
‘കെഎസ്ആർടിസിക്ക് ട്രേഡ് യൂണിയനെ നിയന്ത്രിക്കാനാവില്ലേ; ബാനറും ഫ്ലക്സും ആദ്യം വയ്ക്കുന്നത് അധികാരത്തിലുള്ള പാർട്ടി’
കൊച്ചി ∙ കെഎസ്ആർടിസി ബസ് സ്റ്റാന്റുകളിൽ വ്യാപകമായി അനധികൃത ബോർഡുകളും ഫ്ലക്സുകളും സ്ഥാപിച്ചതിൽ രൂക്ഷവിമർശനവുമായി ഹൈക്കോടതി. സ്റ്റാന്റുകളിൽ യാത്രക്കാരേക്കാൾ കൂടുതൽ ബോർഡുകളാണെന്ന് ചൂണ്ടിക്കാട്ടിയ കോടതി ബസ് സ്റ്റാന്റുകളിലെ അന്തരീക്ഷം മലീമസമാണെന്നും അഭിപ്രായപ്പെട്ടു.
കോടതി ഉത്തരവിനെ സ്വാഗതം ചെയ്ത ഗതാഗത വകുപ്പു മന്ത്രി കെ.ബി.ഗണേഷ് കുമാറിനെ കോടതി അഭിനന്ദിച്ചു. ജനങ്ങൾക്ക് വേണ്ടിയുള്ള സേവനമെന്ന നിലയിൽ സർക്കാർ ഇക്കാര്യത്തിൽ അടിയന്തരമായി നടപടി സ്വീകരിച്ച് കോടതിയെ അറിയിക്കാനും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ നിർദേശിച്ചു.
അനധികൃത ഫ്ലക്സുകളും ബോർഡുകളും നിറഞ്ഞ് ഏറ്റവും കൂടുതൽ നിയമലംഘനം നടത്തുന്നത് സംസ്ഥാനത്തെ കെഎസ്ആർടിസി ഡിപ്പോകളിലാണെന്ന് അമിക്കസ് ക്യൂറി ഹരീഷ് വാസുദേവൻ തന്റെ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിരുന്നു.
വിവിധ രാഷ്ട്രീയ പാർട്ടികൾ, ട്രേഡ് യൂണിയനുകൾ, വ്യക്തികൾ എന്നു വേണ്ട എല്ലാ തരത്തിലുള്ള പോസ്റ്ററുകളും ഫ്ലക്സുകളും കൊണ്ട് നിറഞ്ഞിരിക്കുകയാണ് കെഎസ്ആർടിസി സ്റ്റാൻഡുകൾ.
എന്നാൽ ഇത് നീക്കം ചെയ്യാൻ കെഎസ്ആർടിസി ഒന്നും ചെയ്യുന്നില്ല എന്നും അമിക്കസ് ക്യൂറി കോടതിയെ അറിയിച്ചു. ഇതിനു പിന്നാലെയാണ് കോടതി രൂക്ഷവിമർശനം ഉന്നയിച്ചത്.
ചിലരുടെ നിക്ഷിപ്ത താൽപര്യങ്ങള് മാത്രമാണ് ഇവിടെ സംരക്ഷിക്കപ്പെടുന്നത്. ജനങ്ങള്‍ക്കായുള്ള ഏറ്റവും പ്രധാനപ്പെട്ട
പൊതുഗതാഗത സേവനമാണിത്. അതുകൊണ്ടാണ് കെഎസ്ആർടിസി അടച്ചുപൂട്ടാതെ സംരക്ഷിക്കാൻ കോടതി പോലും ഇടപെടുന്നത് എന്നും കോടതി പറഞ്ഞു.
ബോർഡുകളും തോരണങ്ങളും ഫ്ലക്സുകളുമൊക്കെ സ്ഥാപിച്ചിരിക്കുന്ന നടപടി നാണക്കേടു തന്നെയാണെന്ന് കെഎസ്ആർടിസിയും കോടതിയിൽ പറഞ്ഞു. ആരാണ് ഇത് ചെയ്യുന്നത് എന്ന ചോദ്യത്തിന് ട്രേഡ് യൂണിയനുകളാണെന്നും കെഎസ്ആർടിസി വ്യക്തമാക്കി.
കെഎസ്ആർടിസിക്ക് ഈ ട്രേഡ് യൂണിയനുകളെ നിയന്ത്രിക്കാൻ സാധിക്കില്ലേ എന്നും കോടതി ആരാഞ്ഞു. സംസ്ഥാനത്തെ തന്നെ ഏറ്റവും തിരക്കേറിയ ഡിപ്പോകളിലൊന്നായ എറണാകുളത്തിന്റെ കാര്യം ശോചനീയമാണെന്ന് അമിക്കസ് ക്യൂറി റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി.
അതിനു പുറമെയാണ് നിറഞ്ഞിരിക്കുന്ന ഫ്ലക്സുകളും ബാനറുകളും മറ്റും. നിലമ്പൂർ, നെയ്യാറ്റിൻകര, പുനലൂർ, കിളിമാനൂർ, ചാത്തന്നൂർ, കരുനാഗപ്പള്ളി ഡിപ്പോകളുടെ കാര്യത്തിലും സ്ഥിതി സമാനമാണെന്ന് ചിത്രങ്ങൾ സഹിതം സമർപ്പിച്ച റിപ്പോർട്ടില്‍ അമിക്കസ് ക്യൂറി പറയുന്നു. ബാനറുകളും ഫ്ലക്സുകളുമൊക്കെ വയ്ക്കുന്നത് ആദ്യം നിർത്തേണ്ടത് അധികാരത്തിലുള്ള പാർട്ടികളാണെന്നു പറഞ്ഞ കോടതി എന്നാൽ അവരാണ് ആദ്യം ഇത്തരം കാര്യങ്ങൾ ചെയ്യുന്നത് എന്നും പറഞ്ഞു.
അപ്പോൾ മറ്റുള്ളവരും അതു ചെയ്യും. ഇതിനെതിരെ പറഞ്ഞാൽ കോടതി അടക്കമുള്ളവരെ ഏതൊക്കെ തെറി വിളിക്കാമോ അതൊക്കെ വിളിക്കലാണ് ഇപ്പോഴത്തെ ട്രെൻഡ്.
ജനങ്ങൾക്ക് പുതിയ ശബ്ദം കിട്ടിയാൽ മാത്രമേ ഇതൊക്കെ മാറൂ എന്നും കോടതി അഭിപ്രായപ്പെട്ടു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]