
ദില്ലി: രാജസ്ഥാനിലെ ഇന്ത്യ പാക് അതിർത്തിയിൽ നിന്ന് പാക് റേഞ്ചേഴ്സ് ജവാനെ ബിഎസ്എഫ് പിടികൂടിയതായി റിപ്പോർട്ടുകൾ. ഇന്ത്യൻ ഭാഗത്തേക്ക് കടയ്ക്കാൻ ശ്രമിക്കവേയാണ് പിടികൂടിയതെന്നാണ് റിപ്പോർട്ടുകൾ. ഇയാളുടെ ചോദ്യം ചെയ്യൽ തുടരുകയാണ്. ഇന്ന് രാവിലെയാണ് സംഭവം നടന്നത്.
അതേ സമയം, പാകിസ്ഥാൻ കപ്പലുകളും ഉൽപ്പന്നങ്ങളും ഇന്ത്യയിലെത്തുന്നത് തടയുന്നതടക്കം കൂടുതൽ നടപടികൾ പ്രഖ്യാപിച്ച് ഇന്ത്യ. ബാലിസ്റ്റിസ് മിസൈൽ പരീക്ഷിച്ച് പാകിസ്ഥാൻ വിരട്ടാൻ നോക്കിയതിന് പിന്നാലെയാണ് ഇന്ത്യ കൂടുതൽ നടപടികൾ പ്രഖ്യാപിച്ചത്. ഭീകരരെ സംരക്ഷിക്കുന്നവർക്ക് കടുത്ത തിരിച്ചടി നല്കുമെന്ന് നരേന്ദ്ര മോദി ആവർത്തിച്ചു.
450 കിലോമീറ്റർ ദൂരപരിധിയgള്ള അഫ്ദാലി മിസൈൽ പരീക്ഷിച്ചാണ് പാകിസ്ഥാൻ ഇന്ത്യയെ വിരട്ടാൻ നോക്കിയത്. കരയിൽ നിന്ന് കരയിലേക്ക് തൊടുക്കാവുന്ന മിസൈലിന്റെ ദൃശ്യങ്ങളാണ് പാക് സേന പുറത്തു വിട്ടത്. ഭീഷണി വേണ്ട എന്ന സന്ദേശം നല്കി തൊട്ടു പിന്നാലെ പാകിസ്ഥാനെ പൂട്ടാനുള്ള കൂടുതൽ നിയന്ത്രണങ്ങൾ ഇന്ത്യ പ്രഖ്യാപിച്ചു. പാകിസ്ഥാനിൽ നിന്നുള്ള ഇറക്കുമതി പൂർണ്ണമായും നിര്ത്തിവയ്ക്കാൻ വാണിജ്യമന്ത്രാലയം ഉത്തരവിട്ടു.
പാകിസ്ഥാനി ഉൽപന്നങ്ങൾ ഇന്ത്യയിലെത്തിച്ച ശേഷം മറ്റു രാജ്യങ്ങളിലേക്ക് കൊണ്ടു പോകുന്നതിനുള്ള ട്രാൻസിറ്റ് ഇറക്കുമതിയും വിലക്കി. പാക് പതാകയുള്ള കപ്പലുകൾക്ക് ഇന്ത്യയിലേക്ക് വരാൻ അനുമതി ഉണ്ടാവില്ല. ഇന്ത്യൻ കപ്പലുകൾ പാക് തുറമുഖത്തേക്ക് പോകരുതെന്നും ഷിപ്പിംഗ് മന്ത്രാലയം നിർദ്ദേശിച്ചു.
കര, വ്യോമ മാർഗ്ഗം പാകിസ്ഥാനിലേക്കുള്ള എല്ലാ പോസ്റ്റൽ, പാഴ്സൽ സർവ്വീസുകളും നിറുത്തിവയ്ക്കാനും കേന്ദ്ര സർക്കാർ തീരുമാനിച്ചു. ദില്ലിയിലെത്തിയ അങ്കോള പ്രസിഡൻറുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷം ഭീകരവാദത്തിനെതിരെ വിട്ടു വീഴ്ചയില്ലെന്ന നിലപാട് നരേന്ദ്ര മോദി ആവർത്തിച്ചു.
ഇന്ത്യയുടെ തിരിച്ചടി ഭയന്ന് പാകിസ്ഥാൻ അതിർത്തി ഗ്രാമങ്ങളിൽ കൂടുതൽ ബങ്കറുകൾ തയ്യാറാക്കി തുടങ്ങി. പാക് അധീന കശ്മീരിലെ മദ്രസകൾ അടച്ചു. യുദ്ധസാഹചര്യം നേരിടാൻ ഗ്രാമീണർക്ക് പരിശീലനം നല്കി തുടങ്ങി. പാക് സേന മേധാവി അസിം മുനിർ അതിർത്തിയിലെത്തി സൈനികരെ കണ്ടു. പാകിസ്ഥാൻ പിടിച്ചു വച്ചിരിക്കുന്ന ബിഎസ്എഫ് ജവാനെക്കുറിച്ച് പത്തു ദിവസത്തിനു ശേഷവും ഒരു വിവരവും നല്കിയിട്ടില്ല.
പാകിസ്ഥാനുമായുള്ള എല്ലാ ബന്ധവും ഇന്ത്യ വേണ്ടെന്നു വയ്ക്കുന്നു എന്നാണ് ഇന്ന് പ്രഖ്യാപിച്ച കൂടുതൽ നടപടികളിലൂടെ വ്യക്തമാകുന്നത്. ഇരു രാജ്യങ്ങളും ചർച്ചയിലൂടെ പ്രശ്നം പരിഹരിക്കണം എന്ന് യുഎന്നും യൂറോപ്യൻ യൂണിയനുമൊക്കെ ആവശ്യപ്പെട്ടെങ്കിലും ഭീകരതയ്ക്ക് സഹായം നല്കുന്ന പാകിസ്ഥാനോട് ഒത്തുതീർപ്പിനില്ല എന്ന മറുപടിയാണ് ഇന്ത്യ നല്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]