
ജയ്പൂർ: രാജസ്ഥാനിൽ സഹോദരി ഭർത്താവിനെ അതിക്രൂരമായി മർദ്ദിച്ച് മൂക്ക് മുറിച്ച് യുവാക്കൾ. രാജസ്ഥാനിലെ പാലി-ജോധ്പൂർ ഹൈവേയിൽ ആണ് നാടിനെ നടുക്കിയ സംഭവം. ചെൽറാം തക്കും എന്ന യുവാവിനെയാണ് ഭാര്യയുടെ സഹോദരന്മാർ ആക്രമിച്ചത്. യുവതിയും ചെൽറാമും പ്രണയത്തിലായിരുന്നു. വീട്ടുകാരുടെ എതിർപ്പ് അവഗണിച്ച് ഇരുവരും അടുത്തിടെയാണ് വിവാഹതിരായത്. ഇതിന്റെ വൈരാഗ്യത്തിലാണ് യുവതിയുടെ സഹോദരന്മാർ ചെൽറാമിനെ ആക്രമിച്ചതെന്ന് പൊലീസ് പറഞ്ഞു.
കഴിഞ്ഞ വ്യാഴാഴ്ച രാത്രിയാണ് കേസിന് ആസ്പദമായ സംഭവം നടക്കുന്നത്. യുവതിയുടെ സഹോദരങ്ങളായ സുനിലും ദിനേശും ബന്ധുക്കളും രാത്രിയോടെ ചെൽറാമിന്റെ വീട്ടിലെത്തി. പ്രണയ വിവാഹത്തിൽ തങ്ങൾക്ക് എതിർപ്പില്ലെന്നും വീട്ടിലേക്ക് പോകാമെന്നും പറഞ്ഞ് തന്ത്രത്തിൽ സഹോദരിയേയും യുവാവിനെയും കാറിൽ കയറ്റി. എന്നാൽ ജോധ്പൂരിലേക്കുള്ള യാത്രാമധ്യേ ഓടിക്കൊണ്ടിരിക്കുന്ന കാറിൽ വെച്ച് യുവതിയുടെ സഹോദരങ്ങളും ബന്ധുക്കളും ചെൽറാമിനെ മർദിക്കാൻ തുടങ്ങി.
ജോധ്പൂരിലെ ജാൻവാർ ഗ്രാമത്തിന് സമീപത്ത് വെച്ച് വാഹനം നിർത്തിയ സംഘം വീണ്ടും ചെൽറാമിനെ മർദ്ദിക്കുകയും മൂക്ക് മുറിക്കുകയും ചെയ്യുകയായിരുന്നു. പിന്നീട് ഇയാളെ റോഡിലുപേക്ഷിച്ച സംഘം സഹോദരിയെ ബലമായി കാറിൽ കയറ്റികൊണ്ടുപോയി. ഗുരുതരമായി പരിക്കേറ്റ യുവാവ് വീട്ടുകാരെ ഫോണിൽ വിളിച്ച് വിവരം അറിയിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്. പിന്നാലെ വീട്ടുകാരെത്തി യുവാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇയാൾ ചികിത്സയിലാണ്.
സംഭവത്തിൽ യുവതിയുടെ സഹോദരങ്ങളായ സുനിൽ, ദിനേശ് എന്നിവരടക്കം അഞ്ച് പേർക്കെതിരെ കേസെടുത്തതായി പാലി ട്രാൻസ്പോർട്ട് നഗർ എസ്എച്ച്ഒ അനിതാ റാണി പറഞ്ഞു. 23 കാരനായ ചെൽറാം തക്കും ഭാര്യയും പാലി ഇന്ദിരാ നഗറിൽ വാടകയ്ക്ക് താമസിച്ച് വരികയായിരുന്നു. ജോധ്പൂരിലെ ഝാൻവാർ ഗ്രാമത്തിൽ നിന്നുള്ള ഇരുവരും ഏറെ നാളായി പ്രണയത്തിലായിരുന്നു. കഴിഞ്ഞ മാർച്ചിൽ ആണ് ഇരുവരും വിവാഹിതരായത്. സംഭവത്തിൽ വിശദമായല അന്വേഷണം നടക്കുകയാണെന്ന് പൊലീസ് അറിയിച്ചു.
Last Updated May 4, 2024, 6:17 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]