
കൽക്കത്ത : ഗവർണർ സിവി ആനന്ദ ബോസിനെതിരായ ലൈംഗീകാരോപണത്തില്‍ കലങ്ങി മറിയുകയാണ് ബംഗാള്‍ രാഷ്ട്രീയം. ഗവർണർ സിവി ആനന്ദ ബോസിനെതിരായ പീഡന പരാതി ആശങ്കയുണ്ടാക്കുന്നതെന്ന് ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി പ്രതികരിച്ചു. സന്ദേശ് ഖാലി വിഷയത്തിൽ ഇടപെട്ട ഗവർണർക്കെതിരെയാണ് പരാതി ഉയർന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദി എന്തു കൊണ്ട് നിശബ്ദത പാലിക്കുന്നുവെന്ന് മമത ചോദിച്ചു. സംഭവത്തെ ബംഗാൾ മുഖ്യമന്ത്രി അപലപിച്ചു.
രാജ്ഭവനിലെ താല്‍ക്കാലിക ജീവനക്കാരിയാണ് ഇന്നലെ ഗവർണർ സിവി ആനന്ദബോസിനെതിരെ പൊലീസിൽ പരാതി നല്‍കിയത്. ഏപ്രില്‍ 24നും ഇന്നലെയും രാജ്ഭവനില്‍ വിളിച്ചുവരുത്തി മോശമായി പെരുമാറുകയും ലൈംഗിക താൽപ്പര്യത്തോടെ സ്പർശിക്കുകയും ചെയ്തതെന്നാണ് പരാതി. ഇരുപത്തിനാലാം തീയ്യതി മോശമായ പെരുമാറ്റമുണ്ടായതിനാല്‍ ഇന്നലെ സൂപ്പർവൈസറുമായാണ് ഗവണറെ കണ്ടത്.
സൂപ്പർവൈസറെ പറഞ്ഞയച്ചശേഷം ഓഫീസിൽ തന്നോട് വീണ്ടും മോശമായി പെരുമാറിയെന്നാണ് ജീവനക്കാരി നല്കിയ പരാതിയില്‍ പറയുന്നത് . ഗവർണർക്ക് ഭരണഘടന സംരക്ഷണം ഉള്ളതിനാല്‍ കേസെടുക്കുന്നതിൽ ബംഗാൾ പൊലീസ് നിയമോപദേശം തേടിയിട്ടുണ്ട്. വിവാദത്തിനിടെ ഇന്ന് കൊച്ചിയിലെത്തിയ സിവി ആനന്ദ ബോസ സത്യം ജയിക്കുമെന്ന് പ്രതികരിച്ചു. അഴിമതിക്കും അക്രമത്തിനും എതിരെയുള്ള പോരാട്ടം തുടരുമെന്നും ആനന്ദബോസ് പ്രതികരിച്ചു.
ജീവനക്കാരിയെ ഗവർണ്ണർ നേരത്തെ ശാസിച്ചതാണ് പരാതിക്ക് കാരണമെന്നാണ് രാജ്ഭവൻ വിശദീകരണം. പ്രധാനമന്ത്രി നരേന്ദ്രമോദി ബംഗാളിലെ റാലിക്കായി രാജ്ഭവനില്‍ താമസിക്കാനെത്തും മുമ്പാണ് പരാതി ഉയർന്നത്. വിഷയം രാഷ്ട്രീയ ആയുധമാക്കിയ തൃണമൂല്‍ കോണ്‍ഗ്രസ് ഇരക്ക് നീതി ലഭിക്കാൻ മോദിയും അമിത് ഷായും ഇടപെടണമെന്ന് ആവശ്യപ്പെട്ടു. രാജ്ഭവന്റെ വിശുദ്ധി കളങ്കപ്പെട്ടുവെന്നും ടിഎംസി കുറ്റപ്പെടുത്തി.
Last Updated May 3, 2024, 8:24 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]