
ടെൽ അവീവ്: ഗാസയിൽ പുതിയ വെടിനിർത്തൽ കരാറിനെക്കുറിച്ചുള്ള ചർച്ചകൾ സജീവമായിരിക്കവെ ഹമാസിനെതിരെ പുതിയ നീക്കവുമായി ഇസ്രയേൽ. ഹമാസിനെ ഇന്ത്യ ഭീകര സംഘടനയായി പ്രഖ്യാപിക്കണമെന്ന ആവശ്യമാണ് ഇസ്രായേൽ ഇപ്പോൾ ശക്തമാക്കിയിരിക്കുന്നത്. കഴിഞ്ഞ മാസം ‘കശ്മീർ ഐക്യദാർഢ്യ ദിനത്തിൽ’ നിരവധി ഹമാസ് നേതാക്കൾ പാക് അധീന കശ്മീരിൽ എത്തിയെന്ന് നേരത്തെ തന്നെ റിപ്പോർട്ടുകളുണ്ടായിരുന്നു. ഇത് മുൻനിർത്തിയാണ് ഹമാസിനെ ഭീകര സംഘടനായി ഇന്ത്യ പ്രഖ്യാപിക്കണമെന്നും നിരോധിക്കണമെന്നുമുള്ള സമ്മർദ്ദം ഇസ്രയേൽ ശക്തമാക്കിയിരിക്കുന്നത്.
യൂറോപ്യൻ യൂണിയനും അമേരിക്കയും ഉൾപ്പെടെ നിരവധി രാജ്യങ്ങൾ ഹമാസിനെ ഭീകര സംഘടനയായി പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും ഇന്ത്യ അങ്ങനെ ചെയ്തിട്ടില്ല. ഭീകര വിരുദ്ധ പോരാട്ടത്തിൽ ഇസ്രയേലിനെയാണ് ഇന്ത്യ പിന്തുണയ്ക്കുന്നതെങ്കിലും ഹമാസിനെ നിരോധിച്ചിട്ടില്ല. 2023 ഒക്ടോബർ 7 ന് ഇസ്രായേലിനെതിരായ ഹമാസിന്റെ ഭീകരാക്രമണത്തെ ശക്തമായി അപലപിച്ചപ്പോൾ പോലും ഭീകര സംഘടനയായി പ്രഖ്യാപിക്കാൻ ഇന്ത്യ തയ്യാറായിരുന്നില്ല. ഈ സാഹചര്യത്തിലാണ് ഇസ്രയേൽ വീണ്ടും സമ്മർദ്ദം ശക്തമാക്കിയിരിക്കുന്നത്.
കഴിഞ്ഞ മാസം ഹമാസ് നേതാക്കളെ പാക് അധീന കശ്മീരിൽ കണ്ടെത്തിയത് ഗൗരവമായി കാണണമെന്നാണ് ഇന്ത്യക്ക് ഇസ്രായേൽ നൽകുന്ന മുന്നറിയിപ്പ്. ഐക്യരാഷ്ട്രസഭ നിരോധിത ഭീകര സംഘടനകളായി പ്രഖ്യാപിച്ചിട്ടുള്ള ലഷ്കർ-ഇ-തൊയ്ബ (എൽ ഇ ടി), ജെയ്ഷ്-ഇ-മുഹമ്മദ് (ജെ എം) എന്നിവയിലെ അംഗങ്ങൾ ഹമാസ് നേതാക്കളോടൊപ്പം പി ഒ കെയിൽ ഒത്തുചേർന്നത് ഇതാദ്യമായിരിക്കാമെന്നും സാഹചര്യം സൂക്ഷ്മമായി നിരീക്ഷിക്കണമെന്നും ഇസ്രയേൽ മുന്നറിയിപ്പ് നൽകിയതായും റിപ്പോർട്ടുകൾ പറയുന്നുണ്ട്. മുംബൈ ഭീക്രരാമണത്തിന് പിന്നിലെ ശക്തികളായ ലഷ്കർ-ഇ-തൊയ്ബയെ ഇസ്രായേൽ നിരോധിച്ചിട്ടും ഇസ്രയേലിൽ ഭീകരാക്രമണം നടത്തിയ ഹമാസിനെ ഇന്ത്യ നിരോധിക്കാത്തത് അനുചിതമാണെന്ന അഭിപ്രായമാണ് അവർ മുന്നോട്ട് വയ്ക്കുന്നത്. പാകിസ്ഥാനിൽ കശ്മീർ വിഘടനവാദികളുടെ യോഗത്തിൽ ഹമാസ് പ്രതിനിധികൾ പങ്കെടുത്ത സാഹചര്യത്തിൽ ഇന്ത്യ, ഹമാസിനെ നിരോധിക്കാൻ ഇനിയും വൈകരുതെന്നാണ് ഇസ്രയേലിന്റെ ആവശ്യം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]