
ഷഹബാസ് കൊലപാതകം: പ്രതികൾക്ക് പ്ലസ്വൺ പ്രവേശനം നേടാൻ ഹൈക്കോടതിയുടെ അനുമതി
കോഴിക്കോട്/കൊച്ചി ∙ താമരശ്ശേരി എളേറ്റിൽ വട്ടോളി എംജെ ഹയർ സെക്കൻഡറി സ്കൂൾ പത്താം ക്ലാസ് വിദ്യാർഥി മുഹമ്മദ് ഷഹബാസിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് റിമാൻഡിലുള്ള ആറു വിദ്യാർഥികൾക്ക് പ്ലസ് വൺ പ്രവേശനം നേടാൻ ഹൈക്കോടതിയുടെ അനുമതി. ഇതിനായി വ്യാഴാഴ്ച രാവിലെ പത്തു മുതൽ വൈകിട്ട് അഞ്ചു വരെ ഈ വിദ്യാർഥികളെ വിട്ടയയ്ക്കാൻ കോഴിക്കോട് ഒബ്സർവേഷൻ ഹോം സൂപ്രണ്ടിന് ഹൈക്കോടതി സിംഗിൾ ബഞ്ച് നിർദേശം നൽകി.
വിദ്യാർഥികൾക്ക് ആവശ്യമായ സുരക്ഷ നല്കാന് താമരശ്ശേരി പൊലീസിനും നിര്‍ദേശം നല്കി.
ജുവനൈല്‍ ഹോമിലായതിനാല്‍ പ്ലസ് വൺ പ്രവേശനത്തിനോ മറ്റു നടപടികള്‍ സ്വീകരിക്കുന്നതിനോ കഴിയുന്നില്ലെന്നു കാട്ടി വിദ്യാർഥികൾ നല്കിയ ഹര്‍ജിയിലാണ് കോടതി ഉത്തരവ്.
അതേസമയം വിദ്യാര്‍ഥികളുടെ ജാമ്യാപേക്ഷയില്‍ കോടതി നടപടികള്‍ സ്വീകരിച്ചില്ല. നേരത്തെ വിദ്യാർഥികള്‍ക്കായി ഹയര്‍സെക്കന്‍ഡറി, വൊക്കേഷനല്‍ ഹയര്‍സെക്കന്‍ഡറി കോഴ്സുകളിലേക്ക് അപേക്ഷിക്കുന്നതിനുള്ള സൗകര്യത്തിനായി അപേക്ഷ സ്വീകരിക്കുന്നതും കോടതി നീട്ടിയിരുന്നു.
ഫെബ്രുവരി 28നു താമരശ്ശേരിയിൽ വിദ്യാർഥികൾ ചേരിതിരിഞ്ഞുണ്ടായ സംഘർഷത്തിനിടെ തലയിൽ ഗുരുതര പരുക്കേറ്റ ഷഹബാസ് തൊട്ടടുത്ത ദിവസം കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിൽ വെന്റിലേറ്ററിൽ ചികിത്സയിലിരിക്കെ മരിക്കുകയായിരുന്നു. ആന്തരിക രക്തസ്രാവമായിരുന്നു മരണകാരണം.
ട്യൂഷന് സെന്ററിലുണ്ടായ പ്രശ്നത്തിനു പിന്നാലെ ഉണ്ടായ സംഘര്‍ഷത്തിലാണ് പതിനഞ്ചുകാരനായ ഷഹബാസിന് ജീവന് നഷ്ടമായതെന്ന് പൊലീസ് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. ഷഹബാസ് വധക്കേസിൽ പ്രായപൂർത്തിയാകാത്ത ആറു പേരെ പ്രതി ചേർത്താണ് പൊലീസ് കുറ്റപത്രം സമർപ്പിച്ചത്.
107 സാക്ഷികളെ ഉൾപ്പെടുത്തിയുള്ള കുറ്റപത്രത്തിൽ, ഇൻസ്റ്റഗ്രാം ഗ്രൂപ്പിലെ ചാറ്റ് ഉൾപ്പടെയുള്ള ഡിജിറ്റൽ തെളിവുകളും സമർപ്പിച്ചിരുന്നു. ജുവൈനൽ ജസ്റ്റിസ് ബോർഡ് മുമ്പാകെയാണ് കുറ്റപത്രം നൽകിയത്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]