
ദില്ലി: അയോധ്യ രാമക്ഷേത്രം ബോംബ് വച്ച് തകർക്കുമെന്ന് ഭീഷണി മുഴക്കിയ രണ്ടു പേരെ അറസ്റ്റ് ചെയ്തു. ഗോണ്ട സ്വദേശികളായ തഹർ സിംഗ്, ഓം പ്രകാശ് മിശ്ര എന്നിവരാണ് അറസ്റ്റിലായത്. സമൂഹ മാധ്യമത്തിലൂടെയായിരുന്നു ഇവരുടെ ഭീഷണി. യു പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെയും വധിക്കുമെന്ന് സന്ദേശത്തിലുണ്ടായിരുന്നുവെന്ന് പൊലീസ് പറയുന്നു. ജനുവരി 22നാണ് അയോധ്യയിലെ പ്രതിഷ്ഠാ ചടങ്ങുകൾ നടക്കുന്നത്.
അതേസമയം, അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിൽ കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധിക്കും പ്രിയങ്കാ ഗാന്ധിക്കും ക്ഷണമുണ്ടായേക്കില്ലെന്നാണ് റിപ്പോർട്ട്. രാമക്ഷേത്ര തീർഥക്ഷേത്ര ട്രസ്റ്റ് നിശ്ചയിച്ചിട്ടുള്ള മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിൽ ഇരുവർക്കും ക്ഷണം ലഭിക്കാനുള്ള യോഗ്യതയില്ലാത്തതാണ് കാരണമെന്നും ട്രസ്റ്റ് വൃത്തങ്ങളെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു. ജനുവരി 22ന് നടക്കുന്ന ചടങ്ങിലേക്ക് സോണിയാ ഗാന്ധിയെയും പാർട്ടി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗയെയും ക്ഷണിച്ചിട്ടുണ്ട്. കോൺഗ്രസ് പാർലമെന്ററി പാർട്ടി അധ്യക്ഷയെന്ന നിലയിൽ ക്ഷേത്ര നിർമാണ കമ്മിറ്റി ചെയർപേഴ്സൺ നൃപേന്ദ്ര മിശ്രയാണ് സോണിയയെ ക്ഷണിച്ചതെന്ന് വൃത്തങ്ങൾ അറിയിച്ചു.
അയോധ്യ പ്രതിഷ്ഠാദിന ചടങ്ങിലേക്ക് പ്രത്യേക ക്ഷണത്തിൻ്റെ ആവശ്യമില്ലെന്ന് കോൺഗ്രസ് നേതാവ് ദ്വിഗ് വിജയ് സിംഗ് പറഞ്ഞു. ശ്രീരാമൻ ഹൃദയത്തിലുണ്ട്. പഴയ വിഗ്രഹം അയോധ്യയിൽ പ്രതിഷ്ഠിക്കാത്തത് എന്തുകൊണ്ടാണെന്നും ദിഗ് വിജയ് സിംഗ് ചോദിച്ചു. ചടങ്ങിലേക്ക് കോൺഗ്രസ് നേതാക്കൾക്കളെയടക്കം ക്ഷണിച്ചത് വലിയ വിവാദമായിരുന്നു. ഇതിനിടയിലാണ് ദ്വിഗ് വിജയ്സിംഗിന്റെ പരാമർശം. കോൺഗ്രസിന് ക്ഷണം ലഭിച്ച വിവരം ആദ്യം പുറത്തു വിടുന്നത് ദ്വിഗ് വിജയ് സിംഗാണ്. ക്ഷണം സോണിയ ഗാന്ധി സന്തോഷത്തോടെ ക്ഷണം സ്വീകരിച്ചെന്നും സോണിയയോ അല്ലെങ്കിൽ അവർ നിർദ്ദേശിക്കുന്ന സംഘമോ അയോധ്യയിലേക്ക് പോകുമെന്നും ദ്വിഗ് വിജയ്സിംഗ് പറഞ്ഞിരുന്നു.
Last Updated Jan 4, 2024, 10:19 AM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]