തിരുവനന്തപുരം: റേഷൻ വ്യാപാരികൾക്ക് കൂടുതൽ വരുമാനം ഉറപ്പാക്കാൻ കൂടുതൽ റേഷൻ കടകൾ കെ സ്റ്റോറുകളാക്കി മാറ്റുന്നതിന് ഭക്ഷ്യവകുപ്പ് അനുമതി നൽകും. എല്ലാ കെ സ്റ്റോറുകളിലും കൂടുതൽ ഉൽപ്പന്നങ്ങൾ എത്തിക്കും.
കെ സ്റ്റോർ ആരംഭിക്കുന്നതിനുള്ള നിബന്ധനകളിൽ ഇളവ് നൽകും. വ്യവസായ വകുപ്പിന്റെ കീഴിലുള്ള സ്ഥാപനങ്ങളുടെ ഉൽപ്പന്നങ്ങളും കെ സ്റ്റോറുകളിൽ എത്തിക്കും. കശുഅണ്ടി കേര ഉൽപ്പന്നങ്ങൾ , സോപ്പുകൾ, കയർ, ഖാദി ഉൽപ്പന്നങ്ങൾ തുടങ്ങിയവയാണ് ലഭ്യമാക്കുന്നത്. വ്യവസായമന്ത്രി പി.രാജീവുമായി ഭക്ഷ്യമന്ത്രി ജി.ആർ. അനിൽ നടത്തിയ ചർച്ചയിലാണ് ഇക്കാര്യം തീരുമാനിച്ചത്. വകുപ്പ് സെക്രട്ടറിമാരും യോഗത്തിൽ പങ്കെടുത്തിരുന്നു.
ഒരു റേഷൻ കട കെ സ്റ്റോർ ആകുമ്പോൾ പ്രതിമാസ വരുമാനത്തിൽ 13,000 രൂപ മുതൽ 17,000 രൂപവരെ അധിക വരുമാനം ലഭിക്കുന്നുവെന്നാണ് വകുപ്പിന്റെ കണക്ക്. കൂടുതൽ ഉൽപ്പന്നങ്ങൾ എത്തുമ്പോൾ വരുമാനവും കൂടും. കമ്മിഷൻ വർദ്ധനവ് ആവശ്യപ്പെട്ടാണ് ഫെബ്രുവരി 27ന് റേഷൻ വ്യാപാരി സംഘടനകൾ സമരം നടത്തിയത്.
നിലവിൽ കെ സ്റ്റോറുകളിൽ സാധാരണ റേഷൻ ഭക്ഷ്യധാന്യങ്ങൾക്കു പുറമേ സപ്ലൈകോ ശബരി ഉൽപന്നങ്ങളുടെ വിൽപന, പതിനായിരം രൂപ വരെയുള്ള പണമിടപാടുകൾക്കുള്ള സൗകര്യം, പൊതുജന സേവനകേന്ദ്രങ്ങൾ, മിൽമ ഉൽപന്നങ്ങൾ, മിനി എൽ.പി.ജി സിലിണ്ടർ തുടങ്ങിയവയാണ് ഉണ്ടാവുക. അക്ഷയ കേന്ദ്രങ്ങൾ, സപ്ലൈകോ വിൽപനശാല, ബാങ്ക് എന്നിവയുടെ രണ്ടു കിലോമീറ്റർ ചുറ്റളവിൽ കെ സ്റ്റോർ അനുവദിക്കാൻ ഉണ്ടായിരുന്ന നിയന്ത്രണങ്ങൾ ഒഴിവാക്കിയിട്ടുണ്ട്.
1790: നിലവിലെ കെ സ്റ്റോറുകൾ
2,500: മാർച്ചോടെ ലക്ഷ്യമിടുന്നത്
`സർക്കാരിന്റെ നിയന്ത്രണത്തിലുള്ള സ്ഥാപനങ്ങളുടെ ഉൽപ്പന്നങ്ങൾ റേഷൻ കടകളിൽ എത്തിക്കുന്നത് ഗുണമേന്മ ഉറപ്പാക്കാനാണ്’.
– ജി.ആർ.അനിൽ,
ഭക്ഷ്യമന്ത്രി
ജനുവരിയിലെ റേഷൻ നാളെയും വാങ്ങാം
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
തിരുവനന്തപുരം: ജനുവരിയിലെ റേഷൻ നാളെ വരെ വാങ്ങാം. വിതരണം ഇന്ന് അവസാനിക്കേണ്ടതായിരുന്നു. ചില റേഷൻ കടകളിൽ മുഴുവൻ കാർഡുകാർക്കുമുള്ള ഭക്ഷ്യവസ്തുക്കൾ എത്തിയിട്ടില്ല എന്ന വിവരം ശ്രദ്ധയിൽപ്പെട്ടതുകൊണ്ടാണ് ഒരുദിവസം കൂടി നീട്ടിയതെന്ന് മന്ത്രി ജി.ആർ.അനിൽ അറിയിച്ചു. 6ന് മാസാന്ത്യ കണക്കെടുപ്പുമായി ബന്ധപ്പെട്ട് റേഷൻ വ്യാപാരികൾക്ക് അവധിയാണ്. 7 മുതൽ ഫെബ്രുവരിയിലെ വിതരണം ആരംഭിക്കും. സംസ്ഥാനത്ത് ഇന്നല വരെ 79 ശതമാനം പേർ റേഷൻ വാങ്ങി. മുൻഗണനാ വിഭാഗത്തിൽപ്പെട്ട മഞ്ഞ കാർഡുകാരിൽ 95.61 ശതമാനവും പിങ്ക് കാർഡുകാരിൽ 91.37 ശതമാവും റേഷൻ കൈപ്പറ്റി.
ഗതാഗത കരാറുകാരുടെ പണിമുടക്ക് കാരണം വാതിൽപ്പടി വിതരണം പൂർത്തീകരിക്കുന്നതിൽ കാലതാമസമുണ്ടായിരുന്നു. ഭക്ഷ്യധാന്യങ്ങൾ സമയബന്ധിതമായി എത്തിക്കാനുള്ള ചുമതല സർക്കാരിനെ പോലെ തന്നെ ഈ മേഖലയിൽ പ്രവർത്തിക്കുന്ന എല്ലാവർക്കുമുണ്ടെന്നും മന്ത്രി പറഞ്ഞു.