
‘അനുവാദം കിട്ടിയിരുന്നു, കോടതിയെ സമീപിക്കും’: പാക്ക് യുവതിയെ വിവാഹ ചെയ്തത് മറച്ചുവച്ചതിന് പിരിച്ചുവിട്ട ജവാൻ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ന്യൂഡൽഹി∙ സിആർപിഎഫിൽനിന്ന് അനുവാദം ലഭിച്ചതിനു ശേഷമാണ് താൻ വിവാഹം കഴിച്ചതെന്ന് പാക്കിസ്ഥാൻ യുവതിയുമായുള്ള വിവാഹം മറച്ചുവച്ചെന്ന് ആരോപിച്ചു പിരിച്ചുവിട്ട മുനീർ അഹമ്മദ്. മേൽ ഉദ്യോഗസ്ഥർക്ക് ഇക്കാര്യം അറിയാമായിരുന്നു. വേണ്ട അനുമതികളെല്ലാം എടുത്താണ് പാക്ക് യുവതി മെനാൽ ഖാനെയെ വിവാഹം കഴിച്ചത്. തനിക്കെതിരായ നടപടിക്കെതിരെ കോടതിയെ സമീപിക്കുമെന്നും മുനീർ പറഞ്ഞു. ജമ്മുവിലെ ഘരോട്ട സ്വദേശിയായ മുനീർ, 2017 ഏപ്രിലിലാണ് സിആർപിഎഫിൽ ചേർന്നത്.
2022ലാണ് പാക്ക് യുവതിയെ വിവാഹം കഴിക്കാൻ താൽപര്യമുണ്ടെന്ന് ആദ്യമായി ഓഫിസിൽ അറിയിക്കുന്നതെന്ന് മുനീർ പറയുന്നു. നടപടിക്രമങ്ങൾ പൂർത്തീകരിക്കുന്നതിനായി പാസ്പോർട്ടിന്റെ കോപ്പികള്‍, വിവാഹ കാർഡ്, മുനീറിന്റെ മാതാപിതാക്കളുടെയും സര്‍പഞ്ച് ജില്ല വികസന കൗണ്‍സിൽ അംഗം എന്നിവരുടെയും സത്യവാങ്മൂലങ്ങൾ എന്നിവ സമർപ്പിച്ചു. 2024ലാണ് വിവാഹത്തിന് അനുമതി ലഭിക്കുന്നത്.
നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ് ആവശ്യമില്ലെന്ന് അറിയിച്ചിരുന്നതായാണ് മുനീർ അവകാശപ്പെടുന്നത്. വിവാഹശേഷം അതിന്റെ ചിത്രങ്ങളും നിക്കാഹിന്റെ രേഖകളും വിവാഹ സർട്ടിഫിക്കറ്റുകളും സമർപ്പിച്ചിരുന്നതായും മുനീർ പറഞ്ഞു. വിവാഹത്തിന്റെ അവധി കഴിഞ്ഞു മടങ്ങിയെത്തിയ ഉടൻ തന്നെ 41 ബറ്റാലിയനിലേക്ക് തന്നെ മാറ്റിയിരുന്നെന്നും ആ സമയത്ത് ബറ്റാലിയൻ ഡേറ്റാ റെക്കോർഡ് ബുക്കിൽ ഭാര്യ പാക്കിസ്ഥാനിയാണെന്ന് രേഖപ്പെടുത്തിയിട്ടുണ്ടെന്നും മുനീർ അവകാശപ്പെട്ടു. വിവാഹത്തിനു പിന്നാലെ പതിനഞ്ചു ദിവസത്തെ വീസയ്ക്കാണ് തന്റെ ഭാര്യ ഇന്ത്യയിലേക്ക് വന്നത്. പിന്നീട് ദീർഘകാല വീസയ്ക്ക് അപേക്ഷിക്കുകയും അതിനുവേണ്ട അഭിമുഖവും മറ്റും നടന്നെന്നും മുനീർ പറഞ്ഞു.
വിവാഹം അറിയിക്കാതിരുന്നതും വീസ കാലാവധി കഴിഞ്ഞും ഭാര്യയ്ക്ക് താമസിക്കാൻ സൗകര്യം ഒരുക്കിയതും രാജ്യസുരക്ഷയ്ക്ക് ഭീഷണിയാണെന്ന് ചൂണ്ടിക്കാണിച്ചാണ് മുനീറിനെ കഴിഞ്ഞ ദിവസം പിരിച്ചുവിട്ടത്. പഹൽഗാം ആക്രമണത്തിനു ശേഷം പാക്ക് പൗരരോട് ഇന്ത്യ വിടാൻ ആവശ്യപ്പെട്ടതിനു പിന്നാലെയാണ് മുനീറും പാക്കിസ്ഥാനിൽനിന്നുള്ള മെനാൽ ഖാനുമായുള്ള വിവാഹത്തെക്കുറിച്ചുള്ള വിവരം സിആർപിഎഫ് അറിയുന്നത്. 2024 മേയ് 24ന് വിഡിയോ കോളിലൂടെയാണ് ഇരുവരും വിവാഹിതരായത്. ഈ വർഷം ഫെബ്രുവരി 28ന് വാഗ-അട്ടാരി അതിർത്തി വഴിയാണ് മെനാൽ ഖാൻ ഇന്ത്യയിൽ എത്തിയത്. മാർച്ച് 22ന് വീസ കാലാവധി അവസാനിച്ചു. പാക്ക് പൗരന്മാരെ നാടുകടത്തുന്നത് ഹൈക്കോടതി സ്റ്റേ ചെയ്തതിനാൽ നിലവിൽ മുനീർ അഹമ്മദിന്റെ ജമ്മുവിലെ വസതിയിലാണ് മെനാൽ താമസിക്കുന്നത്.