
തിരുവനന്തപുരം: ഹൈവേ വികസനത്തിനായി വസ്തു ഏറ്റെടുത്തതിലെയും പുനരധിവാസ ഫണ്ട് അനുവദിച്ചതിലെയും ക്രമക്കേടുകളും അഴിമതിയും കണ്ടെത്തുന്നതിനായി വിജിലൻസിന്റെ സംസ്ഥാന തല മിന്നൽ പരിശോധന. ഓപ്പറേഷൻ അധിഗ്രഹൺ എന്ന പേരിലാണ് പരിശോധനകൾ നടക്കുന്നത്. സംസ്ഥാനത്തെ ഹൈവേ വികസനത്തിനായി വസ്തു ഏറ്റെടുക്കൽ നടത്തിയതിലും, പുനരധിവാസ ഫണ്ട് അനുവദിച്ചതിലും ക്രമക്കേടുകളും അഴിമതിയും നടന്ന് വരുന്നതായി വിജിലൻസിന് രഹസ്യ വിവരം ലഭിച്ചിരുന്നു.
സ്വകാര്യ വ്യക്തികളുടെ ഉടമസ്ഥതയിൽ ഉള്ള ഭൂമി ഹൈവേ വികസനത്തിനായി ഏറ്റെടുക്കുമ്പോൾ ഭൂമിയുടെ ഉടമസ്ഥാവകാശികളുടെ പുനരധിവാസം, ക്ഷേമം എന്നിവയ്ക്കായി റീഹാബിലിറ്റേഷൻ-റീസെറ്റീൽമെന്റ് ഇനത്തിൽ സ്ഥലം ഏറ്റെടുക്കപ്പെടുന്ന വ്യക്തിക്ക് വസ്തു വകകളുടെ നഷ്ടപരിഹാര തുകയ്ക്ക് പുറമേ അധിക ധനസഹായം നൽകിവരുന്നുണ്ട്. ഏറ്റെടുക്കപ്പെട്ട ഭൂമിയിൽ താമസം ഉണ്ടായിരുന്നവർക്ക് പുതിയ ഭവനം നിർമ്മിക്കുന്നതുവരെ വാടകയിനത്തിലോ, മറ്റേതെങ്കിലും വിധത്തിൽ താമസ സൗകര്യം ഒരുക്കുന്നതിനുമുള്ള ധനസഹായമായിട്ടാണ് ഈ തുക നൽകുന്നത്.
ഏറ്റെടുക്കപ്പെട്ട ഭൂമിയിൽ കച്ചവട സ്ഥാപനം ഉണ്ടായിരുന്നവർക്കും അധിക ധന സഹായം പുനരധിവാസ ഇനത്തിൽ നൽകുന്നുണ്ട്. വീട് നഷ്ടപ്പെട്ടവർക്ക് 2,86,000 രൂപയും കച്ചവട സ്ഥാപനം നഷ്ടപ്പെട്ടവർക്ക് 75,000 രൂപയും നിലവിൽ നൽകി വരുന്നുണ്ട്. പുനരധിവാസ തുക അനുവദിക്കുന്നതിൽ ഭവനങ്ങളുടെ കാര്യത്തിൽ, ഏറ്റെടുത്ത ഭൂമിയിൽ തന്നെയുള്ള ഭവനത്തിലാണ് ഉടമസ്ഥൻ ഏറ്റെടുക്കൽ നടക്കുന്ന സമയത്ത് താമസിച്ചിരുന്നത് എന്ന് തെളിയിക്കുന്നതിനുള്ള രേഖകൾ ഹാജരാക്കേണ്ടതും, വാടകയ്ക്ക് നൽകിയിരിക്കുന്ന ഭവനം ആവാൻ പാടില്ലാത്തതും, ഉടമസ്ഥന് ഒന്നിലധികം ഭവനം ഉണ്ടായിരിക്കാൻ പാടുള്ളതല്ല എന്നീ വ്യവസ്ഥകൾ പാലിക്കേണ്ടതാണ്.
ലാൻഡ് അക്വിസിഷൻ തഹസിൽദാർമാർ ഇത് തെളിയിക്കുന്ന രേഖകൾ വിശദമായി പരിശോധിക്കേണ്ടതും, ചുമതലപ്പെടുത്തുന്ന ഒരു ഉദ്യോഗസ്ഥൻ സ്ഥല പരിശോധന നടത്തി റിപ്പോർട്ട് സമർപ്പിക്കേണ്ടതുമാണ്. എന്നാൽ ലാൻഡ് അക്വിസിഷൻ ചുമതലയുള്ള തഹസിൽദാർമാർ സാമ്പത്തിക ലാഭം ഉണ്ടാക്കുന്നതിലേയ്ക്ക് രേഖകൾ കൃത്യമായി പരിശോധിക്കാതെയും, സ്ഥല പരിശോധന നടത്തി റിപ്പോർട്ട് സമർപ്പിക്കുന്ന ഉദ്യോഗസ്ഥൻ മനപ്പൂർവ്വം തെറ്റായ റിപ്പോർട്ട് നൽകിയും പുനരധിവാസ തുക അനുവദിച്ചു കൊടുത്തിട്ടുള്ളതായി പരാതികൾ ലഭിച്ചിട്ടുണ്ടെന്ന് വിജിലൻസ് അറിയിച്ചു.
