
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ഗാസ- ഹമാസ് ഉന്മൂലനവും ബന്ദി മോചനവും ലക്ഷ്യമിട്ട് ഗാസയിലെത്തിയ ഇസ്രായിൽ സൈന്യം ഫലസ്തീനികളുടെ വീടുകളിൽ നടത്തുന്നത് മനുഷ്യത്വത്തിനെതിരായ കുറ്റകൃത്യങ്ങളെന്ന് റിപ്പോർട്ട്. ഇസ്രായിൽ മാധ്യമങ്ങളുടെ തന്നെ റിപ്പോർട്ടുകൾ പ്രകാരം ഇസ്രായിൽ സൈന്യത്തിലെ മുതിർന്ന ഉദ്യോഗസ്ഥൻ ബോംബ് സ്ഫോടനത്തിൽ തകർന്ന ഫലസ്തീനിയുടെ വീട്ടിൽ കയറി മാതാപിതാക്കൾ കൊല്ലപ്പെട്ട ഫലസ്തീൻ കുഞ്ഞിനെ എടുത്ത് കൊണ്ടു പോയ കാര്യം പറയുന്നുണ്ട്. ഗാസയിൽ കേണൽ റാങ്കിലുള്ള ഇസ്രായിൽ സൈനികൻ കൊല്ലപ്പെട്ടതിനെ തുടർന്ന് പ്രദേശത്തു നടത്തിയ രൂക്ഷമായ ആക്രമണത്തിനു ശേഷമായിരുന്നു സംഭവം.
തട്ടിയെടുക്കപ്പെട്ട കുട്ടിക്ക് എന്തു സംഭവിച്ചുവെന്നതിനെ കുറിച്ച് വിവരമില്ല. ഫലസ്തീൻ വാർത്താ ഏജൻസി പുറത്തു വിട്ട റിപ്പോർട്ടു പ്രകാരം ഗാസയിൽ ഇസ്രായിൽ സൈന്യം നടത്തിയ പരിശോധനക്കിടെ റുശ്ദീ ദാദ എന്ന 25 കാരന്റെ വീട്ടിൽ നിന്ന് ഭാര്യയേയും മക്കളെയും (നാലു വയസുകാരൻ ആൺ കുട്ടിയും ആറു മാസം മാത്രമായ പെൺകുട്ടിയും) പിതാവിനെയും കയ്യും കണ്ണും ബന്ധിച്ച നിലയിൽ തൊട്ടടുത്ത വീട്ടിൽ സമാന സാഹചര്യത്തിൽ ബന്ദികളാക്കി.
രണ്ടാഴ്ചകൾക്കു ശേഷം ദാദയെ സ്വതന്ത്രനാക്കി. രണ്ടര മാസത്തിലേറെയായെങ്കിലും തന്റെ ഭാര്യയെയും മകനെ കുറിച്ചും യാതൊരു വിവരവുമില്ലാതെ അലയുകയാണ് റുശ്ദി ദാദ. 22 കാരിയായ ഭാര്യ ഹദ്ലൂലിന്റെ ഹിജാബ് വലിച്ചു കീറിയ സൈനികർ തോക്കിന്റെ പാത്തികൾ കൊണ്ട് തലകളിൽ പ്രഹരമേൽപിച്ചായിരുന്നു ഇവരെയെല്ലാം തടങ്കൽ സ്ഥലത്തേക്ക് കൊണ്ടു വന്നിരുന്നത്. സമാന നിലയിൽ വെളുത്ത നിറമുള്ള രണ്ടു കുട്ടികളെയുമായി വഴിയിലൂടെ കടന്നു പോയ ഫലസ്തീൻ കുടുംബത്തിൽനിന്ന് ഇവരുടെ പക്കലുള്ള കുട്ടികൾ തട്ടിക്കൊണ്ടു വന്ന ഇസ്രായിൽ കുട്ടികളാകാൻ സാധ്യതയുണ്ടെന്ന് പറഞ്ഞ് സൈന്യം പിടിച്ചു കൊണ്ടു പോകുകയായിരുന്നു. വേറെയും നിരവധി കുടുംബങ്ങൾക്ക് സമാന അനുഭവമുണ്ടായതായി നിരവധി മാതാപിതാക്കൾ സങ്കടത്തോടെ പറയുകയാണ്. മൂന്നു മാസത്തോളമായി ഗാസക്കു നേരെ കര കടൽ വ്യോമ ആക്രമണം തുടരുന്ന ഇസ്രായിൽ സൈന്യം ഗാസയിലെ എൺപതു ശതമാനത്തോളം താമസസ്ഥലങ്ങളും നശിപ്പിച്ചിട്ടുണ്ട്.
22000 ലേറെ പേർ മരണപ്പെട്ടതിൽ സിംഹഭാഗവും സ്ത്രീകളും കുട്ടികളുമാണ്. അരലക്ഷത്തിലേറെ പേർ പരിക്കുകളുമായി അവശ്യ ചികിത്സ ലഭിക്കാതെ നരകിക്കുകയാണ്.
7000 ലേറെ സ്ത്രീകളെയും കുട്ടികളെയുമാണ് ഗാസയിൽ കാണാതായിട്ടുള്ളതെന്നാണ് ഫലസ്തീൻ അതോറിറ്റിയുടെ കണക്ക്. ഇവരിൽ ഭൂരിഭാഗം പേരും തകർന്നടിഞ്ഞ കെട്ടിടങ്ങൾക്കടിയിൽ പെട്ട് മരണപ്പെട്ടിരിക്കാമെങ്കിലും നൂറു കണക്കിനു സ്ത്രീകളെയും കുട്ടികളെയും ഇസ്രായിൽ സൈന്യം തട്ടിയെടുത്തശേഷം എന്തു ചെയ്തുവന്നത് വ്യക്തമല്ല. യുദ്ധത്തിനിടയിൽ ദുരുഹ സാഹചര്യത്തിൽ ഇത്രയധികം പേർ അപ്രത്യക്ഷമാകുന്നത് അന്താരാഷ്ട്ര നിയമ പ്രകാരം യുദ്ധക്കുറ്റവും മനുഷ്യത്വത്തിനെതിരായ കയ്യേറ്റവുമായുമാണ് പരിഗണിക്കപ്പെടുക.