
ദില്ലി: ജാമ്യാപേക്ഷയുമായി ജെറ്റ് എയർവേസ് സ്ഥാപകൻ നരേഷ് ഗോയൽ കോടതിയിൽ. ഭാര്യയും താനും ക്യാൻസർ ബാധിതരാണെന്നും ജാമ്യം അനുവദിക്കണമെന്നും ആവശ്യപ്പെട്ടാണ് നരേഷ് ഗോയൽ ബോംബെ ഹൈക്കോടതിയെ സമീപിച്ചത്. ഗോയലിൻ്റെ മെഡിക്കൽ ജാമ്യാപേക്ഷയിൽ കോടതി വിധി പറയാൻ മാറ്റി. കോടതി ഉത്തരവ് പുറപ്പെടുവിക്കുന്ന മെയ് 6 വരെ ഗോയലിനെ പ്രവേശിപ്പിച്ചിരിക്കുന്ന സ്വകാര്യ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്യരുതെന്ന് ജസ്റ്റിസ് എൻ ജെ ജമാദാറിൻ്റെ സിംഗിൾ ബെഞ്ച് ഉത്തരവിട്ടു.
താനും ഭാര്യ അനിതാ ഗോയലും ക്യാൻസർ ബാധിതരാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഗോയൽ ഇടക്കാല ജാമ്യം തേടിയത്. ഗോയലിനെതിരായ കള്ളപ്പണം വെളുപ്പിക്കൽ ഗൗരവമുള്ളതാണെന്നും എന്നാൽ മാനുഷിക പരിഗണനയുടെ അടിസ്ഥാനത്തിലാണ് ജാമ്യം തേടുന്നതെന്നും ഗോയലിന് വേണ്ടി ഹാജരായ അഭിഭാഷകരായ ഹരീഷ് സാൽവെ, ആബാദ് പോണ്ട, അമീത് നായിക് എന്നിവർ വാദിച്ചു. ഭാര്യ അനിത ഗോയൽ മാസങ്ങൾ മാത്രം ജീവിക്കുകയുള്ളൂവെന്നും ഡോക്ടർമാർ വിധിയെഴുതിയെന്നും ജാമ്യാപേക്ഷയിൽ പറയുന്നു.
അതേസമയം, വാദം കേൾക്കുന്നതിനിടെ ഇടക്കാല മെഡിക്കൽ ജാമ്യാപേക്ഷയെ എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് എതിർക്കുകയും സ്വകാര്യ ആശുപത്രിയിൽ താമസിക്കുന്നത് ഒരു മാസത്തേക്ക് നീട്ടാമെന്ന് പറയുകയും ചെയ്തു. ഗോയലിന് കൃത്യമായ ചികിത്സ ലഭിക്കുന്നുണ്ടെന്നും അദ്ദേഹത്തെ ശ്രദ്ധിക്കുന്നുണ്ടെന്നും അന്വേഷണ ഏജൻസിക്ക് വേണ്ടി ഹാജരായ അഭിഭാഷകരായ ഹിറ്റെൻ വെനേഗാവ്കറും ആയുഷ് കേഡിയയും പറഞ്ഞു. ഫെബ്രുവരിയിൽ പ്രത്യേക കോടതി നരേഷ് ഗോയലിന് ജാമ്യം നിഷേധിച്ചെങ്കിലും ഗോയലിന് ഇഷ്ടമുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കാനും ചികിത്സ തേടാനും അനുമതി നൽകിയിരുന്നു. എന്നാൽ ഇടക്കാല ജാമ്യത്തിനായി ബോംബെ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.
ജെറ്റ് എയർവേയ്സിന് കാനറ ബാങ്ക് നൽകിയ 538.62 കോടി രൂപ കള്ളപ്പണം വെളുപ്പിച്ചുവെന്ന ആരോപണത്തിൽ 2023 സെപ്റ്റംബറിലാണ് എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് നരേഷ് ഗോയലിനെ അറസ്റ്റ് ചെയ്തത്. 2023 നവംബറിൽ അന്വേഷണ ഏജൻസി കേസിൽ കുറ്റപത്രം സമർപ്പിച്ചു. കേസിൽ ഭാര്യ അനിത ഗോയൽ അറസ്റ്റിലായെങ്കിലും പ്രായവും ആരോഗ്യസ്ഥിതിയും പരിഗണിച്ച് അന്നുതന്നെ പ്രത്യേക കോടതി അവർക്ക് ജാമ്യം അനുവദിക്കുകയായിരുന്നു.
Last Updated May 3, 2024, 6:02 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]