
തൃശൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തില്‍ കിഴക്കേ നടയില്‍ സ്ഥാപിച്ച മുഖമണ്ഡപത്തിന്റെയും നടപ്പന്തലിന്റെയും സമര്‍പ്പണം ഏഴിന് രാവിലെ ഏഴിന് ബംഗാള്‍ ഗവര്‍ണര്‍ സി.വി. ആനന്ദബോസ് നിര്‍വഹിക്കും. പ്രവാസി വ്യവസായിയും വെല്‍ത്ത് ഐ ഗ്രൂപ്പ് ഓഫ് കമ്പനീസ് മേധാവിയുമായ അങ്ങാടിപ്പുറം സ്വദേശി വിഘ്നേശ് വിജയകുമാറാണ് വഴിപാടായി മൂന്നു കോടിയിലേറെ രൂപ ചെലവഴിച്ച് മുഖമണ്ഡപവും നടപ്പന്തലും നിര്‍മിച്ചത്. കേരളീയ വാസ്തുശൈലിയുടെ അലങ്കാര ഭംഗിയോടെയാണ് പുതിയ ക്ഷേത്രപ്രവേശന കവാടം നിര്‍മിച്ചിരിക്കുന്നത്.
മൂന്ന് താഴികക്കുടങ്ങളോടു കൂടിയാണ് മുഖമണ്ഡപം. ചെമ്പിലാണ് താഴികക്കുടങ്ങള്‍ വാര്‍ത്തിരിക്കുന്നത്. മാന്നാര്‍ പി.കെ. രാജപ്പന് ആചാരിയാണ് താഴികക്കുടം നിര്‍മിച്ചത്. ഗുരുവായൂര്‍ ക്ഷേത്രം തന്ത്രി ചേന്നാസ് ദിനേശന് നമ്പൂതിരിപ്പാട്, കാണിപ്പയ്യൂര്‍ കൃഷ്ണന് നമ്പൂതിരിപ്പാട് എന്നിവരുടെ നിര്‍ദേശ പ്രകാരമാണ് പ്രവര്‍ത്തനങ്ങള്‍ നടത്തിയതെന്ന് വിഘനേശ് വിജയകുമാര്‍, ശില്‍പ്പി എളവള്ളി നന്ദന്, പെരുവല്ലൂര്‍ മണികണ്ഠന് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. മഹീന്ദ്ര കമ്പനി ഗുരുവായൂര്‍ ക്ഷേത്രത്തിലേക്ക് സമര്‍പ്പിച്ച ‘ഥാര്‍’ എന്ന വാഹനം ലേലത്തില്‍ പിടിച്ചത് വിഘ്നേഷായിരുന്നു.
മുഖമണ്ഡപത്തിന് താഴെ തട്ടില്‍ ആഞ്ഞിലിമരത്തില്‍ അഷ്ടദിക്പാലകര്, നടുവില്‍ ബ്രഹ്മാവ്, വ്യാളി രൂപങ്ങള്‍ എന്നിവ മനോഹരമായി കൊത്തിയെടുത്തിട്ടുണ്ട്. രണ്ടാം നിലയുടെ മൂലയില്‍ ഗജമുഷ്ടിയോടെയുള്ള വ്യാളി രൂപങ്ങളുമുണ്ട്. മുഖമണ്ഡപത്തിന്റെ തൂണുകളില്‍ ചതൂര്‍ബാഹു രൂപത്തിലുള്ള ഗുരുവായൂരപ്പന്, വെണ്ണക്കണ്ണന്, ദ്വാരപാലകര്‍ എന്നിവരെയും കാണാം. കിഴക്കേ നടയില്‍ സത്രപ്പടി മുതല്‍ അപ്സര ജങ്ഷ്ന്‍ വരെയാണ് പുതിയ നടപ്പന്തല്‍. 20 തൂണുകളാണുള്ളത്. എളവള്ളി നന്ദന്, പെരുവല്ലൂര്‍ മണികണ്ഠന്, സൗപര്‍ണിക രാജേഷ്, പാന്താറ കണ്ണന് എന്നിവരുടെ നേതൃത്വത്തിലാണ് മുഖമണ്ഡപവും നടപ്പന്തലും നിര്‍മിച്ചത്.
Last Updated Jul 4, 2024, 1:05 AM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]