ഭൂമി ഏറ്റെടുക്കുന്നതിനായി വസ്തുവിന്റെ മൂല്യം അനുസരിച്ച് എ,ബി,സി,ഡി കാറ്റഗറി ആയി തരംതിരിച്ച് നോട്ടിഫൈ ചെയ്ത ശേഷം, കൂടുതൽ നഷ്ടപരിഹാര തുക നേടിയെടുക്കുന്നതിനായി ഈ ഭൂമി കാറ്റഗറി മാറ്റി കിട്ടുന്നതിനായി അപേക്ഷ സമർപ്പിച്ച് ഉദ്യോഗസ്ഥരുടെ സഹായത്തോടി കൂടി കാറ്റഗറി മാറ്റി അനർഹമായ കൂടുതൽ ആനുകൂല്യം നേടിയെടുക്കുന്നതായും, ഇത് സംബന്ധിച്ച് കാര്യമായ പരിശോധനകൾ ഇല്ലാത്തതിനാൽ ലാൻഡ് അക്വിസിഷനുമായി ബന്ധപ്പെട്ടുളള ജോലി നോക്കി വരുന്ന ചില സർക്കാർ ഉദ്യോഗസ്ഥർ ക്രമക്കേടും അഴിമതിയും നിർബാധം ചെയ്തു വരുന്നതായും വിജിലൻസിന് രഹസ്യ വിവരം ലഭിച്ചിരുന്നു.
കേരളത്തിലുടനീളം ഹൈവേക്കായി ഭൂമി ഏറ്റെടുക്കാൻ നിയോഗിക്കപ്പെട്ട ലാൻഡ് അക്വിസിഷൻ ഓഫീസുകളിൽ പുനരധിവാസ തുക അനുവദിച്ച് നൽകിയതുമായി ബന്ധപ്പെട്ട ക്രമക്കേടുകളും, ഏറ്റെടുത്ത ഭൂമിയുടെ കാറ്റഗറി പുനർ നിശ്ചയിച്ച് നൽകി കൂടുതൽ പണം അനുവദിച്ചതിലെ ക്രമക്കേടുകളും പരിശോധിക്കുന്നതിനായി വിജിലൻസ് ഇന്ന് രാവിലെ പത്ത് മുതൽ ഓപ്പറേഷൻ അധിഗ്രഹൺ എന്ന പേരിൽ സംസ്ഥാന വ്യാപകമായി മിന്നൽ പരിശോധന നടത്തുകയായിരുന്നു.
തിരുവനന്തപുരം-6, കൊല്ലം-5, പത്തനംതിട്ട-1, ആലപ്പുഴ-3, ഇടുക്കി-1, എറണാകുളം-4, തൃശ്ശൂർ-1, പാലക്കാട്-1, മലപ്പുറം-2, കോഴിക്കോട്-3, കണ്ണൂർ-3, കാസർകോഡ്-2 വീതം ലാന്റ് അക്വിസിഷനുമായി ബന്ധപ്പെട്ട ഡെപ്യൂട്ടി കളക്ടർ ഓഫീസുകളിലും, സ്പെഷ്യൽ തഹസീദാർ ഓഫീസുകളും ഉൾപ്പടെ ആകെ 32 ഓഫീസുകളിലാണ് വിജിലൻസ് ഇന്ന് ഒരേ സമയം മിന്നൽ പരിശോധന നടത്തിയത്. വിജിലൻസ് ഡയറക്ടർ യോഗേഷ് ഗുപ്തയുടെ ഉത്തരവ് പ്രകാരം നടക്കുന്ന മിന്നൽ പരിശോധനയിൽ സംസ്ഥാനത്തെ എല്ലാ വിജിലൻസ് യൂണിറ്റുകളും പങ്കെടുക്കുന്നുണ്ട്.
മിന്നൽ പരിശോധനയിൽ ക്രമക്കേടുകൾ ഉള്ളതായി സംശയിക്കുന്ന ഫയലുകളിൽ ഫീൽഡ് വേരിഫിക്കേഷൻ ഉൾപ്പെടെയുള്ള വിശദ പരിശോധന നടത്തുന്നതാണ്. പൊതുജനങ്ങളുടെ ശ്രദ്ധയിൽ അഴിമതി സംബന്ധിച്ച വിവരങ്ങൾ ലഭിക്കുകയാണെങ്കിൽ വിജിലൻസിന്റെ ടോൾ ഫ്രീ നമ്പരായ 1064 എന്ന നമ്പരിലോ 8592900900 എന്ന നമ്പരിലോ വാട്സ് ആപ് നമ്പരായ 9447789100 എന്ന നമ്പരിലോ അറിയിക്കണമെന്ന് വിജിലൻസ് ഡയറക്ടർ യോഗേഷ് ഗുപ്ത അഭ്യർത്ഥിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]