വാഷിംഗ്ടൺ: മെക്സിക്കോയ്ക്ക് മേൽ 25 ശതമാനം ഇറക്കുമതി താരിഫ് ചുമത്താനുള്ള ഉത്തരവ് ഒരു മാസത്തേക്ക് മരവിപ്പിച്ച് യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. താരിഫ് ഇന്ന് നിലവിൽ വരേണ്ടതായിരുന്നു. മെക്സിക്കൻ പ്രസിഡന്റ് ക്ലൗഡിയ ഷെയ്ൻബോമുമായി ഫോൺ സംഭാഷണം നടത്തിയതിന് പിന്നാലെയാണ് ട്രംപ് തീരുമാനം മാറ്റിയത്. അനധികൃത കുടിയേറ്റം തടയാൻ മെക്സിക്കൻ അതിർത്തിയിൽ 10,000 സൈനികരെക്കൂടി വിന്യസിക്കാമെന്ന് ക്ലൗഡിയ ട്രംപിന് ഉറപ്പുനൽകി. കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയും ട്രംപുമായി ചർച്ച നടത്തും. കാനഡയ്ക്ക് 25 ശതമാനവും ചൈനയ്ക്ക് 10 ശതമാനവും താരിഫാണ് ട്രംപ് പ്രഖ്യാപിച്ചിട്ടുള്ളത്.
അതേ സമയം, ട്രംപിന്റെ അടുത്ത ലക്ഷ്യം യൂറോപ്യൻ യൂണിയനാണ് (ഇ.യു). ഇ.യുവിൽ നിന്നുള്ള ഇറക്കുമതികൾക്ക് താരിഫ് ഉടൻ ഏർപ്പെടുത്തുമെന്ന് ട്രംപ് ഭീഷണി മുഴക്കി. ‘ഇ.യു, യു.എസിനെ ശരിക്കും മുതലെടുത്തു. അവർ നമ്മുടെ കാറോ ഫാം ഉത്പന്നങ്ങളോ വാങ്ങില്ല. ചുരുക്കത്തിൽ ഒന്നും വാങ്ങുന്നില്ല. എന്നാൽ നമ്മൾ അവരുടെ എല്ലാ ഉത്പന്നങ്ങളും വാങ്ങുന്നു”-ട്രംപ് ആരോപിച്ചു.
താരിഫ് ചുമത്തിയാൽ ശക്തമായ പ്രതികരണമുണ്ടാകുമെന്ന് ഇ.യു പ്രതികരിച്ചു. യൂറോപ്യൻ രാഷ്ട്രീയത്തിൽ ട്രംപിന്റെ അടുത്ത അനുയായിയും ലോകകോടീശ്വരനുമായ ഇലോൺ മസ്ക് നടത്തുന്ന പ്രതികരണങ്ങളും ഇ.യുവിൽ അമർഷമുണ്ടാക്കി. ഇതിനിടെ,ദക്ഷിണാഫ്രിക്കയ്ക്ക് നൽകുന്ന ഭാവി ധനസഹായം വെട്ടിയ്ക്കുറയ്ക്കുമെന്ന് ട്രംപ് പ്രഖ്യാപിച്ചു.
യു.എസ് ഔട്ട്!
അമേരിക്കൻ ഉത്പന്നങ്ങൾ ബഹിഷ്കരിക്കാനും പ്രാദേശിക ഉത്പന്നങ്ങൾ വാങ്ങാനുമുള്ള പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയുടെ ആഹ്വാനം ഏറ്റെടുത്ത് കനേഡിയൻ ജനത. ഷെൽഫുകളിലെ അമേരിക്കൻ സാന്നിദ്ധ്യം നീക്കിത്തുടങ്ങിയ കട ഉടമകൾ തദ്ദേശീയ ഉത്പന്നങ്ങൾക്കായി പ്രചാരണം തുടങ്ങി. ചിലയിടങ്ങളിൽ അമേരിക്കൻ മദ്യം നിരോധിച്ചു. യു.എസിലേക്കുള്ള ട്രിപ്പുകളും ആളുകൾ റദ്ദാക്കുന്നുണ്ട്. കാനഡ യു.എസിലെ 51-ാം സ്റ്റേറ്റാകുമെന്ന ട്രംപിന്റെ ആവർത്തിച്ചുള്ള ആഹ്വാനം ബഹിഷ്കരണത്തിന് ആക്കം കൂട്ടി.
വിലക്കയറ്റമുണ്ടാകും
വ്യാപാര യുദ്ധം യു.എസിന്റെ വളർച്ചയെ മന്ദഗതിയിലാക്കുമെന്നും വിലക്കയറ്റമുണ്ടാകുമെന്നും വിദഗ്ദ്ധർ മുന്നറിയിപ്പ് നൽകി. ട്രംപിന്റെ പ്രഖ്യാപനം ഏഷ്യൻ,യൂറോപ്യൻ സ്റ്റോക്ക് മാർക്കറ്റുകളിൽ ഇടിവുണ്ടാക്കി.
