
ഷാർജ: ഷാർജ എമിറേറ്റിലെ പ്രധാന ഷോപ്പിങ് കേന്ദ്രമായ സഫീർ മാൾ അടച്ചു പൂട്ടിയതിന്റെ കാരണം വ്യക്തമാക്കി ഉടമകൾ. മാളിന്റെ മുൻവശത്തുള്ള പേരും ലോഗോയും ഉൾപ്പടെയുള്ള ബോർഡുകൾ കഴിഞ്ഞ ദിവസം അഴിച്ചുമാറ്റിയതോടെയാണ് മാൾ അടച്ചുപൂട്ടിയെന്ന വിവരം പുറത്തറിയുന്നത്. എന്നാൽ, മാൾ അടച്ചുപൂട്ടാനുള്ള കാരണങ്ങൾ ഒന്നും തന്നെ മാൾ ഉടമകൾ വ്യക്തമാക്കിയിരുന്നില്ല.
സഫീർ മാൾ പ്രവർത്തിച്ചിരുന്ന കെട്ടിടം അതിന്റെ ഉടമയ്ക്ക് ജനുവരിയിൽ തിരികെ കൈമാറിയതായി സഫീർ ഗ്രൂപ്പ് ഓഫ് കമ്പനീസ് മാർക്കറ്റിങ് മാനേജർ ഓം പ്രകാശ് പറഞ്ഞു. 19 വർഷങ്ങൾക്ക് മുൻപ് മാൾ പ്രവർത്തിപ്പിക്കുന്നതിനായി ഒരാളിൽ നിന്നും ഈ കെട്ടിടം വാടകയ്ക്ക് എടുത്തതായിരുന്നു. കെട്ടിടം ഉടമയ്ക്ക് കൈമാറുമ്പോഴേക്കും തന്നെ ഇവിടെ പ്രവർത്തിച്ചിരുന്ന ഏകദേശം സ്ഥാപനങ്ങളും ഒഴിഞ്ഞിരുന്നു. ചില കടകൾ മാത്രമാണ് ഇപ്പോഴും മാളിനുള്ളിൽ പ്രവർത്തിക്കുന്നത്. ഇവർ പുതിയ മാനേജ്മെൻ്റുമായി കടകൾ തുടരുന്നതിനുള്ള ചർച്ചകൾ നടത്തിവരികയാണെന്നും ഓം പ്രകാശ് പറഞ്ഞു.
അതേസമയം, വെസ്റ്റേൺ ഇന്റർനാഷണൽ ഗ്രൂപ്പ് ആണ് സഫീർ മാളിന്റെ കെട്ടിടം സ്വന്തമാക്കിയിരിക്കുന്നതെന്ന് ഗൾഫ് ന്യൂസ് റിപ്പോർട്ട് ചെയ്തു. നെസ്റ്റോ, മാർക്ക് ആൻഡ് സേവ്, ഗീപാസ്, റോയൽഫോർഡ് തുടങ്ങിയ ബ്രാൻഡുകളുടെ മാതൃ കമ്പനിയാണ് വെസ്റ്റേൺ ഇന്റർനാഷണൽ. ഇതിന്റെ ഗ്രൂപ്പ് ഡയറക്ടർ നവാസ് ബഷീറാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. സഫീർ മാളിന്റെ മാനേജ്മെന്റ് മാറുകയാണെന്നും വെസ്റ്റേൺ ഇന്റർനാഷണൽ ഗ്രൂപ്പാണ് കമ്പനിയുടെ സ്വത്ത് ഏറ്റെടുത്തിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. മാളിന്റെ പുതിയ പേര് ഇതുവരെയും പുറത്തുവിട്ടിട്ടില്ല. അത് ഉടൻ തന്നെ പുറത്തുവിടുമെന്നും നവാസ് ബഷീർ പറഞ്ഞു. കെട്ടിടത്തിൽ നവീകരണ പ്രവർത്തനങ്ങൾ നടന്നുവരികയാണ്. അവിടെ തുടരുന്ന കച്ചവടക്കാരുടെ കാര്യത്തിൽ ചർച്ചകൾ നടക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. മാൾ നവീകരിച്ച് ഷാർജയിലെ അടുത്ത ഷോപ്പിംഗ് ഡെസ്റ്റിനേഷനാക്കി മാറ്റുക എന്നതാണ് തങ്ങളുടെ ലക്ഷ്യമെന്ന് നവാസ് ബഷീർ കൂട്ടിത്തേർത്തു.
ഷാർജയിലെ അൽഖാൻ റോഡിലെ പ്രധാന ലാൻഡ്മാർക്ക് ആയിരുന്ന സഫീർ മാൾ പൗരന്മാരുടെയും പ്രവാസികളുടെയും ഒത്തുചേരലിനുള്ള മുഖ്യ ഇടം കൂടിയായിരുന്നു. 2005ൽ അൽ സഫീർ ഗ്രൂപ്പ് നിർമിച്ചതാണ് ഈ ഷോപ്പിങ് കേന്ദ്രം. തുടക്കം ഡിസ്കൗണ്ട് സെന്ററായിട്ടായിരുന്നെങ്കിലും പിന്നീട് മാൾ ആയി വിപുലീകരിക്കുകയായിരുന്നു. മാളുകളുടെ തുടക്ക കാലം ആയതുകൊണ്ട് തന്നെ സഫീർ മാളിന് വലിയ ജനപ്രീതിയാണ് ലഭിച്ചിരുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]