
ബെംഗളൂരു: സി കെ നായിഡു ട്രോഫിയില്‍ കേരളവും കര്‍ണാടകയും തമ്മിലുള്ള മത്സരം സമനിലയില്‍ അവസാനിച്ചു. 383 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിങ്ങിന് ഇറങ്ങിയ കര്‍ണാടക നാല് വിക്കറ്റിന് 241 റണ്‍സെടുത്ത് നില്‍ക്കെ മത്സരം അവസാനിക്കുകയായിരുന്നു. നേരത്തെ കേരളം രണ്ടാം ഇന്നിങ്സ് എട്ട് വിക്കറ്റിന് 395 റണ്‍സെന്ന നിലയില്‍ ഡിക്ലയര്‍ ചെയ്തിരുന്നു. ഏഴ് വിക്കറ്റിന് 341 റണ്‍സെന്ന നിലയില്‍ അവസാന ദിവസം ബാറ്റിങ് തുടങ്ങിയ കേരളം 54 റണ്‍സ് കൂടി കൂട്ടിച്ചേര്‍ത്തു. കിരണ്‍ സാഗറും എം യു ഹരികൃഷ്ണണനും ചേര്‍ന്നുള്ള കൂട്ടുകെട്ടില്‍ 104 റണ്‍സാണ് പിറന്നത്.
88 പന്തുകളില്‍ മൂന്ന് ഫോറും നാല് സിക്സുമടക്കം 91 റണ്‍സ് നേടിയ കിരണ്‍ സാഗറുടെ പ്രകടനമാണ് കൂടുതല്‍ ശ്രദ്ധേയമായത്. കിരണ്‍ പുറത്തായതോടെ കേരളം ഇന്നിങ്സ് ഡിക്ലയര്‍ ചെയ്തു. ഹരികൃഷ്ണന് 31 റണ്‍സുമായി പുറത്താകാതെ നിന്നു. കര്‍ണ്ണാടകയ്ക്ക് വേണ്ടി ശശികുമാര്‍ അഞ്ച് വിക്കറ്റുകള്‍ വീഴ്ത്തി. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ കര്‍ണ്ണാടകയ്ക്ക് ഓപ്പണര്‍മാര്‍ മികച്ച തുടക്കമാണ് നല്‍കിയത്. പ്രഖര്‍ ചതുര്‍വേദിയും മക്നീലും ചേര്‍ന്ന് 90 റണ്‍സ് കൂട്ടിച്ചേര്‍ത്തു. പ്രഖര്ചതുര്വേദി 54 റണ്‍സെടുത്ത് പുറത്തായി.
തുടര്‍ന്നെത്തിയ ഹര്‍ഷില്‍ ധര്‍മാനി 31ഉം ക്യാപ്റ്റ്ന് അനീശ്വര്‍ ഗൌതം 26ഉം റണ്‍സെടുത്ത് പുറത്തായെങ്കിലും മറുവശത്ത് ഉറച്ച് നിന്ന മക്നീല്‍ സെഞ്ച്വറി പൂര്‍ത്തിയാക്കി. കളി നിര്‍ത്തുമ്പോള്‍ മക്നീല്‍ 103ഉം കൃതിക് ശര്‍മ്മ എട്ട് റണ്‍സുമായി പുറത്താവാതെ നില്‍ക്കുകയായിരുന്നു. കേരളത്തിന് വേണ്ടി ഹരികൃഷ്ണനും കിരണ്‍ സാഗറും അഹ്മദ് ഇമ്രാനും ഓരോ വിക്കറ്റ് വീതം വീഴ്ത്തി. മല്‍സരത്തില്‍ നിന്ന് കേരളത്തിന് എട്ടും കര്‍ണ്ണാടകയ്ക്ക് പത്തും പോയിന്റുകള്‍ ലഭിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]