കൊച്ചി: ഗുണനിലവാരമില്ലാത്തതും കാലഹരണപെട്ടതുമായ സോളാർ പവർ പ്ലാന്റ് സ്ഥാപിച്ച കേസിൽ 2.70 ലക്ഷം രൂപ ഉപഭോക്താവിന് നഷ്ടപരിഹാരം നൽകണമെന്ന് എറണാകുളം ജില്ല ഉപഭോക്തൃ തർക്ക പരിഹാര കമ്മിഷൻ ഉത്തരവ്. മൂവാറ്റുപുഴ സ്വദേശി ഫ്രാൻസിസ് ജോൺ തൊടുപുഴയിലെ റക്കോ എനർജി ഇന്ത്യയ്ക്കെതിരെ സമർപ്പിച്ച പരാതിയിലാണ് ഉത്തരവ്.
അഞ്ചുവർഷം വാറണ്ടിയും അഞ്ചുവർഷം അധിക വാറണ്ടിയും ലഭിക്കുമെന്ന ഉറപ്പിലാണ് പരാതിക്കാരൻ വീട്ടിൽ സോളാർ പവർ പ്ലാന്റ് സ്ഥാപിച്ചത്. 2,55,760 രൂപയും നൽകി. വൈകാതെ പ്ലാന്റ് പ്രവർത്തനരഹിതമായി. 2,723 രൂപ കൂടുതലായി വൈദ്യുതി ബില്ലും പരാതിക്കാരനു ലഭിച്ചു. സാധാരണ 200 രൂപയായിരുന്നു ബില്ല്.
ഗണ്യമായ തുക സോളാർ പാനലിനു ചെലവഴിച്ച ശേഷം, വാഗ്ദാനം ചെയ്തത് പോലെയുള്ള ഫലം ഉപഭോക്താവിനു ലഭിച്ചില്ലെന്നതു വ്യക്തമാണെന്നു അഡ്വ. ഡി.ബി ബിനു അദ്ധ്യക്ഷനായ ബെഞ്ച് വിലയിരുത്തി.
ചെലവായ 2,55,760 രൂപയും നഷ്ടപരിഹാരം കോടതി ചെലവ് ഇനങ്ങളിൽ 15,000 രൂപയും 45 ദിവസത്തിനകം ഉപഭോക്താവിനു നൽകാൻ എതിർകക്ഷികൾക്ക് ഉത്തരവു നൽകി. പരാതിക്കാരനു വേണ്ടി അഡ്വ. ടോം ജോസഫ് ഹാജരായി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]