
ബാഴ്സലോണ: സ്പാനിഷ് ലീഗ് കിരീട പോരില്‍ ബാഴ്സലോണയ്ക്ക് ഇന്ന് നിര്‍ണായക മത്സരം. ബാഴ്സയുടെ എവേ മത്സരത്തില്‍ വയ്യാഡോളിഡാണ് എതിരാളികള്‍. ഇന്ത്യന്‍ സമയം രാത്രി 12.30നാണ് മത്സരം. 33 മത്സരങ്ങളില്‍ നിന്ന് 76 പോയിന്റുമായാണ് കറ്റാലിയന്സ് ഒന്നാം സ്ഥാനത്ത് തുടരുന്നത്. 72 പോയിന്റുമായി റയല്‍ മാഡ്രിഡ് തൊട്ടുപിന്നിലുണ്ട്. ഈ സീസണില്‍ അഞ്ച് മത്സരങ്ങളില്‍ മാത്രമാണ് ബാഴ്സ തോല്‍വി വഴങ്ങിയത്. റയലിനെ തോല്‍പ്പിച്ച് കോപ്പ ഡെല്‍ റേ കിരീടം നേടിയതിന്റെ ആത്മവിശ്വാത്തിലാണ് ഹാന്‍സി ഫ്ലിക്കും സംഘവും.
എന്നാല്‍ കഴിഞ്ഞ യുവേഫ ചാന്പ്യന്‍സ് ലീഗിലെ ആദ്യപാദ സെമിയില്‍ ബാഴ്സ ഇന്റര്‍മിലാനോട് സമനില വഴങ്ങി. പരിക്കേറ്റ പ്രധാന പ്രതിരോധ താരം ജൂള്‍സ് കുണ്ടെയ്ക്ക് ശേഷിക്കുന്ന മത്സരങ്ങളില്‍ കളിക്കാനാകാത്തത് ക്ലബിന് തിരിച്ചടിയാണ്. ഇതിനിടെ ലെവന്‍ഡോസ്ക്കി ഇന്ന് ടീമില്‍ തിരിച്ചെത്തിയേക്കും. ലാലിഗയില്‍ കരുത്തരായ അത്ലറ്റികോ മാഡ്രിഡിനും ഇന്ന് മത്സരം. വൈകിട്ട് 5.30ന് നടക്കുന്ന മത്സരത്തില്‍ അലാവസാണ് എതിരാളികള്‍. 33 മത്സരങ്ങളില്‍ നിന്ന് 66 പോയിന്റുമായി ലീഗില്‍ മൂന്നാം സ്ഥാനത്താണ് അത്ലറ്റികോ മാഡ്രിഡ്. കിരീട പ്രതീക്ഷ അവസാനിച്ചെങ്കിലും രണ്ടാം സ്ഥാനം ലക്ഷ്യമിടുകയാണ് അത്ലറ്റികോ.
ആഴ്സണല്‍ ഇന്നിറങ്ങും
ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ രണ്ടാം സ്ഥാനം ഉറപ്പിക്കാന്‍ ആഴ്സണല്‍ ഇന്നിറങ്ങും. ബൗണ്‍മൗത്താണ് എതിരാളികള്‍. രാത്രി പത്തുമണിക്ക് ആഴ്സണലിന്റെ ഹോം ഗ്രൗണ്ടിലാണ് മത്സരം. 34 മത്സരങ്ങളില്‍ നിന്ന് 67 പോയിന്റുമായാണ് ഗണ്ണേഴ്സ് രണ്ടാം സ്ഥാനത്ത് തുടരുന്നത്. 82 പോയിന്റ് നേടിയാണ് ഒന്നാമതുള്ള ലിവര്‍പൂള്‍ കിരീടം ഉറപ്പിച്ചത്. അതേസമയം, മാഞ്ചസ്റ്റര്‍ സിറ്റി വിജയം നേടി. വോള്‍വ്സിനെ എതിരില്ലാത്ത ഒരു ഗോളിനാണ് സിറ്റി തോല്‍പ്പിച്ചത്. 35-ാം മിനിറ്റില്‍ കെവിന് ഡിബ്രുയ്നെയാണ് ഗോള്‍ നേടിയത്. ഏഴ് മത്സരങ്ങളിലെ വോള്‍വ്സിന്റെ അപരാജിത കുതിപ്പിനാണ് സിറ്റി തടയിട്ടത്. പട്ടികയില്‍ മൂന്നാംസ്ഥാനത്താണ് സിറ്റി. തുടര്‍ച്ചയായ നാലാം ജയത്തോടെ ചാംപ്യന്‍സ് ലീഗ് ബര്‍ത്തിലേക്കുള്ള പ്രയാണം മാഞ്ചസ്റ്റര്‍ സിറ്റി ശക്തിപ്പെടുത്തി.
കിരീടം ഉറപ്പിക്കാന്‍ ബയേണ്‍
ജര്‍മന്‍ ലീഗില്‍ കിരീടം ഉറപ്പിക്കാന്‍ ബയേണ്‍ മ്യൂണിക്ക് ഇന്നിറങ്ങും. രാത്രി ഏഴിന് നടക്കുന്ന മത്സരത്തില്‍ ആര്‍ബി ലെപ്സിഗാണ് എതിരാളികള്‍. 31 മത്സരങ്ങളില്‍ നിന്ന് 75 പോയിന്റുമായി ഒന്നാം സ്ഥാനത്ത് തുടരുന്ന ബയേണിന് ഇന്ന് ജയിക്കാനായാല്‍ കിരീടം സ്വന്തമാക്കാം. രണ്ടാം സ്ഥാനത്തുള്ള നിലവിലെ ചാമ്പ്യന്മാരായ ലെവര്ക്യൂസനേക്കാള് 8 പോയിന്റ് മുന്നിലാണ് ബയേണ്‍. സസ്പെന്ഷന് നേരിട്ടതിനാല്‍ ബയേണിന്റെ സൂപ്പര്‍ താരം ഹാരി കെയ്ന്‍ ഇന്ന് കളിക്കില്ല. രാത്രി പത്തുമണിക്ക് നടക്കുന്ന മറ്റൊരു മത്സരത്തില്‍ ബൊറൂസിയ ഡോര്‍ട്ട്മുണ്ട് വോള്‍വ്സ് ബര്‍ഗിനെ നേരിടും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]