
ചെന്നൈ: ബംഗാൾ ഉൾക്കടലിൽ മിഷോങ് ചുഴലിക്കാറ്റ് രൂപപ്പെട്ടതായി കേന്ദ്ര കാലാവസ്ഥാ മന്ത്രാലയം. ആന്ധ്രാപ്രദേശ്, തമിഴ്നാട്, പുതുച്ചേരി തീരങ്ങളില്‍ ചുഴലിക്കാറ്റിന്റെ രണ്ടാംഘട്ട മുന്നറിയിപ്പായ ഓറഞ്ച് മെസേജ് പുറപ്പെടുവിച്ചു. ശക്തമായ മഴ തുടരുന്ന പശ്ചാത്തലത്തില്‍ കനത്ത ജാഗ്രയിലാണ് തമിഴ്നാട്, പുതുച്ചേരി, ആന്ധ്രാ തീരങ്ങള്‍.
തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലില്‍ രൂപംകൊണ്ട അതിതീവ്ര ന്യൂനമർദ്ദം ചുഴലിക്കാറ്റായി ശക്തി പ്രാപിക്കുകയായിരുന്നു. മ്യാന്മാർ നിർദ്ദേശിച്ച മിഷോങ് എന്ന പേരിലാണ് ചുഴലിക്കാറ്റ് അറിയപ്പെടുന്നത്. തിങ്കളാഴ്ച രാവിലെയോടെ തെക്കൻ ആന്ധ്രാപ്രദേശ്/വടക്കൻ തമിഴ്നാട് തീരത്തിന് സമീപം എത്തിച്ചേരുന്ന ചുഴലിക്കാറ്റ് തുടർന്ന് വടക്ക് ദിശയിലേക്ക് മാറി തെക്കൻ ആന്ധ്രാ തീരത്തിന് സാമാന്തരമായി സഞ്ചരിച്ചു ഡിസംബർ 5ന് രാവിലെയോടെ നെല്ലൂരിനും മച്ചിലിപട്ടണത്തിനും ഇടയിൽ മണിക്കൂറിൽ പരമാവധി 100 കിലോമീറ്റർ വരെ വേഗതയിൽ കരയിൽ പ്രവേശിക്കാൻ സാധ്യത എന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കുന്നത്. മിഷോങ് ചുഴലിക്കാറ്റില്‍ കേരളത്തിൽ നേരിട്ട് ഭീഷണിയില്ല. അതേസമയം സംസ്ഥാനത്ത് ഇന്നും വരും ദിവസങ്ങളിലും മഴ തുടരും.
മിഷോങ് ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ തമിഴ്നാടിന്റെ വടക്കന്‍ തീരദേശ ജില്ലകളിലും ആന്ധ്രാപ്രദേശ് തീരത്തും അതിശക്തമായ മഴയാണ് പ്രവചിച്ചിരിക്കുന്നത്. ചെന്നൈയിലും കാഞ്ചീപുരത്തും ചെങ്കല്‍പട്ടിലും തിരുവള്ളൂര്‍ ജില്ലയിലും അതിശക്തമായ മഴയാണ് പ്രവചിച്ചിരിക്കുന്നത്. ചുഴലിക്കാറ്റ് മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ സതേണ്‍ സെന്‍ട്രല്‍ റെയില്‍വേ 155 ട്രെയിനുകള്‍ റദ്ദാക്കിയിട്ടുണ്ട്. ഇവയില്‍ 118 എണ്ണം വിദൂര ട്രെയിനുകളാണ്. ഡിസംബര്‍ 3 മുതല്‍ 7 വരെ തിയതികളിലാണ് ട്രെയിനുകള്‍ റദ്ദാക്കിയിരിക്കുന്നത്. തമിഴ്നാട്ടിലും പുതുച്ചേരിയിലും ആന്ധ്രാപ്രദേശിലും ദേശീയ ദുരന്ത നിവാരണ അതോറിറ്റിയുടെയും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടേയും സംഘങ്ങളെ വിന്യസിച്ചിട്ടുണ്ട്.
Last Updated Dec 3, 2023, 10:25 AM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]