കോഴിക്കോട്: പാണക്കാട് സാദിഖലി തങ്ങൾക്കെതിരെ വിമർശനവുമായി രംഗത്തെത്തിയ സമസ്ത സെക്രട്ടറി ഉമർ ഫൈസി മുക്കത്തിനെതിരെ യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ ഫിറോസ്. ഉമർ ഫൈസി മുക്കത്തിനെതിരെ നടപടി വേണമെന്ന ആവശ്യത്തിൽ വിട്ടു വീഴ്ചയില്ലെന്നും ഉമർ ഫൈസിയുടെ നീക്കങ്ങൾക്ക് പിന്നിൽ രാഷ്ട്രീയ ദുഷ്ട ലാക്കുണ്ടെന്നും ഫികെ ഫിറോസ് പറഞ്ഞു. ഇത് വരെയും ഉമർ ഫൈസിക്കെതിരെ നടപടി എടുക്കാൻ സമസ്ത നേതൃത്വം തയ്യാറായിട്ടില്ലെന്ന് ഫിറോസ് കുറ്റപ്പെടുത്തി.
തങ്ങളെ വിമർശിച്ചതിൽ ഉമർ ഫൈസിക്ക് ഭൗതിക നേട്ടങ്ങൾ ഉണ്ടാകാം. തങ്ങളെ അല്ല ഉമർ ഫൈസി ഉദ്ദേശിച്ചതെന്ന വാദം അംഗീകരിക്കാൻ കഴിയില്ല. ജിഫ്രി തങ്ങളെ വിമർശിച്ച പ്രവർത്തകനെതിരെ ലീഗ് നടപടി എടുത്തിരുന്നു. തിരിച്ചും ആ മാന്യത കാട്ടുമെന്നാണ് പ്രതീക്ഷയെന്നും ഫിറോസ് വ്യക്തമാക്കി. തനിക്ക് ഖാസി ആകണമെന്ന് ചിലർ, രാഷ്ട്രീയത്തിന്റെ പേരിൽ ഖാസി ആക്കാനും ചിലർ, ഇതിന് സമസ്തയിൽ നിന്ന് ചിലർ പിന്തുണയും നൽകുന്നു എന്നായിരുന്നു പാണക്കാട് സാദിഖലി തങ്ങൾക്കെതിരെ ഉമർ ഫൈസി മുക്കത്തിന്റെ പരോക്ഷ വിമർശനം.
തങ്ങൾക്കെതിരെയുള്ള പരാമര്ശം സമുദായത്തിൽ സ്പർദ്ധ ഉണ്ടാക്കാനുള്ള നീക്കമാണെന്നായിരുന്നു ലീഗിന്റെ പ്രതികരണം. ഐക്യം തകർത്ത് മതസ്പർധ വളർത്താനാണ് ശ്രമം നടക്കുന്നതെന്ന് മുസ്ലീം ലീഗ് കുറ്റപ്പെടുത്തി. വിവാദം കൊഴുത്തതോടെ സമസ്തയും മുസ്ലിം ലീഗും തമ്മിലുള്ള തർക്കം പരസ്യമായ ഏറ്റുമുട്ടലിലേക്കെത്തി. സാദിഖലി തങ്ങളുടെ പാണ്ഡിത്യം ചോദ്യം ചെയ്ത സമസ്ത സെക്രട്ടറി ഉമർ ഫൈസി മുക്കത്തിനെ പരസ്യമായി വെല്ലുവിളിച്ച് സമസ്തയിലെ ഒരു വിഭാഗവും രംഗത്തെത്തി. ഇതിനായി സമസ്ത കോർഡിനേഷൻ കമ്മിറ്റി പൊതുയോഗങ്ങളും വിളിച്ചിരുന്നു. ഉമർ ഫൈസി മുക്കത്തെ പണ്ഡിതസഭയായ മുശാവറയിൽ നിന്ന് പുറത്താക്കണമെന്ന് ഒരു വിഭാഗം സമസ്ത നേതാക്കൾ പ്രമേയവും പാസാക്കി.
Read More : തെക്കൻ കേരളത്തിന് സമീപം ചക്രവാതച്ചുഴി, ഇടിമിന്നലോടെ മഴ; 10 ജില്ലകളിൽ യെല്ലോ, വയനാട്ടിൽ പ്രത്യേക ജാഗ്രത വേണം
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]