2024 ജൂൺ അഞ്ചിനാണ് ബോയിംഗിന്റെ സ്റ്റാർലൈനറിൽ മനുഷ്യരെയും വഹിച്ചുള്ള ഐഎസ്എസ് യാത്രയുടെ പരീക്ഷണത്തിന്റെ ഭാഗമായി സുനിത വില്യംസും ബുച്ച് വിൽമോറും ഭൂമിയിൽ നിന്ന് പുറപ്പെട്ടത്. ജൂൺ ഏഴിന് ബഹിരാകാശ നിലയത്തിലെത്തി 13ന് മടങ്ങാനായിരുന്നു പദ്ധതി. എന്നാൽ, സ്റ്റാർലൈനർ പേടകത്തിന്റെ ത്രസ്റ്ററുകൾക്കുണ്ടായ തകരാറുകളും ഹീലിയം ചോർച്ചയും കാരണം മടക്കയാത്ര നീണ്ടു. ഇരുവരെയും മടക്കിയെത്തിക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്.
ഇടയ്ക്കിടെ സുനിത വില്യംസിന്റെയും ബുച്ച് വിൽമോറിന്റെയും ചിത്രങ്ങൾ നാസ പുറത്തുവിടാറുണ്ട്. ചിത്രങ്ങൾ കാണുമ്പോൾ പല തരത്തിലുള്ള സംശയങ്ങളാണ് ലോകമെമ്പാടുമുള്ള ജനങ്ങളിൽ ഉണ്ടാവുന്നത്. സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന ചിത്രങ്ങൾക്ക് താഴെ ഇവർ കമന്റായി സംശയങ്ങൾ രേഖപ്പെടുത്താറുമുണ്ട്. അത്തരത്തിലുള്ള ചില സംശയമാണ് മാസങ്ങളോളം ബഹിരാകാശത്ത് താമസിക്കുന്ന ഇവരുടെ ഭക്ഷണം, വ്യായാമം എന്നീ കാര്യങ്ങളെക്കുറിച്ച്. എന്നാൽ, ഇതിലും കൗതുകകരമായ ഒരു ചോദ്യമാണ് ബഹിരാകാശ യാത്രികർ വസ്ത്രം കഴുകാറുണ്ടോ എന്നത്. ഈ സംശയങ്ങൾക്കെല്ലാമുള്ള മറുപടി അറിയാം.
യഥാർത്ഥത്തിൽ വസ്ത്രങ്ങൾ കഴുകുന്നുണ്ടോ?
സുനിത വില്യംസിന്റെ യാത്രയ്ക്ക് മുമ്പുവരെ ഇത്തരമൊരു സംശയം ആരിലും ഉണ്ടായിരുന്നില്ല. കാരണം വളരെ കുറച്ച് ദിവസങ്ങൾ മാത്രമേ യാത്രികർ ബഹിരാകാശത്ത് നിന്നിരുന്നുള്ളു. എന്നാൽ, ഇപ്പോൾ സുനിത വില്യംസും ബുച്ച് വിൽമോറും മാസങ്ങളായി ബഹിരാകാശത്ത് കഴിയുകയാണ്. വളരെ കുറച്ച് വസ്ത്രങ്ങൾ മാത്രമായിരിക്കും ഇവരുടെ കൈവശം ഉണ്ടായിരുന്നത്. അവ മുഷിഞ്ഞുകഴിഞ്ഞാൽ എങ്ങനെ അലക്കും? ബഹിരാകാശത്തുള്ളവർ വിയർക്കില്ലേ തുടങ്ങിയ സംശയങ്ങളാണ് പലരും ഉയർത്തുന്നത്.
ബഹിരാകാശ യാത്രകർ വസ്ത്രങ്ങൾ കഴുകാറില്ല. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ അതിനുള്ള സൗകര്യം ഉണ്ടെങ്കിൽ പോലും ആവശ്യത്തിനുള്ള വസ്ത്രങ്ങൾ കൊണ്ടുപോകാറാണ് പതിവ്. നിലവിൽ സുനിതയ്ക്കും വിൽമോറിനും അവശ്യമായ വസ്ത്രങ്ങൾ കാർഗോ റീസപ്ലൈ ദൗത്യങ്ങൾ വഴിയാണ് എത്തിച്ച് നൽകുന്നത്. ബഹിരാകാശത്ത് വെള്ളം കുറവായതിനാലാണ് ഇവർ വസ്ത്രങ്ങൾ അവിടെ വച്ച് അലക്കാത്തത്.
