
കോഴിക്കോട്: വടകര ലോക്സഭ തെരഞ്ഞെടുപ്പിൽ തോൽവി ഉറപ്പിച്ച ഇടതു മുന്നണി സ്ഥാനാർഥി കെ കെ ശൈലജ ടീച്ചർക്ക് സ്നേഹ കുറിപ്പുമായി കെ കെ രമ. ചിരി മായാതെ മടങ്ങൂ ടീച്ചർ എന്നാണ് യു ഡി എഫ് എം എൽ എ സ്നേഹത്തോടെ കുറിച്ചത്. മിണ്ടാനും ചിരിക്കാനും തൊടാനും ഉമ്മ വെക്കാനുമൊക്കെ ചിരി മായാത്ത മുഖം ബാക്കി വെക്കണം മനുഷ്യനെന്ന് അപാരമായി ആഗ്രഹിക്കുന്നവരുടെ നാടാണ് വടകരയെന്നും രമ ചൂണ്ടികാട്ടി. അങ്ങനെയുള്ള വടകരയിൽ നിന്ന് മടങ്ങുമ്പോൾ ചിരി മായാതെ വേണം ടീച്ചർ മടങ്ങാനെന്നും ഇരുവരും ഒപ്പമുള്ള മനോഹരമായ ചിത്രം പങ്കുവച്ച് കെ കെ രമ കുറിച്ചിട്ടുണ്ട്. വടകരയിൽ യു ഡി എഫ് സ്ഥാനാർഥി ഷാഫി പറമ്പിലിന് മുന്നിൽ എഴുപത്തായ്യായിരത്തോളം വോട്ടിന് പിന്നിലാണ് നിലവിൽ ശൈലജ.
കെ കെ രമയുടെ കുറിപ്പ്
ചിരി മായാതെ മടങ്ങൂ ടീച്ചർ..
മിണ്ടാനും ചിരിക്കാനും തൊടാനും ഉമ്മ വെക്കാനുമൊക്കെ ചിരി മായാത്ത മുഖം ബാക്കി വെക്കണം മനുഷ്യനെന്ന് അപാരമായി ആഗ്രഹിക്കുന്നവരുടെ നാടാണിത്…
ഇവിടുന്ന് മടങ്ങുമ്പോൾ അങ്ങനെയേ
മടങ്ങാവൂ❤️..
മരിച്ച മനുഷ്യരേയും തോറ്റ മനുഷ്യരേയും ചേർത്തു പിടിച്ച നാടാണിത്.
മുറിഞ്ഞു തൂങ്ങിയതെല്ലാം ഉള്ളു പിടഞ്ഞു കൊണ്ട് തുന്നിച്ചേർത്ത നാടാണിത്. ഇന്നാട്ടിലെ നല്ല മനുഷ്യർക്ക് ആരെയും കളിയാക്കി വിടാനാവില്ല. ചേർത്തു പിടിച്ച് യാത്രയാക്കുകയാണ്…
രാഷ്ട്രീയം പറഞ്ഞ് നമുക്ക് മത്സരിക്കാവുന്ന വടകര ബാക്കിയുണ്ട് എന്ന പ്രതീക്ഷയോടെ മടങ്ങാൻ കഴിയുന്നതല്ലേ ഭാഗ്യം…
വരും തിരഞ്ഞെടുപ്പുകളിൽ മതമല്ല,
മനുഷ്യനാണ് ഇവിടെ പ്രവർത്തിക്കുക എന്ന പ്രതീക്ഷയോടെ ഇങ്ങോട്ടേക്ക് വരാൻ
ഇന്നാട് ബാക്കിയുണ്ട്..
സ്വന്തം,
കെ.കെ.രമ
Last Updated Jun 4, 2024, 1:18 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]