
കോഴിക്കോട്: മലപ്പുറം – കോഴിക്കോട് ജില്ലകളെ ബന്ധിപ്പിക്കുന്ന റോഡിന്റെ നിര്‍മാണ പ്രവര്‍ത്തി അശാസ്ത്രീയമാണെന്ന വാദവുമായി നാട്ടുകാര്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രിക്കും കോഴിക്കോട് ജില്ലാ കളക്ടര്‍ക്കും പരാതി നല്കി. 2.70 കോടി രൂപ ചിലവില്‍ നിര്‍മിക്കുന്ന കൊടിയത്തൂര്‍ പഞ്ചായത്തിലെ തോട്ടുമുക്കം കുഴിനക്കിപ്പാറ മുതല്‍ ഊര്‍ങ്ങാട്ടീരി പഞ്ചായത്തിലെ വടക്കുംമുറി വരെയുള്ള 1.8 കിലോമീറ്റര്‍ റോഡിന്റെ നിര്‍മാണത്തിനെതിരെയാണ് ആക്ഷേപം ഉയര്‍ന്നിരിക്കുന്നത്.
പുതുതായി നിര്‍മിച്ച റോഡിന് മധ്യത്തിലൂടെയാണ് ജലനിധി പദ്ധതിയുടെ പൈപ്പ് ലൈന്‍ പോകുന്നത്. മിക്കപ്പോഴും ഇത് പൊട്ടാറുണ്ടെന്ന് നാട്ടുകാര്‍ പറയുന്നു. പഴയ റോഡിന്റെ ടാറിംഗ് പൂര്‍ണമായും പൊളിച്ചുമാറ്റാതെയാണ് പുതിയ ടാറിങ് ചെയ്യുന്നതെന്നും ആക്ഷേപമുണ്ട്. റോഡിന് വീതി കൂട്ടുന്നതിനായി സ്ഥലം വിട്ടുനല്‍കിയവര്‍ക്ക് പുതിയ മതില് കെട്ടിനല്‍കാം എന്ന് പറഞ്ഞാണ് സ്ഥലം ഏറ്റെടുത്തത്.
എന്നാല്‍ ഇപ്പോള്‍ കരാറുകാരന് വാക്കു പാലിക്കാതെ ആവശ്യത്തിന് ഡ്രൈനേജ് സംവിധാനം പോലും ഒരുക്കാതെയാണ് പ്രവര്‍ത്തി നടത്തുന്നതെന്ന് നാട്ടുകാര്‍ പറയുന്നു. ആശാരിപ്പറമ്പില്‍ ഷറഫുന്നീസ, കൊന്നാലത്ത് ഫാത്തിമ, കൊളക്കോടന്‍ ഹനീഫ എന്നീ കുടുംബങ്ങള്‍ സ്ഥലം വിട്ടുനല്‍കിയിരുന്നു. ഇവരുള്‍പ്പെടെ മുന്നൂറോളം പേര് ഒപ്പിട്ട പരാതിയാണ് അധികൃതര്‍ക്ക് നല്‍കിയിരിക്കുന്നത്.
മലപ്പുറം ജില്ലയില്‍ നിന്നും എളുപ്പത്തില്‍ കോഴിക്കോട്ടെ മലയോര ടൂറിസ്റ്റ് കേന്ദ്രങ്ങളായ കക്കാടംപൊയില്‍, തുഷാരഗിരി എന്നിവിടങ്ങളിലേക്കും വയനാട് ജില്ലയിലേക്കും പ്രവേശിക്കുന്ന ഈ പ്രധാന റോഡിന്റെ നിര്‍മാണത്തിലെ പാകപ്പിഴകള്‍ പരാതിയുടെ അടിസ്ഥാനത്തില്‍ പരിഹരിക്കപ്പെടുമെന്നാണ് നാട്ടുകാര്‍ കരുതുന്നത്.
Last Updated May 4, 2024, 3:39 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]