പ്രഹരം ഇന്ന് മുതൽ
യു.എസിൽ, കാനഡയിലും ചൈനയിലും നിന്നുള്ള ഇറക്കുമതിക്ക് താരിഫ് ഇന്ന് മുതൽ (ഇന്ത്യൻ സമയം രാവിലെ 10.30ന്) പ്രാബല്യത്തിൽ വരും
കാനഡ യു.എസിന് തിരിച്ചടിയായി ചുമത്തിയ 25 ശതമാനം താരിഫും ഇന്ന് മുതൽ
താരിഫ് യുദ്ധം ഒഴിവാക്കാൻ ട്രംപും ട്രൂഡോയും ചർച്ച നടത്തും
താരിഫുകളിലൂടെ അമേരിക്കക്കാർക്ക് സാമ്പത്തികമായി കുറച്ച് ‘വേദന” തോന്നിയേക്കാം. എന്നാൽ യു.എസിന്റെ താത്പര്യങ്ങൾ സുരക്ഷിതമാക്കാനുള്ള,അർഹമായ വലിയ വില നേടിത്തരും.
– ഡൊണാൾഡ് ട്രംപ്.
———————
ട്രംപിന്റെ ഉന്നം ചൈന?
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
സാമ്പത്തിക കാരണങ്ങൾക്ക് പുറമേ അനധികൃത കുടിയേറ്റം,ലഹരി മരുന്നായ ഫെന്റാനിൽ ഒഴുക്ക് എന്നിവ തടയാത്തതും കാനഡയ്ക്കും മെക്സിക്കോയ്ക്കുമെതിരെ താരിഫ് ചുമത്താനുള്ള തീരുമാനത്തിന് കാരണമായി യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ചൂണ്ടിക്കാട്ടുന്നു. ഫെന്റാനിൽ കടത്താണ് ചൈനയ്ക്ക് മേലുള്ള താരിഫിന് പിന്നിലും. അതേസമയം,മെക്സിക്കോയിലെ ചൈനീസ് സ്വാധീനം പുറത്തുനിന്ന് നിയന്ത്രിക്കാനുള്ള വിശാലമായ തന്ത്രത്തിന്റെ ഭാഗമായി ട്രംപിന്റെ താരിഫുകളെ ചിലർ വിലയിരുത്തുന്നുണ്ട്.
മെക്സിക്കോയിൽ വളരുന്ന ചൈനീസ് നിക്ഷേപവും മെക്സിക്കൻ കാർട്ടലുകളുടെ ഫെന്റാനിൽ നിർമ്മാണത്തിനുള്ള ചൈനീസ് രാസവസ്തുക്കളുടെ ഒഴുക്കും തടയാനാണത്രെ ട്രംപിന്റെ ശ്രമം.
ലഹരിക്കടത്തിന്റെ വഴികൾ
നിയമപരമായ ഒരു വേദന സംഹാരിയാണ് ഫെന്റാനിൽ. എന്നാൽ, ക്രിമിനൽ സംഘങ്ങൾ ഇത് നിയമവിരുദ്ധമായി നിർമ്മിച്ച് വിൽക്കുന്നു. ഹെറോയിനേക്കാൾ വീര്യമാണിതിന്. 2022ൽ 70,000ത്തിലേറെ അമേരിക്കക്കാർ ഫെന്റാനിൽ ഓവർഡോസ് മൂലം മരിച്ചു. യു.എസിലെ ഫെന്റാനിൽ വ്യാപനവുമായി കാനഡ, മെക്സിക്കോ, ചൈന എന്നിവർ എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു. ?
#ചൈന
ഫെന്റാനിലിന് വേണ്ട കെമിക്കലുകൾ ചൈനയിൽ നിന്ന്. ചൈനീസ് സർക്കാർ ഇത് തടയുന്നില്ലെന്ന് വൈറ്റ് ഹൗസ്. നിയമവിരുദ്ധ ലഹരി വ്യാപാരം ഇല്ലെന്ന് ചൈന
# മെക്സിക്കോ
ഫെന്റാനിലിന്റെ വിതരണം നടത്തുന്നത് മെക്സിക്കൻ ലഹരി സംഘങ്ങൾ. ഇവർക്ക് മെക്സിക്കൻ സർക്കാരുമായി ബന്ധമുണ്ടെന്ന് യു.എസ്. അപവാദമെന്ന് മെക്സിക്കൻ സർക്കാർ
# കാനഡ
മെക്സിക്കൻ ലഹരി സംഘങ്ങൾക്ക് കാനഡയിൽ ഫെന്റാനിൽ ലാബുകൾ ഉണ്ടത്രെ. എന്നാൽ യു.എസിലെത്തുന്ന ഫെന്റാനിലിന്റെ ഒരു ശതമാനത്തിൽ താഴെ മാത്രമാണ് രാജ്യത്ത് നിന്നുള്ളതെന്ന് കാനഡ