
ബെംഗളൂരു: അയോധ്യയിലെ ബാബറി മസ്ജിദ് തകർത്തതിനെ തുടർന്നുണ്ടായ കലാപത്തിൽ പങ്കെടുത്ത 50 കാരനെ കർണാടക പൊലീസ് അറസ്റ്റ് ചെയ്തു. 1992ൽ ബാബറി മസ്ജിദ് തകർത്ത് 30 വർഷത്തിന് ശേഷമാണ് ഹുബ്ബള്ളി ജില്ലയിൽ നിന്ന് 50കാരനായ ശ്രീകാന്ത് പൂജാരിയെ പൊലീസ് അറസ്റ്റ് ചെയ്തത്. അന്ന് പ്രതി പൂജാരിക്ക് 20 വയസ്സായിരുന്നു പ്രായം. അറസ്റ്റിന് പിന്നാലെ സർക്കാറിനെതിരെ ബിജെപി രംഗത്തെത്തി.
കർണാടകയിലെ കോൺഗ്രസ് സർക്കാർ ഹിന്ദു പ്രവർത്തകരെ ഭീകരരാക്കി ചിത്രീകരിക്കുകയാണെന്ന് ബിജെപി ആരോപിച്ചു. ബിജെപി സംസ്ഥാന നേതാക്കളുൾപ്പെട്ടെ ഹുബ്ബള്ളി പൊലീസ് സ്റ്റേഷന് മുന്നിൽ പ്രതിഷേധിച്ചു. രാമക്ഷേത്ര സമരത്തിൽ പങ്കെടുത്ത ഹുബ്ബള്ളിയിലെ രണ്ട് പ്രവർത്തകരെ അറസ്റ്റ് ചെയ്ത് ജയിലിലടച്ചു. അയോധ്യയിലെ ക്ഷേത്രത്തിന്റെ പ്രതിഷ്ഠാ ചടങ്ങിനായി ജനം ആകാംക്ഷയോടെ കാത്തിരിക്കുന്ന സമയത്ത് രാമക്ഷേത്ര സമരത്തിൽ പങ്കെടുത്തതിന് വേട്ടയാടപ്പെടുകയാണെന്ന് മുൻ മന്ത്രി ആർ അശോക ആരോപിച്ചു.
മംഗളൂരു കുക്കർ ബോംബ് പ്രതികളെ കോൺഗ്രസ് സർക്കാർ സംരക്ഷിക്കുകയാണെന്നും അയോധ്യയിൽ രാമക്ഷേത്രം വന്നത് സഹിക്കാനാകാതെ രാമഭക്തരെ അറസ്റ്റ് ചെയ്യുകയാണെന്ന് അശോക ആരോപിച്ചു. രാമക്ഷേത്രത്തിന്റെ ഉദ്ഘാടനത്തിന് ആളുകളെ ക്ഷണിക്കാൻ വിവിധ വീടുകളിലേക്ക് പോകുന്ന രാമഭക്തരെ ഭീഷണിപ്പെടുത്താൻ സർക്കാർ പൊലീസിന് നിർദ്ദേശം നൽകിയിട്ടുണ്ടെന്നും അദ്ദേഹം ആരോപിച്ചു. പൊലീസ് ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്യണമെന്നും ആവശ്യം അംഗീകരിച്ചില്ലെങ്കിൽ സമരം ശക്തമാക്കുമെന്നും ബിജെപി നേതാവ് മുന്നറിയിപ്പ് നൽകി.
മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ കീഴിൽ കർണാടകയിൽ ഔറംഗസേബ്, ടിപ്പു സുൽത്താനെപ്പോലുള്ളവരുടെ ഭരണം തിരിച്ചെത്തിയെന്ന് പ്രതിപക്ഷ ഉപനേതാവ് അരവിന്ദ് ബെല്ലാഡ് പറഞ്ഞു. പൊലീസ് സ്റ്റേഷൻ ഉപരോധിക്കാൻ ശ്രമിച്ച 150 ഓളം പേരെ കസ്റ്റഡിയിലെടുത്തതായി പൊലീസ് കമ്മീഷണർ രേണുക സുകുമാർ പറഞ്ഞു.
Last Updated Jan 3, 2024, 5:44 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]