
അക്ഷരവെളിച്ചം അണഞ്ഞു; സാക്ഷരതാ പ്രവർത്തക കെ.വി.റാബിയ അന്തരിച്ചു
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
മലപ്പുറം ∙ നാടിനാകെ അക്ഷരവെളിച്ചം പകർന്ന സാമൂഹികപ്രവർത്തക കെ.വി.റാബിയ (59) അന്തരിച്ചു. ഒരു മാസത്തോളമായി കോട്ടയ്ക്കലിൽ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. തിരൂരങ്ങാടി വെള്ളിലക്കാട് കറിവേപ്പിൽ മൂസക്കുട്ടി ഹാജിയുടെയും ബിയ്യാച്ചുട്ടി ഹജ്ജുമ്മയുടെയും മകളായി 1966 ഫെബ്രുവരി 25നായിരുന്നു ജനനം. 2022ൽ പത്മശ്രീ നൽകി രാജ്യം ആദരിച്ചിരുന്നു. രോഗങ്ങളും ദുരിതങ്ങളും സൃഷ്ടിച്ച വെല്ലുവിളികൾ അതിജീവിച്ച് സമൂഹ നന്മയ്ക്കു വേണ്ടി മാറ്റിവച്ചതായിരുന്നു റാബിയയുടെ ജീവിതം.
ചന്തപ്പടി ജിഎൽപി സ്കൂൾ, തിരൂരങ്ങാടി ഗവ ഹൈസ്കൂൾ, തിരൂരങ്ങാടി പിഎസ്എംഒ കോളജ് എന്നിവടങ്ങളിലായിരുന്നു പഠനം. പുതിയ കാലത്തിനു മുന്നിൽ കേരളം കാഴ്ചവച്ച അപൂർവവും വിസ്മയകരവുമായ ജീവിതകഥയാണ് റാബിയയുടേത്. പത്താം ക്ലാസിൽ പഠിക്കുമ്പോഴാണ് പോളിയോ ബാധിച്ച് അരയ്ക്ക് താഴെ തളർന്നുപോയത്. തിരുരങ്ങാടി പിഎസ്എംഒ കോളജിൽ ആയിരുന്നു പ്രീഡിഗ്രി പഠനം. ഇതിനു ശേഷം പഠനം അവസാനിപ്പിച്ച് ശാരീരിക അവശതകൾ കാരണം വീട്ടിൽ തന്നെ കഴിയുകയുമായിരുന്നു. അവിടെ നിന്നാണ് സജീവമായി സാമൂഹിക വിദ്യാഭ്യാസ മേഖലയിൽ ഇടപെടാൻ തുടങ്ങിയത്.
സമ്പൂർണ സാക്ഷരതാ യജ്ഞമാണ് റാബിയയുടെ ജീവിതത്തിൽ വഴിത്തിരിവായത്. 2000ൽ അർബുദം ബാധിച്ചെങ്കിലും കീമോതെറാപ്പി വിജയകരമായി നടത്തി. 38-ാം വയസ്സിൽ കുളിമുറിയുടെ തറയിൽ തെന്നിവീണ് നട്ടെല്ല് തകർന്നു. കഴുത്തിനു താഴെ ഭാഗികമായി തളർന്ന നിലയിലായിരുന്നു. അസഹനീയ വേദനയിൽ കിടക്കുമ്പോഴും റാബിയ കളർ പെൻസിൽ ഉപയോഗിച്ച് നോട്ട്ബുക്കുകളുടെ പേജുകളിൽ തന്റെ ഓർമകൾ എഴുതാൻ തുടങ്ങി. ഒടുവിൽ ‘നിശബ്ദ നൊമ്പരങ്ങൾ’ പുസ്തകം പൂർത്തിയാക്കി. ആത്മകഥ ‘സ്വപ്നങ്ങൾക്ക് ചിറകുകളുണ്ട്’ ഉൾപ്പെടെ നാലു പുസ്തകം എഴുതിയിട്ടുണ്ട്. പുസ്തകത്തിൽ നിന്നുള്ള റോയൽറ്റിയാണ് ചികിത്സച്ചെലവുകൾക്ക് ഉപയോഗിച്ചിരുന്നത്.
നാഷനൽ യൂത്ത് അവാർഡ്, സംസ്ഥാന സാക്ഷരതാ മിഷൻ അവാർഡ്, യുഎൻ ഇന്റർനാഷനൽ അവാർഡ്, കണ്ണകി സ്ത്രീ ശക്തി പുരസ്കാരം, വനിതാരത്നം അവാർഡ് തുടങ്ങി നിരവധി പുരസ്കാരങ്ങൾ ലഭിച്ചു. സഫിയ, ഖദീജ, നഫീസ, ആസിയ, ആരിഫ എന്നിവർ സഹോദരിമാരാണ്. ഭർത്താവ് ബങ്കാളത്ത് മുഹമ്മദ്.