

ഇതര സംസ്ഥാന തൊഴിലാളിയെ ജോലിക്കെന്ന വ്യാജേന കൂട്ടിക്കൊണ്ടുപോയി മണിക്കൂറുകള്‍ കെട്ടിയിട്ടു ; സംഭവത്തില്‍ ഒരാൾ പിടിയിൽ
സ്വന്തം ലേഖകൻ
കോഴിക്കോട്: താമരശ്ശേരിയില്‍ ഇതര സംസ്ഥാന തൊഴിലാളിയെ ജോലിക്കെന്ന വ്യാജേന കൂട്ടിക്കൊണ്ടുപോയി മണിക്കൂറുകളോളം കെട്ടിയിട്ടു. താമരശ്ശേരി പി.സി. മുക്കില്‍ താമസിച്ച് ജോലിചെയ്യുന്ന പശ്ചിമബംഗാള്‍ സ്വദേശി നജ്മല്‍ ആല(18)ത്തിനെയാണ് ബൈക്കില്‍ എത്തിയ ആള് കൂട്ടിക്കൊണ്ടുപോയി കെട്ടിയിട്ടത്. സംഭവത്തില്‍ മലപ്പുറം വണ്ടൂര്‍ സ്വദേശി ബിനുവിനെ താമരശ്ശേരി പോലീസ് കസ്റ്റഡിയിലെടുത്തു.
കഴിഞ്ഞദിവസം രാവിലെ ഒമ്പതുമണിയോടെയാണ് ബുള്ളറ്റില്‍ എത്തിയ ബിനു അതിഥി തൊഴിലാളിയെ കയറ്റിക്കൊണ്ടുപോയത്. ഏറെനേരം ബൈക്കില്‍ കറങ്ങിയശേഷം താമരശ്ശേരി പള്ളിപ്പുറം ഭാഗത്തുള്ള ഫ്ളാറ്റില്‍ എത്തിച്ചു. ഫ്ളാറ്റിനുള്ളിലേക്ക് കടന്നതോടെ ആക്രമിക്കുകയും കൈ പിന്നിലേക്ക് കെട്ടി ജനലില്‍ ബന്ധിക്കുകയും ചെയ്തുവെന്ന് യുവാവ് പറയുന്നു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
| |
മുഖം ഉള്‍പ്പെടെ മൂടിക്കെട്ടി. ഇതിനിടെ സുഹൃത്തുക്കള്‍ക്ക് വീഡിയോ കോളിലൂടെ കെട്ടിയിട്ട രംഗം കാണിച്ചുകൊടുക്കുകയും ചെയ്തു. അക്രമിയുടെ ശ്രദ്ധ മാറിയപ്പോള്‍ നജ്മല്‍ ആലം കാലുകൊണ്ട് ഏറെനേരം പരിശ്രമിച്ച് ലൊക്കേഷന്‍ മൊബൈലിലൂടെ സുഹൃത്തുക്കള്‍ക്ക് അയച്ചുകൊടുത്തു. രാത്രി പത്തുമണിയോടെ ഇവര്‍ നാട്ടുകാരുടെ സഹായത്തോടെ ഫ്ളാറ്റ് വളയുകയും വിവരം പോലീസില്‍ അറിയിക്കുകയുമായിരുന്നു.
അവശനിലയില്‍ കണ്ടെത്തിയ നജ്മല്‍ ആലത്തിനെ താമരശ്ശേരി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. പ്രതിയെ സംഭവ സ്ഥലത്തുവെച്ച് തന്നെ പോലീസ് കസ്റ്റഡിയില്‍ എടുത്തു. ഇയാളെ ചോദ്യം ചെയ്തു വരികയാണെന്നും അക്രമിയുടെ ലക്ഷ്യം എന്താണെന്ന് സംബന്ധിച്ച് വിവരങ്ങള്‍ ലഭ്യമായിട്ടില്ലെന്നും താമരശ്ശേരി ഇന്‍സ്പെക്ടര്‍ പ്രദീപ് അറിയിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]