്ചത്.
കെട്ടിടത്തിലെ താമസക്കാരനായ ഹർഷവർധൻ മിശ്ര ഭക്ഷണം ഓർഡർ ചെയ്ത് ഏറെനേരം കഴിഞ്ഞിട്ടും ഡെലിവറി ലഭിച്ചിരുന്നില്ല. തുടർന്ന്, ഡെലിവറി ആപ്പിലെ കസ്റ്റമർ കെയറിൽ വിളിച്ചു ചോദിച്ചപ്പോൾ ജീവനക്കാരൻ നേരത്തേ തന്നെ ഭക്ഷണവുമായി പുറപ്പെട്ടന്ന് അറിഞ്ഞു.
എന്നാൽ, അവർക്കും ജീവനക്കാരനെ ഫോണിൽ ബന്ധപ്പെടാൻ കഴിഞ്ഞിരുന്നില്ല. ഭക്ഷണം കാത്ത് ടെറസിൽ ഇരിക്കുകയായിരുന്ന മിശ്ര, അവിടെനിന്നു ഫ്ലാറ്റിലേക്കു മടങ്ങവെയാണ് ഒരാൾ നീന്തൽക്കുളത്തിൽ മുങ്ങിത്താഴുന്നതു കണ്ടത്.
ഉടൻ അയാളെ കരയ്ക്കുകയറ്റി പൊലീസിൽ അറിയിച്ചു. ആശുപ്രതിയിൽ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു. ഡെലിവറി ജീവനക്കാരൻ ലിഫ്റ്റിൽനിന്ന് ഇറങ്ങി നടക്കുന്നതിനിടെ കാൽ വഴുതി നീന്തൽക്കുളത്തിൽ വീഴുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ ലഭിച്ചെന്നു പൊലീസ് അറിയിച്ചു.
ഇവിടെ പതിവായി വാച്ച്മാൻ ഇരിക്കാറുള്ളതാണെന്നും ഒരാളുടെ ഡ്യൂട്ടി കഴിഞ്ഞ് അടുത്തയാൾ എത്തുന്ന ഇടവേളയിലാണ് അപകടമുണ്ടായതെന്നും ഹൗസിങ് സൊസൈറ്റി അധികൃതർ പറഞ്ഞു. പൊലീസ് അപകടമരണത്തിനു കേസെടുത്തിട്ടുണ്ട്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]