
ഹൈദരാബാദ്: തെലങ്കാനയിൽ ബിആർഎസിനെ കടപുഴക്കി കോൺഗ്രസ് അധികാരത്തിലേക്ക്. നാല് സംസ്ഥാനങ്ങളിൽ കോൺഗ്രസിന്റെ ഏക പച്ചത്തുരുത്തായ തെലങ്കാനയിൽ 12 ശതമാനത്തോളം വോട്ട് വിഹിതം കൂട്ടിയാണ് കോൺഗ്രസ് 63 സീറ്റുകൾ നേടിയത്. കഴിഞ്ഞ തവണ 88 സീറ്റുകൾ നേടിയ ബിആർഎസ് പകുതിയിൽത്താഴെ സീറ്റുകളിലൊതുങ്ങി. 9 സീറ്റുകൾ നേടിയ ബിജെപിയുടെ മുന്നേറ്റവും വോട്ട് വിഹിതം ഇടിഞ്ഞ എഐഎംഐഎമ്മിന്റെ വീഴ്ചയും തെലങ്കാനയുടെ രാഷ്ട്രീയ ചിത്രം മാറ്റിയെഴുതുന്നതാണ്.
തെലങ്കാനയുടെ ചരിത്രവും ഭൂമിശാസ്ത്രവും മാറ്റിയെഴുതിയ കൽവകുന്തള ചന്ദ്രശേഖർ റാവു. 2018-ൽ മിന്നുന്ന രണ്ടാമൂഴം കൂടി നേടിയതോടെ റാവുവിന് തിരിഞ്ഞ് നോക്കേണ്ടി വരില്ലെന്നായിരുന്നു രാഷ്ട്രീയ നിരീക്ഷകരുടെ ഒരു കണക്കുകൂട്ടൽ. നിയമസഭാ തെരഞ്ഞെടുപ്പിന് ഒരു വർഷം മുമ്പ് ദേശീയ രാഷ്ട്രീയത്തിലേക്ക് ചുവട് വയ്ക്കാൻ തെലങ്കാന രാഷ്ട്രസമിതിയെ ഭാരത് രാഷ്ട്ര സമിതിയെന്ന് പേര് മാറ്റിയ കെസിആറിന്റെ പിങ്ക് കാറിന്റെ ടയർ ഇത്തവണ പഞ്ചറായി. ടയറിലെ കാറ്റൂരി വിട്ടത് ഭരണവിരുദ്ധവികാരം തന്നെ. 90 ശതമാനം എംഎൽഎമാർക്കും വീണ്ടും സീറ്റ് കൊടുത്തും, മണ്ണിലിറങ്ങാതെ ഫാം ഹൗസിലിരിക്കുന്ന മുഖ്യമന്ത്രിയെന്ന ദുഷ്പേര് സമ്പാദിച്ചും കെസിആർ ജനങ്ങളുടെ അമർഷത്തെ വില കുറച്ച് കണ്ടു. മധ്യതെലങ്കാനയിലും തെക്കൻ തെലങ്കാനയിലും കോൺഗ്രസിന്റെ നീല സുനാമി ആഞ്ഞ് വീശി. പിന്നെയും പിടിച്ച് നിന്നത് ഹൈദരാബാദ് നഗരത്തിലാണ്. ഉത്തര തെലങ്കാനയിലെ പിങ്ക് കോട്ടയിൽ ബിജെപിയുണ്ടാക്കിയ മുന്നേറ്റത്തിൽ വിയർത്തു ബിആർഎസ്. എന്നും സുഹൃദ് പാർട്ടിയാണ് എന്ന് കെസിആർ വിശേഷിപ്പിച്ച എഐഎംഐഎമ്മിന്റെ വോട്ട് വിഹിതം പിന്നെയും ഇടിഞ്ഞത് ഓൾഡ് സിറ്റി ഹൈദരാബാദിലെ ഒവൈസി സഹോദരൻമാരുടെ വോട്ട് കോട്ടകളിൽ വിള്ളൽ വീഴുന്നു എന്നതിന്റെ കൃത്യമായ സൂചനയായി.
കോൺഗ്രസിന് കൈ കൊടുത്ത സിപിഐ ജയിച്ചു കയറിയപ്പോൾ സഖ്യത്തിന് വിസമ്മതിച്ച സിപിഎം എങ്ങുമെത്താതെ നിരാശരായി. കർണാടക മാതൃകയിൽ ജനത്തിന് നൽകിയ ആറ് ക്ഷേമവാഗ്ദാനങ്ങൾ ഫലം കണ്ടു. സംഘടനയുടെ കെട്ടുറപ്പ് കാത്ത്, തമ്മിലടികളില്ലാതെ ഹൈക്കമാൻഡ് മുതൽ രേവന്ത് റെഡ്ഡിയുടെ നേതൃത്വത്തിൽ സംസ്ഥാനനേതൃത്വം വരെ ഒറ്റക്കെട്ടായി നിന്നത് നേട്ടമായി. ജനം തോളിലേൽപ്പിച്ച് തന്നത് വലിയൊരു ഉത്തരവാദിത്തമാണെന്നും, വാഗ്ദാനങ്ങൾ നിറവേറ്റുമെന്നും വിജയശേഷം രേവന്ത് റെഡ്ഡി പറഞ്ഞു.
ഇനി സർക്കാർ രൂപീകരണത്തിലേക്ക് കോൺഗ്രസ് കടക്കുകയാണ്. ഡി കെ ശിവകുമാറിന്റെ നേതൃത്വത്തിൽ എംഎൽഎമാരെ പഞ്ചനക്ഷത്രഹോട്ടലിലേക്ക് മാറ്റിക്കഴിഞ്ഞു. തെലങ്കാനയുടെ അമ്മ എന്ന് കോൺഗ്രസ് വിളിക്കുന്ന സോണിയാ ഗാന്ധിയുടെ ജന്മദിനത്തിലാകും പുതിയ സർക്കാർ സത്യപ്രതിജ്ഞ ചെയ്യുന്നത്.
Last Updated Dec 3, 2023, 6:33 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]