
മുംബൈ: മുംബൈയിലെ ഫ്ലാറ്റ് സമുച്ചയത്തിന്റെ പതിനാലാം നിലയിൽ നിന്നും ചാടി 19 കാരി ആത്മഹത്യ ചെയ്തു. മുംബൈ അന്ധേരിയിലെ ഫ്ലാറ്റ് സമുച്ചയത്തിൽ ബുധനാഴ്ച രാവിലെയാണ് നടുക്കുന്ന സംഭവം ഉണ്ടായത്. മുംബൈയിലെ താനെ സ്വദേശിയായ വിധി പ്രമോദ് കുമാർ സിംഗാണ് ആത്മഹത്യ ചെയ്തത്. വിലെ പാർലെയിലെ മിതിഭായ് കോളേജിലെ വിദ്യാർഥിയായിരുന്നു വിധി. കഴിഞ്ഞ കുറച്ച് വർഷങ്ങളായി വിധി അന്ധേരിയിലെ മില്ല്യണയർ ഹെറിറ്റേജിൽ പേയിങ് ഗസ്റ്റായി താമസിച്ചു വരികയായിരുന്നു. വിഷാദമാണ് ആത്മഹത്യക്ക് കാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
ഫ്ലാറ്റിലെ സെക്യൂരിറ്റിയാണ് രക്തത്തിൽ കുതിർന്ന വിധിയുടെ മൃതദേഹം ആദ്യം കാണുന്നത്. ഉടനെ സെക്യൂരിറ്റി ഡി എൻ നഗർ പൊലീസ് സ്റ്റേഷനിൽ വിവരമറിയിച്ചു. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിൽ വിധി എഴുതിയ ആത്മഹത്യാകുറിപ്പ് കണ്ടെത്തി. കുറിപ്പിൽ താൻ വിഷാദ രോഗത്തിന് അടിമയാണെന്നും അതിന്റെ ഫലമായി ജീവിതം അവസാനിപ്പിക്കാൻ തീരുമാനിച്ചെന്നും എഴുതിയിട്ടുണ്ടെന്നാണ് റിപ്പോർട്ട്.
എന്നാൽ ആത്മഹത്യയുടെ കൃത്യമായ കാരണം എന്തെന്ന് വ്യക്തമല്ല. സംഭവത്തിൽ പൊലീസ് അപകടമരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സംശയാസ്പദമായി മറ്റൊന്നും ഇതുവരെ കണ്ടെത്തിയിട്ടില്ലെന്നാണ് താനെ നിവാസികളായ വിധിയുടെ മാതാപിതാക്കളോട് പൊലീസ് അറിയിച്ചിട്ടുള്ളത്. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്നും പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാന്‍ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ ‘ദിശ’ ഹെല്പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: 1056, 0471 255 2056).
Last Updated Jan 4, 2024, 7:26 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]