കേന്ദ്രധനമന്ത്രി നിർമ്മലാ സീതാരാമൻ മൂന്നാം മോദി സർക്കാരിന്റെ ആദ്യ സമ്പൂർണ ബഡ്ജറ്റ് അവതരിപ്പിച്ചപ്പോൾ ഏറ്റവും കൂടുതൽ സന്തോഷിച്ചത് മദ്ധ്യവർഗത്തിൽപ്പെട്ടവരാണ്. 12 ലക്ഷം രൂപ വരെ വരുമാനമുളളവർ ആദായ നികുതി അടയ്ക്കേണ്ടെന്ന പ്രഖ്യാപനമാണ് ആ സന്തോഷത്തിന് പ്രധാന കാരണം. ഡൽഹി തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടാണ് ഈ പ്രഖ്യാപനമെന്ന വിമർശനം ഉയരുന്നുണ്ടെങ്കിലും ഒരു ലക്ഷം രൂപ വരെ മാസം വരുമാനം വാങ്ങുന്നവർ നികുതിയായി നൽകേണ്ട കൊടുത്തിരുന്ന തുക ഇനി മാറ്റിവയ്ക്കാം.
ഇതോടൊപ്പം എല്ലാവർക്കും സന്തോഷം നൽകുന്ന മറ്റൊരു പ്രഖ്യാപനം ഇലക്ട്രിക് വാഹനങ്ങളുമായി ബന്ധപ്പെട്ടവയായിരുന്നു. ഇന്ത്യയിൽ ഇലക്ട്രിക് മൊബിലിറ്റി പ്രോത്സാഹിപ്പിക്കുന്ന പദ്ധതികൾ 20 ശതമാനം വർധിച്ചു. 2024-25ൽ 4,434.92 കോടി രൂപയായിരുന്നത് ഏറ്റവും പുതിയ ബജറ്റിൽ 5,322 കോടി രൂപയായി. കൂടാതെ, വിവിധ തരത്തിലുള്ള ഇലക്ട്രിക് വാഹനങ്ങളെയും പബ്ലിക് ചാർജിംഗ് സ്റ്റേഷനുകളെയും പിന്തുണയ്ക്കുന്നതിനുള്ള പിഎം ഇഡ്രൈവ് സ്കീം 2026 സാമ്പത്തിക വർഷത്തിൽ 114 ശതമാനം വർധിച്ച് 4,000 കോടി രൂപയായി.
ഇ-മൊബിലിറ്റി പ്രോത്സാഹിപ്പിക്കുന്നതിനായി വിവിധ പദ്ധതികൾ പ്രഖ്യാപിക്കുന്നതിനൊപ്പം ഇലക്ട്രിക് വാഹനങ്ങളുടെ വില കുറയ്ക്കാൻ വേണ്ട പ്രഖ്യാപനങ്ങളും ഈ വർഷത്തെ ബഡ്ജറ്റിലെ പ്രധാന ശ്രദ്ധാകേന്ദ്രമാണ്.
ഇലക്ട്രിക് വാഹനങ്ങൾക്ക് വില കുറയുന്നത് എങ്ങനെ?
തദ്ദേശിയമായ നിർമ്മാണം പ്രോത്സാഹിപ്പിക്കുന്നതിനായി കൊബാൾട്ട് പൗഡർ, ലിഥിയംഅയൺ ബാറ്ററി മാലിന്യങ്ങളും സ്ക്രാപ്പും, ലെഡ്, സിങ്ക്, 12ഓളം വരുന്ന മറ്റ് നിർണായക ധാതുക്കൾ തുടങ്ങിയ പ്രധാന വസ്തുക്കളിൽ നികുതി ഇളവുകളും അടിസ്ഥാന കസ്റ്റംസ് ഡ്യൂട്ടി (ബിസിഡി) പൂർണമായും ഒഴിവാക്കിയെന്ന് ധനമന്ത്രി പ്രഖ്യാപിച്ചു. ഇവി നിർമ്മാണ കമ്പനികൾക്ക് തങ്ങളുടെ ബാറ്ററി നിർമ്മാണവുമായി ബന്ധപ്പെട്ട ഉയർന്ന ചെലവ് കുറയ്ക്കാൻ ഈ പ്രഖ്യാപനം സഹായിക്കും. ഇതോടെ ഭാവിയിൽ ഇന്ത്യയിൽ നിർമ്മിക്കുന്ന ഇലക്ട്രിക് വാഹനങ്ങൾക്ക് വില കുറയും. കൂടുതൽ പേർ ഇവിയിലേക്ക് കടക്കാനും ഈ തീരുമാനം സഹായിക്കുമെന്നാണ് വിലയിരുത്തുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
പ്രതികരിച്ച് നിർമ്മാണ കമ്പനികൾ
ബഡ്ജറ്റ് പ്രഖ്യാപനത്തിലുള്ള സന്തോഷം വാഹന നിർമ്മാണ കമ്പനികളും പങ്കുവച്ചു. ബാറ്ററി നിർമ്മാണത്തിനുള്ള പ്രധാന സാമഗ്രികളുടെ അടിസ്ഥാന കസ്റ്റംസ് തീരുവ എടുത്തുകളയുന്നത് ആഭ്യന്തര ഇവി ഉൽപ്പാദനം വർദ്ധിപ്പിക്കാൻ കാരണമാകുമെന്ന് ടാറ്റ മോട്ടോർസ് എക്സിക്യൂട്ടീവ് ഡയറക്ടർ ഗിരിഷ് വാഗ് പറഞ്ഞു. രാജ്യത്ത് സുസ്ഥിരമായ ഒരു ആവാസവ്യവസ്ഥയെ പരിപോഷിപ്പിക്കുന്നതിനും ഹരിത സമ്പദ്വ്യവസ്ഥയിലേക്ക് മാറാനുള്ള ഒരു തന്ത്രപരമായ നീക്കമാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കേന്ദ്ര സർക്കാർ ലക്ഷ്യം
2030ലേക്ക് കടക്കുന്നതോടെ ഇന്ത്യയിൽ 30 ശതമാനം ഇവികളാക്കി മാറ്റുകയെന്ന ലക്ഷ്യം കേന്ദ്ര സർക്കാരിനുണ്ട്. അതുകൊണ്ട് ജനങ്ങൾക്ക് താങ്ങാനാവുന്ന വിലയിൽ വൈദ്യുത വാഹനങ്ങൾ ലഭ്യമാക്കണം. ഈ ബഡ്ജറ്റ് പ്രഖ്യാപനം അതിനുവേണ്ടിയാണ്. ബാറ്ററി നിർമ്മാണത്തിലുണ്ടാകുന്ന പ്രവർത്തന ചെലവുകളിലെ കുറവ് ഇന്ത്യയുടെ ഇവി ബാറ്ററി വ്യവസായത്തെ ഉത്തേജിപ്പിക്കുകയും ആഭ്യന്തര ഉൽപ്പാദന ശേഷി വർദ്ധിക്കുകയും ചെയ്യും. ഇലക്ട്രിക് വാഹന ബാറ്ററികളുടെ പ്രധാന ഘടകമായ ലിഥിയം ചൈനയിൽ നിന്നും അർജന്റീനയിൽ നിന്നും വരും വർഷങ്ങളിൽ ഇന്ത്യ ഇറക്കുമതി ചെയ്യേണ്ടി വരില്ലെന്ന ഉറപ്പാക്കുന്ന നയം സർക്കാർ കൊണ്ടുവരുമെന്ന് കേന്ദ്ര മന്ത്രി നിധിൻ ഗഡ്കരി പറഞ്ഞിരുന്നു.