
ദില്ലി : ലോക്സഭ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ നാളെ. രണ്ടര മാസത്തിലധികം നീണ്ടു നിന്ന ഏഴ് ഘട്ടങ്ങളായുള്ള തെരഞ്ഞെടുപ്പിനൊടുവിലാണ് നാളെ വോട്ടെണ്ണല്‍ നടക്കുന്നത്. രാവിലെ എട്ട് മണിക്ക് വോട്ടെണ്ണല്‍ തുടങ്ങും. 12 മണിയോടെ ജനവിധിയുടെ ഏകദേശ ചിത്രം വ്യക്തമാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
എക്സിറ്റ് പോളുകളെല്ലാം തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ കുതിപ്പ് പ്രവചിച്ചതിന്റെ വലിയ ആത്മവിശ്വസത്തിലാണ് ബിജെപി. എൻഡിഎയ്ക്ക് 400 എന്ന ലക്ഷ്യം പ്രഖ്യാപിച്ചായിരുന്നു ബിജെപി തെരഞ്ഞെടുപ്പിനിറങ്ങിയത്. അഞ്ച് എക്സിറ്റ് പോളുകൾ ഈ സംഖ്യയോട് ചേർന്ന് നിൽക്കുന്നതാണ്. രാജ്യം പുതിയ സ്വപ്നങ്ങൾ കാണാൻ പഠിക്കണമെന്നും എല്ലാ രംഗത്തും പരിഷ്ക്കരണം വേണമെന്നും പ്രധാനമന്ത്രി ഇന്ത്യൻ എക്സ്പ്രസിൽ എഴുതിയ ലേഖനത്തിൽ നിർദ്ദേശിച്ചു. ദോഷൈകദൃക്കുകളുടെ സമ്മർദ്ദം അതിജീവിക്കണമെന്നും നിഷേധ സമീപനം മറികടക്കണമെന്നും പ്രധാനമന്ത്രി പറഞ്ഞു. നാളെ പ്രധാനമന്ത്രിയുടെ വസതി മുതൽ പാർട്ടി ആസ്ഥാനം വരെ മോദിയുടെ റോഡ് ഷോ നടന്നേക്കും.
എക്സിറ്റ്പോൾ തള്ളിയ ഇന്ത്യ സഖ്യം 295 സീറ്റ് നേടി അധികാരം പിടിക്കുമെന്ന പ്രഖ്യാപനത്തില്‍ ഉറച്ച് നില്‍ക്കുകയാണ്. എക്സിറ്റ് പോളുകൾക്ക് നേർ വിപരീതമായിരിക്കും യഥാർത്ഥ ഫലമെന്ന് കോണ്‍ഗ്രസ് മുൻ അധ്യക്ഷ സോണിയ ഗാന്ധി പറഞ്ഞു. എക്സിറ്റ് പോളുകള്‍ കാണിച്ച് പ്രതിപക്ഷത്തെ ഭയപ്പെടുത്തുകയായിരുന്നു ബിജെപി ഉദ്ദേശ്യമെന്ന് സമാജ്വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവും പ്രതികരിച്ചു.
പ്രാദേശിക മാധ്യമങ്ങളുടെ എക്സിറ്റ് പോളുകൾ പല സംസ്ഥാനങ്ങളിലും ഇന്ത്യ സഖ്യത്തിന് കൂടുതൽ സീറ്റുകൾ നൽകുന്നുണ്ടെന്ന് കോൺഗ്രസ് നേതാക്കൾ ചൂണ്ടിക്കാട്ടി. കേന്ദ്രത്തിൽ ബിജെപി തന്നെ അധികാരത്തിൽ എത്തുമെന്നാണ് ഇന്ന് പുറത്തുവന്ന സിഎസ്ഡിഎസ്-ലോക് നീതി-ദ ഹിന്ദു എക്സിറ്റ് പോൾ പറയുന്നത്. ബിജെപി വോട്ട് വിഹിതം 37 ല്‍ നിന്ന് 40 ആയി ഉയരുമെന്ന് പ്രവചിക്കുന്ന സർവെ കോണ്‍ഗ്രസിന്റേത് 19 ല്‍ നിന്ന് 23 ആയി കൂടുമെന്നും പറയുന്നു. കോണ്‍ഗ്രസ് സഖ്യകക്ഷികളുടേത് ഏഴില്‍ നിന്ന് 12 ശതമാനമാകും. എന്നാല്‍ ബിജെപി സഖ്യകക്ഷികളുടേതില്‍ ഒരു ശതമാനത്തിന്റെ ഇടിവുണ്ടാകുമെന്നും സർവ്വെ പറയുന്നു.
Last Updated Jun 3, 2024, 2:04 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]