
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കൊച്ചി-പോലീസ് എന്ന വ്യാജേന കൊച്ചിയിലെ ഹോസ്റ്റലില്‍ അതിക്രമിച്ച് കയറി കവര്‍ച്ച നടത്തിയ ശേഷം മുങ്ങിയ നാലംഗ സംഘം പിടിയില്‍. നിയമവിദ്യാര്‍ത്ഥിയായ യുവതിയും സുഹൃത്തുക്കളുമാണ് പിടിയിലായത്. കവര്‍ച്ചയ്ക്ക് ശേഷം ഒളിവില്‍ പോയ പ്രതികളെ പൊലീസ് സംഘം സാഹസികമായി വാഹനത്തെ പിന്തുടര്ന്നു പിടികൂടുകയായിരുന്നു.
എറണാകുളം പോണേക്കര സ്വദേശി സെജിന്‍ പയസ് (21), ചേര്‍ത്തല പാണാവള്ളി തൃച്ചാറ്റുകുളം ഖൈസ് മജീദ് (35), ഇടുക്കി രാജാക്കാട് ആനപ്പാറ സ്വദേശി ജയ്സണ്‍ ഫ്രാന്‍സിസ്(39), ആലുവ തൈക്കാട്ടുകര ഡിഡി ഗ്ലോബല്‍ മനു മധു (30) എന്നിവരാണ് അറസ്റ്റിലായത്.
കഴിഞ്ഞ മാസം 15ന് രാത്രി 12 നാണ് നാലംഗ സംഘം ഹോസ്റ്റലില്‍ കയറിയത്. മുല്ലയ്ക്കല് റോഡിലെ ഹോസ്റ്റലിലാണ് ഇവര്‍ മാരകായുധങ്ങളുമായി കയറിയത്. വധഭീഷണി മുഴക്കിയ സംഘം അഞ്ച് മൊബൈല്‍ ഫോണുകളും സ്വര്‍ണമാല, മോതിരം തുടങ്ങിയവയും കവരുകയായിരുന്നു. ഹോസ്റ്റലിലെ താമസക്കാരുടെ അകന്ന കൂട്ടുകാരന് വഴി സെജിനാണ് ആദ്യം എത്തിയത്. തുടര്‍ന്ന് ഇയാളെ പിടിക്കാന്‍ എത്തിയെന്ന വ്യാജേന ജയ്സണും ഖൈസും അതിക്രമിച്ചു കയറി മൊബൈലുകളും സ്വര്‍ണാഭരണങ്ങളും കവരുകയായിരുന്നു. പ്രതികള്‍ വന്ന കാറിനുള്ളിലെ സ്ത്രീയെ നിരീക്ഷണത്തിന് ഏല്പിച്ചായിരുന്നു കവര്‍ച്ചയും കയ്യേറ്റവും. ഊട്ടി, വയനാട് എന്നിവിടങ്ങളില്‍ ഒളിവില്‍ കഴിഞ്ഞ പ്രതികള്‍ തൃശൂരില്‍ എത്തിയതായി പോലീസിന് വിവരം ലഭിച്ചതിനു പിന്നാലെയാണ് അറസ്റ്റ്. ഇരിങ്ങാലക്കുട ടൗണില്‍ വച്ച് വാഹനം തടയുകയും കടന്നുകളയാന്‍ ശ്രമിച്ച പ്രതികളെ ഓടിച്ചിട്ട് പിടിക്കുകയായിരുന്നു.