.news-body p a {width: auto;float: none;}
ന്യൂയോർക്ക്: ഇന്ന് ലോക ജെല്ലിഫിഷ് ദിനം. മനുഷ്യന് മുമ്പ് കോടിക്കണക്കിന് വർഷങ്ങൾക്ക് മുന്നേ ഭൂമിയിൽ പ്രത്യക്ഷപ്പെട്ടവയാണ് ജെല്ലിഫിഷുകൾ. എല്ലുകളോ ഹൃദയമോ തലച്ചോറോ ജെല്ലിഫിഷിനില്ല. ഒരു കേന്ദ്ര നാഡീവ്യൂഹം മാത്രമാണുള്ളത്. ചില ജെല്ലിഫിഷ് സ്പീഷീസുകൾ ഇരുട്ടിൽ തിളങ്ങും. മിന്നാമിനുങ്ങിലും മറ്റും കാണപ്പെടുന്ന ‘ബയോലൂമിനസെൻസ് ‘ അഥവാ ‘ ജൈവദീപ്തി ‘ എന്ന പ്രത്യേകതയാണ് കാരണം.
2,000 ജെല്ലിഫിഷ് സ്പീഷീസുകളെ കണ്ടെത്തിയിട്ടുണ്ട്. എന്നാൽ തിരിച്ചറിയപ്പെടാത്ത 3,00,000 ജെല്ലിഫിഷ് സ്പീഷീസുകൾ ലോകത്തുണ്ടാകാമെന്ന് ഗവേഷകർ കരുതുന്നു. മനുഷ്യന് അറിവുള്ള 2,000 സ്പീഷീസുകളിൽ 70 എണ്ണം മാത്രമാണ് മനുഷ്യന് ഹാനികരം. ബോക്സ് ജെല്ലിഫിഷ് ഇക്കൂട്ടത്തിൽപ്പെടുന്നു. ഇവയുടെ വിഷം മനുഷ്യശരീരത്തിലെത്തി സെക്കന്റുകൾക്കുള്ളിൽ ശരീരം തളരുന്നതിനോ ഹൃദയാഘാതത്തിനോ അല്ലെങ്കിൽ മരണത്തിനോ കാരണമാകും.
ലോകത്തെ ഏറ്റവും വലിയ സസ്തനിയായ തിമിംഗലത്തേക്കാൾ നീളമുള്ള ജെല്ലിഫിഷുമുണ്ട്. ! ‘ ലയൺസ് മെയ്ൻ ജെല്ലിഫിഷ് ‘ എന്നാണ് ഈ ഭീമൻമാരുടെ പേര്. ജയന്റ് ജെല്ലിഫിഷ്, ഹെയർ ജെല്ലിഫിഷ് എന്നിങ്ങനെയും അറിയപ്പെടുന്ന ഇവ കണ്ടെത്തിയിട്ടുള്ളതിൽ വച്ച് ഏറ്റവും വലിയ ജെല്ലിഫിഷ് സ്പീഷീസാണ്. ആർട്ടിക്, നോർത്ത് അറ്റ്ലാന്റിക്, നോർത്ത് പസഫിക് സമുദ്ര ഭാഗങ്ങളിലേയും ഐറിഷ് കടൽ, കിഴക്കൻ സ്കാൻഡിനേവിയൻ കടൽ എന്നിവിടങ്ങളിലേയും തണുത്ത ജലത്തിൽ കാണപ്പെടുന്ന ഇവയ്ക്ക് സാധാരണ 30 മീറ്ററിലേറെ നീളം വയ്ക്കും.
കുടയുടെ ആകൃതിയിലുള്ള ഇവയുടെ മേൽഭാഗത്തിന് (ബെൽ) 50 സെന്റീമീറ്റർ മുതൽ 2 മീറ്റർ (6 അടി 7 ഇഞ്ച് ) വരെ വ്യാസം ഉണ്ടാകും. ഈ ഭാഗത്ത് 8 ലോബുകളുണ്ട്. എല്ലാ ലോബുകളിലും 70 മുതൽ 150 വരെ ടെന്റക്കിളുകൾ അഥവാ സ്പർശിനികൾ കാണുന്നു. ജെല്ലിഫിഷുകൾക്ക് ഇര പിടിക്കാനും സഞ്ചാരത്തിനും സഹായിക്കുന്നവയാണ് ടെന്റക്കിളുകൾ. ഈ ഭീമൻ ജെല്ലിഫിഷുകളുടെ ടെന്റക്കിളുകൾക്ക് 30 മീറ്ററിലേറെ (100 അടി) നീളം വയ്ക്കാറുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
1870 ൽ യു.എസിലെ മസാച്യുസെറ്റ്സിൽ നിന്ന് ലഭിച്ച ലയൺസ് മെയ്ൻ ജെല്ലിഫിഷാണ് കണ്ടെത്തിയിട്ടുള്ളതിൽ വച്ച് ഏറ്റവും വലുത്. 120 അടി (37 മീറ്റർ) ആയിരുന്നു അതിന്റെ ടെന്റക്കിളിന്റെ മാത്രം നീളം. മേൽഭാഗത്തിന്റെ വ്യാസം 2.3 മീറ്റർ ( 7അടി 6 ഇഞ്ച് ). മനുഷ്യനെ ആക്രമിക്കുമെങ്കിലും കൊടും വിഷമുള്ളവയല്ല ഇത്.