കോഴിക്കോട്: റോഡപകടങ്ങൾ തുടർക്കഥയാകുമ്പോൾ പരിശോധന കടുപ്പിച്ച് മോട്ടോർ വാഹന വകുപ്പ്. കഴിഞ്ഞ 15 ദിവസങ്ങളിലായി ജില്ലയിൽ വിവിധ ഇടങ്ങളിൽ നടത്തിയ പരിശോധനകളിൽ കണ്ടെത്തിയത് 3456 നിയമലംഘനങ്ങൾ. 86 ലക്ഷത്തോളം പിഴ ഈടാക്കി.
ഡിസംബർ 15 മുതൽ 31 വരെ പൊലീസും മോട്ടോർ വാഹന വകുപ്പും സംയുക്തമായാണ് വാഹന പരിശോധന നടത്തിയത്. 28 പേരുടെ ലൈസൻസ് സസ്പെൻഡ് ചെയ്യുകയും കൂടുതൽ പരിശീലനം നേടാനായി ഡ്രൈവർമാരെ എടപ്പാളിലുള്ള ട്രെയിനിംഗ് സെന്ററിലേക്ക് അയക്കുകയും ചെയ്തു. അമിത ഭാരം കയറ്റിയ 20 വാഹനങ്ങൾക്കെതിരെ കേസെടുത്തു.
ഹെൽമറ്റ് ധരിക്കാത്ത 1674 പേർക്കെതിരെയും ലൈസൻസ് ഇല്ലാതെ വാഹനമോടിച്ച 251 പേർക്കെതിരെയും ടാക്സ് അടക്കാതെ സർവീസ് നടത്തിയ 151 വാഹനങ്ങൾക്കെതിരെയും പെർമിറ്റ്, ഫിറ്റ്നസ് എന്നിവ ഇല്ലാത്ത 88 വാഹനങ്ങൾക്കെതിരെയും അനധികൃതമായി രൂപമാറ്റം വരുത്തിയ 152 വാഹനങ്ങൾക്കെതിരെയും ഇൻഷ്വറൻസ് ഇല്ലാത്ത 380 വാഹനങ്ങൾക്കെതിരെയും കേസെടുത്തു. സംയുക്ത പരിശോധന ഫലമായി ജില്ലയിൽ അപകടങ്ങൾ ഗണ്യമായി കുറഞ്ഞിട്ടുണ്ടെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. സംയുക്ത പരിശോധന വരും ദിവസങ്ങളിലും തുടരും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]