ബഹിരാകാശ യാത്രികർ വിയർക്കില്ലേ?
ഭൂമിയിലേതുപോലെ അല്ല. ബഹിരാകാശ യാത്രികർ ആഴ്ചകളോളം ഒരേ വസ്ത്രം തന്നെ ധരിക്കുന്നു. ഇതിന് കാരണം ബഹിരാകാശത്ത് പൊടിയില്ല എന്നതാണ്. അതിനാൽ വസ്ത്രങ്ങളിൽ അഴുക്ക് പറ്റാറില്ല. മാത്രമല്ല, അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെ നിയന്ത്രിത താപനില കാരണം ഇവർ വിയർക്കാനുള്ള സാദ്ധ്യതയുമില്ല. എന്നാൽ, ആരോഗ്യം നിലനിർത്തുന്നതിന്റെ ഭാഗമായി രണ്ടുപേരും നല്ല രീതിയിൽ വ്യായാമം ചെയ്യാറുണ്ട്. ഇങ്ങനെ നിരന്തരം വിയർക്കുമ്പോഴാണ് ഇവരുടെ വസ്ത്രങ്ങൾ മുഷിയുന്നത്.
ഉപയോഗിച്ച വസ്ത്രങ്ങൾ
പിന്നീട് ധരിക്കാൻ കഴിയാത്തത്രയും മലിനമാകുമ്പോൾ മാത്രമാണ് ബഹിരാകാശ യാത്രികർ തന്റെ വസ്ത്രങ്ങൾ ഉപേക്ഷിക്കുന്നത്. ഇവ കാർഗോ വാഹനങ്ങളിൽ പാക്ക് ചെയ്ത് ഭൂമിയിലേക്ക് തിരികെ കൊണ്ടുവരികയോ ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് തിരികെ പ്രവേശിക്കുമ്പോൾ കത്തിക്കുകയോ ചെയ്യുകയാണ് പതിവ്.
സുസ്ഥിരമായ പരിഹാരം
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ചൊവ്വയിലും ബഹിരാകാശത്തുമായി മനുഷ്യരെ എത്തിക്കുന്ന നിരവധി ദൗത്യങ്ങൾ ഒരുങ്ങിക്കൊണ്ടിരിക്കുകയാണ്. ഈ ദൗത്യങ്ങളിൽ പങ്കെടുക്കുന്ന ബഹിരാകാശ യാത്രികർ അമിതമായ അളവിൽ വസ്ത്രങ്ങൾ കൊണ്ടുപോകുന്നത് ബഹിരാകാശ പേടകത്തിന് അനാവശ്യമായ ഭാരം വർദ്ധിപ്പിക്കും. അതിനാൽ, വലിയ അളവിൽ വെള്ളം ഉപയോഗിക്കാതെ ബഹിരാകാശത്ത് വസ്ത്രങ്ങൾ കഴുകാനുള്ള മാർഗങ്ങൾ കണ്ടെത്തേണ്ടത് അനിവാര്യമാണ്. ഇതിനായുള്ള പരീക്ഷണങ്ങൾ നടക്കുകയാണെന്നും വിവരമുണ്ട്.
2023ൽ സാധാരണ വസ്ത്രം അലക്കാൻ ഉപയോഗിക്കുന്നതിന്റെ പകുതി മാത്രം വെള്ളം വേണ്ടിവരുന്ന ടൈഡ് ഇൻഫിനിറ്റി എന്ന ഒരു പ്രത്യേക ഡിറ്റർജന്റ് വികസിപ്പിച്ചെടുത്തിരുന്നു. എന്നാൽ, നാസ ഇതുവരെ അത് നടപ്പിലാക്കിയിട്ടില്ല. ചന്ദ്രനിലും ചൊവ്വയിലും പ്രവർത്തിക്കാൻ കഴിയുന്ന ഒരു വാഷർ – ഡ്രയർ പരീക്ഷണവും ഗവേഷകർ നടത്തുന്നുണ്ട്. യാഥാർത്ഥ്യമായിക്കഴിഞ്ഞാൽ ഭൂമിയിലെ വരണ്ട പ്രദേശങ്ങളിലും ഈ സാങ്കേതിക വിദ്യ ഗുണം ചെയ്യും.